മറാത്തി നടി ഈശ്വരി ദേശ്പാണ്ഡെയും സുഹൃത്തും വാഹനാപകടത്തിൽ മരിച്ചു
|ബർദെസ് താലൂക്കിലെ ഹാഡ്ഫേഡ് ഗ്രാമത്തിന് സമീപം പുലര്‍ച്ചെ 5.30ഓടെയാണ് കാര്‍ അപകടത്തില്‍ പെട്ടത്
പ്രശസ്ത മറാത്തി നടി ഈശ്വരി ദേശ്പാണ്ഡെ(25) വാഹനാപകടത്തില്‍ മരിച്ചു. ചൊവ്വാഴ്ച ഗോവയില്‍ വച്ചുണ്ടായ അപകടത്തില്‍ ഇവരുടെ സുഹൃത്ത് ശുഭം ഡാഡ്ഗെയും കൊല്ലപ്പെട്ടു.
ബർദെസ് താലൂക്കിലെ ഹാഡ്ഫേഡ് ഗ്രാമത്തിന് സമീപം പുലര്‍ച്ചെ 5.30ഓടെയാണ് കാര്‍ അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിയുകയായിരുന്നു. കാര്‍ സെന്‍ട്രല്‍ ലോക്കായിരുന്നതിനാല്‍ അപകടം നടന്നപ്പോള്‍ ഇരുവര്‍ക്കും പുറത്തേക്കു കടക്കാന്‍ സാധിച്ചില്ല.ശുഭം ഡാഡ്ഗെ ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്. ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് ഗോവ പൊലീസ് പറഞ്ഞു. നിയന്ത്രണം വിട്ട കാര്‍ ഇടുങ്ങിയ റോഡിലൂടെ കടന്ന് ചെറിയ തോട്ടിലേക്ക് മറിയുകയായിരുന്നു. രാവിലെ ഏഴു മണിയോടെയാണ് അഗ്നിശമസേനക്ക് വിവരം ലഭിക്കുന്നത്. ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.
അടുത്ത മാസമായിരുന്നു ഇവരുടെ വിവാഹ നിശ്ചയം തീരുമാനിച്ചിരുന്നത്. സെപ്തംബര്‍ 15നായിരുന്നു ഇവര്‍ ഗോവയിലെത്തിയത്. സുനിൽ ചൗത്ത്മാലിന്‍റെ പ്രേമാചെ സൈഡ് ഇഫക്ട്സ് എന്ന ചിത്രത്തിലൂടെയാണ് ഈശ്വരി മറാത്തി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.