മാർട്ടിൻ സ്‌കോർസെസിയും ഡികാപ്രിയോയും വീണ്ടും ഒന്നിക്കുന്നു
|അമേരിക്കൻ നടനും ഗായകനുമായിരുന്ന ഫ്രാങ്ക് സിനാട്രയുടെ ജീവചരിത്രമാണ് പുതിയ ചിത്രം
കാലിഫോർണിയ: പ്രശസ്ത ഹോളിവുഡ് സംവിധായകൻ മാർട്ടിൻ സ്‌കോർസെസി അമേരിക്കൻ നടനും ഗായകനുമായിരുന്ന ഫ്രാങ്ക് സിനാട്രയുടെ ജീവിതം സിനിമയാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സിനാട്രയായി വേഷമിടാൻ ലിയാനാർഡോ ഡികാപ്രിയോ എത്തുമെന്നാണ് നിലവിലുള്ള റിപ്പോർട്ടുകൾ.
സ്‌കോർസെസിയും ഡികാപ്രിയോയും ഒന്നിക്കുന്ന ഏഴാമത്തെ ചിത്രമായിരിക്കുമിത്. അവസാനമായി രണ്ട് പേരും ഒന്നിച്ച കില്ലേഴ്‌സ് ഓഫ് ദി ഫ്‌ളവർ മൂൺ എന്ന ചിത്രം ഓസ്‌കർ നോമിനേഷൻ നേടിയിരുന്നു.ജെനിഫർ ലോറൻസ് ആയിരിക്കും ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. 2021ൽ പുറത്തിറങ്ങിയ ഡോണ്ട് ലുക്ക് അപ്പ് എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു.
ഇരുപതാം നൂറ്റാണ്ടിൽ അമേരിക്കൻ ജനതയെ വൻ രീതിയിൽ സ്വാധീനിച്ച ഗായകനും നായകനുമായിരുന്നു ഫ്രാങ്ക് സിനാട്ര. ദി മഞ്ചൂരിയൻ കാൻഡിഡേറ്റ് എന്ന സിനിമയും മൈ വേ, ന്യൂയോർക് തുടങ്ങിയ ക്ലാസിക് ഗാനങ്ങളുമെല്ലാം അദ്ദേഹത്തിന് ജനപ്രീതി നൽകിയിരുന്നു.
യേശുക്രിസ്തുവിന്റെ ജീവിതം കേന്ദ്രീകരിച്ചുള്ള സിനിമയുടെ പണിപ്പുരയിലാണ് സ്‌കോർസെസി ഇപ്പോൾ. ആൻഡ്രൂ ഗാർഫീൽഡ് ഈ സിനിമയിലുണ്ടാവുമെന്ന അഭ്യൂഹം നിലവിലുണ്ട്.