വള്ളുവനാടൻ ഭാഷാ ആധിപത്യത്തിലും മാപ്പിള ഭാഷയിൽ നിറഞ്ഞാടിയ മലയാള സിനിമയുടെ സ്വന്തം ഗഫൂർക്ക
|'ചെറിയ ലോകവും വലിയ മനുഷ്യരും' സിനിമയിലെ അസ്സലാമു അലൈക്കും പറയുന്ന മേൽശാന്തിയാണ് മറ്റൊരു അനശ്വര കോമഡി കഥാപാത്രം.
മലയാള സിനിമയുടേത് വള്ളുവനാടൻ ഭാഷ മാത്രമായിരുന്ന കാലത്ത് സ്വന്തം മലബാർ മാപ്പിള ഭാഷയിൽ നിറഞ്ഞാടി ചിരിയുടെ പെരുന്നാളുകൾ തീർത്ത അതുല്യ നടനായിരുന്നു മാമുക്കോയ. മാപ്പിള കഥാപാത്രങ്ങളായാലും മറ്റ് വേഷങ്ങളായാലും സ്വന്തം നാടായ കോഴിക്കോടൻ ശൈലിയിൽ മാത്രമായിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത്.
മുസ്ലിയാരായാലും നമ്പൂതിരിയായാലും നായരായാലും മേൽശാന്തിയായാലും രാഷ്ട്രീക്കാരനായാലും മാപ്പിള ഭാഷ വിട്ടൊരു കളിയുണ്ടായിരുന്നില്ല മാമുക്കോയയ്ക്ക്. അഭ്രപാളിയിലെ പകർന്നാട്ടത്തിന്റെ തുടക്കകാലം മുതൽ ഏറ്റവും ഒടുവിൽ അഭിനയിച്ച സുലൈഖ മൻസിലിൽ വരെ ആ ശൈലിയിൽ അദ്ദേഹം നിറഞ്ഞാടി. ഓരോ സിനിമയിലും മലയാളികളുടെ മനസിൽ ഓർമിക്കാൻ നിരവധി മുഹൂർത്തങ്ങൾ സമ്മാനിച്ചു അദ്ദേഹം.
എക്കാലവും പ്രേക്ഷകരിൽ പൊട്ടിച്ചിരി പടർത്തുന്ന നിരവധി മാപ്പിള കഥാപാത്രങ്ങളാണ് അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. ബാലെയെ മാപ്പിളപ്പാട്ടാക്കിയ മാമുക്കോയൻ വിദ്യ ആവർത്തിച്ചു കാണാത്തവർ കുറവായിരിക്കും. ചായക്കടക്കാരൻ അബ്ദു നാടകത്തിൽ മഹർഷിയായപ്പോൾ പറയുന്ന ഡയലോഗിന്റെ ശൈലിയായിരുന്നു മലയാളികളെ കുടുകുടെ ചിരിപ്പിച്ചത്. ദിലീപ് നായകനായ മാന്ത്രിക മോതിരത്തിലായിരുന്നു ഈ സീൻ.
ഇതിലെ ഡയലോഗുകളും കോവിഡ് കാലത്ത് മലയാളികൾ ആവർത്തിച്ചുകണ്ട തഗ്ഗുകളുടെ സുൽത്താൻ സീരിസിൽ ഒന്നായിരുന്നു. 'പടച്ചോനെ വണ്ട് ന്ന് വച്ചാ എജ്ജാതി വണ്ട്, അത് രണ്ട് മൂന്നൊറ്റയാണോ, പത്ത് നാല്‍പ്പത് വണ്ട് കൂടിയിട്ടല്ലേ ഈ പെണ്ണിനെ പീഡിപ്പിക്കുന്നത്' എന്നായിരുന്നു അത്. അബ്ദുവിന്റെ ഡയലോഗ് കേട്ട്, ദിലീപിന്റെ കഥാപാത്രമായ കുമാരന് ഇങ്ങനെ പറയുന്നു- ''അബ്ദുക്ക നിങ്ങളിതില്‍ മഹര്‍ഷിയാ, അല്ലാതെ മുസ്ലിയാരല്ല, മാപ്പിള ഭാഷ പറഞ്ഞ് നാടകം കൊളമാക്കരുത് ട്ടോ'.
അപ്പോള്‍ അബ്ദുവിന്റെ മറുപടിയിങ്ങനെ- 'കുമാരാ നിനക്ക് ഈയിടെയായി അല്‍പ്പം വര്‍ഗീയത കൂടുന്നുണ്ട്. എടോ കലാകാരന്മാര് തമ്മില്‍ വര്‍ഗീതയ പാടില്ല. മലബാറില്‍ ഏത് മഹര്‍ഷി ജനിച്ചാലും ഇങ്ങനേ പറയുള്ളൂ. അതുകൊണ്ടല്ലേ ഈ അബ്ദുക്ക പച്ചമലയാളത്തില്‍ പറഞ്ഞത് എനിക്ക് സന്യാസീം മഹര്‍ഷീം വേണ്ട, ദുഷ്യന്തന് ആയിക്കോളാന്ന്'. ഇതൊരു ഉദാഹരണം മാത്രമാണ്. എണ്ണിയാലൊടുങ്ങില്ല അത്രമേല്‍ പ്രേക്ഷകരെ ചിരിപ്പിച്ച മാമുക്കോയയുടെ ഡയലോഗുകള്‍ക്ക് കൈയും കണക്കുമില്ല.
