'നിനക്ക് മനസിലാകില്ല, എന്‍റൊപ്പം വിയർപ്പൊഴുക്കിയ കുറേപ്പേരുണ്ട്'; അശ്വന്ത് കോക്കിന് മറുപടിയുമായി തങ്കമണി ആര്‍ട് ഡയറക്ടര്‍
|കൂതറ വർക്ക്, തക്കാളിപ്പെട്ടിയും തെർമോക്കോളും അടുക്കി വെച്ചാൽ സെറ്റ് ആവില്ലെന്നായിരുന്നു കോക്കിന്‍റെ വിമര്‍ശനം
ദിലീപ് നായകനായ 'തങ്കമണി' എന്ന സിനിമയുടെ ആര്‍ട്ട് വര്‍ക്കിന് പരിഹസിച്ച യുട്യൂബര്‍ അശ്വന്ത് കോക്കിന് മറുപടിയുമായി ചിത്രത്തിന്‍റെ ആര്‍ട് ഡയറക്ടര്‍ മനു ജഗത്ത്. വിമർശനം ഒരു തൊഴിലാക്കി ആരെയും എന്തിനെയും ഏതു രീതിയിലും വിമര്‍ശിക്കാമെന്ന് കരുതരുതെന്ന് മനു ഫേസ്ബുക്കില്‍ കുറിച്ചു. കൂതറ വർക്ക്, തക്കാളിപ്പെട്ടിയും തെർമോക്കോളും അടുക്കി വെച്ചാൽ സെറ്റ് ആവില്ലെന്നായിരുന്നു കോക്കിന്‍റെ വിമര്‍ശനം.
മനു ജഗത്തിന്‍റെ കുറിപ്പ്
തങ്കമണി എന്ന സിനിമയ്ക്കുവേണ്ടി ഞാനും എന്‍റെ സഹപ്രവർത്തകരും കൂടിഎനിക്കനുവദിച്ചു കിട്ടിയ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ മാക്സിമം ചെലവ് കുറച്ചു ചെയ്ത തങ്കമണി എന്ന ടൗൺ ഷിപ്പ്.ചെയ്യുന്ന തൊഴിലിനോട് കഴിയുന്നതും നീതി പുലർത്താൻ ശ്രമിക്കാറുണ്ട്. സമയവും സാമ്പത്തികവും കാലാവസ്ഥയും പ്രതികൂലമാവുന്ന സാഹചര്യത്തിലും പെർഫെക്ഷന് പ്രാധാന്യം കൊടുത്തുതന്നെയാണ് ചെയ്യാറ്. കാലഘട്ടം കൂടി അടയാളപ്പെടുത്തേണ്ട നിർമിതി ആയതുകൊണ്ട് തെറ്റുകൾ വരാം..അത് ചൂണ്ടിക്കാണിക്കുന്നതും നല്ല കാര്യമാണ് സ്വീകാര്യവും ആണ്..
എന്നുവെച്ച് വിമർശനം ഒരു തൊഴിലാക്കി ആരെയും എന്തിനെയും ഏതു രീതിയിലും ഉണ്ടാക്കാം എന്നാവരുത്. ഇതൊക്കെ കൂതറ വർക്ക് ആണെന്നും കുറെ തക്കാളിപ്പെട്ടിയും, തെർമോക്കോളും അടുക്കി വെച്ചാൽ സെറ്റ് ആവില്ലെന്നും പറയുന്ന കേട്ടു.. കുറെ വർഷത്തെ കഠിനാധ്വാനം ആണ് ഇന്നീ നിലയിൽ നില്കാൻ പറ്റുന്നത്.അങ്ങനെ നീ പറയുമ്പോഴേക്കും അനുവദിക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ട്. നിനക്ക് മനസ്സിലാകില്ല. എന്റൊപ്പം വിയർപ്പൊഴുക്കിയ കുറേപ്പേരുണ്ട്..അവരുടെയൊക്കെ വിഷമം കണ്ടില്ലെന്നു വെയ്ക്കാൻ പറ്റില്ല..