ഇന്ത്യൻ സിനിമയിലെ മാസ്റ്റർപീസ്; കാന്താരയെ പ്രശംസിച്ച് രജനീകാന്ത്
|ചെന്നൈ: റിലീസ് ചെയ്തത് മുതൽ പലകോണുകളിൽ നിന്നും പ്രശംസകള്‍ വാരിക്കൂട്ടുകയാണ് കന്നഡ ചിത്രമായ കാന്താര. ചിത്രത്തെ പ്രശംസിച്ച് സൂപ്പർ സ്റ്റാർ രജനീകാന്തും രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യന്‍ സിനിമയിലെ മാസ്റ്റര്‍ പീസ് എന്നാണ് കാന്താരയെ സ്റ്റൈല്‍ മന്നന്‍ വിശേഷിപ്പിച്ചത്.
" അജ്ഞാതമായത് അറിയാവുന്നതിനെക്കാൾ കൂടുതലാണ്... ഹോംബാലെ ഫിലിംസിന്‍റെ 'കാന്താര'യേക്കാൾ നന്നായി സിനിമയിൽ ഇത് പറയാൻ മറ്റാർക്കും കഴിയുമായിരുന്നില്ല. എഴുത്തുകാരൻ, സംവിധായകൻ, അഭിനേതാവ് എന്നീ നിലകളിൽ ഋഷഭ് താങ്കൾക്ക് ഞാൻ ആശംസകൾ നേരുന്നു. ഇന്ത്യൻ സിനിമയിലെ ഈ മാസ്റ്റർപീസിലെ മുഴുവൻ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ " എന്നാണ് രജനി ട്വിറ്ററിൽ കുറിച്ചത്. നേരത്തെ കങ്കണ റണൗട്ട്, പ്രഭാസ് തുടങ്ങിയ താരങ്ങള്‍ കാന്താരയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിൽ അദ്ദേഹം തന്നെയാണ് കേന്ദ്ര കഥാപാത്രത്തെ അഭിനയിച്ചിരിക്കുന്നത്. കെ.ജി.എഫ് നിര്‍മാതാക്കളായ ഹൊംബാലെ ഫിലിംസ് ആണ് ചിത്രത്തിന്‍റെ നിർമാണം.
അഭിന്ദനങ്ങളും റെക്കോഡുകളും തീർത്ത ചിത്രത്തിലെ ഗാനം കോപ്പിയടിച്ചതാണെന്ന് ആരോപിച്ച് തൈക്കുടം ബ്രിഡ്ജ് രംഗത്തെത്തിയിരുന്നു. കാന്താരയിലെ 'വരാഹ രൂപം' എന്ന ഗാനവും ബാൻഡിന്‍റെ 'നവരസവും' തമ്മിൽ അഭേദ്യമായ സാമ്യമുണ്ടെന്നാണ് ബാൻഡിൻറെ ആരോപണം. രണ്ട് ഗാനങ്ങളും തമ്മിലുള്ള സമാനതകൾ പകർപ്പവകാശ നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ബാന്‍ഡ് ചൂണ്ടിക്കാട്ടി.