'ചെറിയ ലോകവും വലിയ മനുഷ്യരും' സിനിമയിലെ അസ്സലാമു അലൈക്കും പറയുന്ന മേൽശാന്തിയാണ് മറ്റൊരു അനശ്വര കോമഡി കഥാപാത്രം. പിറന്ന മണ്ണിന്റെ ഭാഷ അതുപോലെ വെള്ളിത്തിരയിൽ പറഞ്ഞ് കുടുകുടെ ചിരിപ്പിച്ച് കൈയടി വാങ്ങുകയായിരുന്നു മാമുക്കോയ. ഈ ഉരുളയ്ക്കുപ്പേരി പോലുള്ള ഡയലോഗുകൾ പലതും തിരക്കഥയിൽ ഉള്ളതായിരുന്നില്ല, മറിച്ച് താൻ കൈയിൽ നിന്നും ഇട്ടതായിരുന്നു എന്ന് മാമുക്കോയ പറഞ്ഞിട്ടുണ്ട്.
നാടോടിക്കാറ്റിൽ ദാസനെയും വിജയനെയും പറ്റിക്കുന്ന ഗഫൂർ കാ ദോസ്ത്, വടക്കുനോക്കിയന്ത്രത്തിലെ ദുബായ്ക്കാരൻ ഫോട്ടോഗ്രാഫർ, പ്രാദേശിക വാർത്തകളിലെ പ്രോജക്ടർ ഓപ്പറേറ്റർ ജബ്ബാർ, റാംജിറാവു സ്പീക്കിങ്ങിലെ ഹംസക്കോയ, ചന്ദ്രലേഖയിലെ നൂറിന്റെ മാമ, മഴവില്‍ക്കാവടിയിലെ കുഞ്ഞിഖാദര്‍, വരവേല്‍പ്പിലെ ഹംസ, ഹിസ് ഹൈനസ് അബ്ദുല്ലയിലെ ജമാല്‍, കൗതുക വാര്‍ത്തകളിലെ അഹമ്മദ് കുട്ടി,
പട്ടാളത്തിലെ ഹംസ, പെരുമഴക്കാലത്തിലെ അബ്ദു, ബ്യാരി എന്ന ചിത്രത്തിലെ കഥാപാത്രം, ഉസ്ദാത് ഹോട്ടലിലെ ഉമ്മര്‍, കെ.എല്‍ 10 പത്തിലെ ഹംസക്കുട്ടി, ആട് 2 ലെ ഇരുമ്പ് അബ്ദുല്ല, മരയ്ക്കാര്‍ അറബിക്കടലിലെ സിംഹത്തിലെ അബൂബക്കര്‍ ഹാജി, കുരുതിയിലെ മൂസാ ഖാലിദ് അങ്ങനെ മാമുക്കോയ ജീവിച്ചഭിനയിച്ച മാപ്പിള കഥാപാത്രങ്ങൾ നിരവധിയാണ്.
ഇതു കൂടാതെ, സന്ദേശത്തിലെ കെ.ജി പൊതുവാള്, വെട്ടത്തിലെ ഹംസക്കോയ/ രാമന് കര്‍ത്താ, കണ്‍കെട്ടിലെ ഗുണ്ട കീലേരി അച്ചു, ഡോക്ടര്‍ പശുപതിയിലെ വേലായുധന് കുട്ടി, തലയണമന്ത്രത്തിലെ കുഞ്ഞനന്തന് മേസ്തിരി, നരേന്ദ്രന് മകന് ജയകാന്തനിലെ സമ്പീശന്‍, കളിക്കളത്തിലെ പൊലീസുകാരന്, മേഘത്തിലെ കുറുപ്പ്, മനസ്സിനക്കരയിലെ ബ്രോക്കര്‍, മിന്നല്‍ മുരളിയിലെ ഡോക്ടര്‍ നാരായണന് തുടങ്ങിയവയെല്ലാം ശ്രദ്ധേയ കഥാപാത്രങ്ങളാണ്. 2001ല്‍ സുനില്‍ സംവിധാനം ചെയ്ത കോരപ്പന് ദ ഗ്രേറ്റ്, ഇ.എം അഷ്റഫിന്റെ സംവിധാനത്തില്‍ 2023ല്‍ പുറത്തിറങ്ങിയ ഉരു എന്നീ ചിത്രങ്ങളില്‍ നായകനായി.
മലയാളത്തിന് പുറമേ അരങ്ങേട്ര വേലൈ, കാസ്, കോബ്ര തുടങ്ങിയ തമിഴ് ചിത്രങ്ങളിലും മാമുക്കോയ അഭിനയിച്ചിട്ടുണ്ട്. മാമുക്കോയയ്ക്ക് മാത്രം വേഷമിടാൻ കഴിയുന്ന കഥാപാത്രങ്ങളായിരുന്നു ഇവയെല്ലാം. ഒരേയൊരു മാമുക്കോയ വിടപറയുമ്പോൾ മലയാള സിനമയ്ക്ക് അന്യമാകുന്നത് മലയാളി മനസിനോട് ചേർന്ന് നിൽക്കുന്ന ഇത്തരം അസാമാന്യ കഥാപാത്രങ്ങളാണ്.