ഒറ്റ രാത്രി കൊണ്ട് എന്നെ താരമാക്കാനും തകര്‍ക്കാനും പറ്റുമെന്ന് അയാള്‍ പറഞ്ഞു, ലൈംഗികമായി ഉപദ്രവിച്ചു; വൈരമുത്തുവിനെതിരെ ആരോപണവുമായി ഗായിക
|വൈരമുത്തുവിനെതിരെ 17 സ്ത്രീകൾ സംസാരിച്ചു. നാല് പേർ മാത്രമാണ് പരസ്യമായി രംഗത്തെത്തിയത്
ചെന്നൈ: ഗായിക ചിന്‍മയിക്കു പിന്നാലെ പ്രശസ്ത തമിഴ് ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ലൈംഗികാരോപണവുമായി മറ്റൊരു ഗായിക കൂടി രംഗത്ത്. ലളിത ഗാനങ്ങളിലൂടെ പ്രശസ്തയായ ഭുവന ശേഷനാണ് മീടുവുമായി രംഗത്തെത്തിയത്. വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്നും തന്‍റെ കരിയര്‍ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഭുവന പറയുന്നു.
'' വൈരമുത്തുവിനെതിരെ 17 സ്ത്രീകൾ സംസാരിച്ചു. നാല് പേർ മാത്രമാണ് പരസ്യമായി രംഗത്തെത്തിയത്. ബാക്കിയുള്ളവർ അജ്ഞാതരായി തുടരുന്നു. അങ്ങനെയാണ് അവർ ഭയക്കുന്നത്. പിന്നെ ആർക്കാണ് അവരെ കുറ്റപ്പെടുത്താൻ കഴിയുക? തീർച്ചയായും, തങ്ങളെ സഹായിക്കാൻ ആരുമില്ലെന്ന് അറിയുമ്പോൾ ആളുകൾ പിന്മാറും'' ഭുവന ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 'ഒറ്റരാത്രികൊണ്ട് നിന്നെ താരമാക്കാനുള്ള ശക്തി എനിക്കുണ്ട്. നിന്നെ തകര്‍ക്കാനുള്ള ശക്തിയും എനിക്കുണ്ട്'' പല ദിവസങ്ങളിലും അയാള്‍ ഇതെന്നോട് പറഞ്ഞു. 1998ലാണ് വൈരമുത്തുവിൽ നിന്ന് തനിക്ക് പീഡനം നേരിടേണ്ടി വന്നതെന്ന് 50കാരിയായ ഭുവന പറയുന്നു. ലൈംഗികബന്ധത്തിനായി നിരന്തരം സമ്മര്‍ദം ചെലുത്തിയിരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
“ഞാൻ ഒരു ടെക്‌സ്‌റ്റൈൽ ഷോറൂമിനായി ഒരു ജിംഗിൾ പാടിയിട്ടുണ്ട്. അതിന്‍റെ വരികള്‍ വൈര മുത്തുവിന്‍റേതായിരുന്നു. നിര്‍മാണവും അദ്ദേഹമാണെന്നാണ് എനിക്ക് തോന്നുന്നത്. എന്‍റെ ശബ്ദം നല്ലതാണെന്നും തമിഴ് ഉച്ചാരണം നല്ലതാണെന്നും സിനിമയിലേക്ക് വരണമെന്നും അദ്ദേഹം പറഞ്ഞു. എന്‍റെ പാട്ടിന്‍റെ സിഡി എ ആർ റഹ്മാന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. അന്ന് ഞാന്‍ വളരെ ചെറുപ്പമായിരുന്നു. ഇതു കേട്ടപ്പോള്‍ വളരെയധികം ആവേശഭരിതയായി. അക്കാലത്ത് മൊബൈല്‍ ഫോണുകള്‍ ഉണ്ടായിരുന്നില്ല. എന്‍റെ വീട്ടിലെ ലാന്‍ഡ് ലൈന്‍ നമ്പറാണ് അദ്ദേഹത്തിന് കൊടുത്തത്. മിക്ക ദിവസവും ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിരുന്നു. തമിഴ് സാഹിത്യമെല്ലാം അക്കൂട്ടത്തില്‍ പെടും. പിന്നീട് സംഭാഷണങ്ങൾ വ്യക്തിപരമാകാൻ തുടങ്ങി, എനിക്ക് അസ്വസ്ഥത തോന്നി. എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയില്ലായിരുന്നു. ”ഒരു അവാർഡ് ദാന ചടങ്ങിനായി മലേഷ്യയിലേക്ക് തന്നോടൊപ്പം പോകാൻ വൈരമുത്തു നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നതായി അവർ പറഞ്ഞു.
വാര്‍ത്താ അവതാരകയായി ജോലി ചെയ്തിരുന്നതിനാല്‍ ഗായികയായിട്ടാണോ അവതാരകയായിട്ടാണോ ഞാന്‍ വരേണ്ടതെന്ന് ചോദിച്ചപ്പോള്‍ അതൊന്നുമല്ല നീ വരണമെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് ഞാനതില്‍ നിന്നും ഒഴിഞ്ഞുമാറി. അദ്ദേഹത്തിനെ എന്നെ തകര്‍ക്കാനുള്ള ശക്തിയുണ്ടെന്ന് എനിക്കറിയാമായിരുന്നു.എന്‍റെ പരിപാടികള്‍ ഓരോന്നായി റദ്ദാകാന്‍ തുടങ്ങി. പിന്നണി ഗാനരംഗം വിടാന്‍ തീരുമാനിച്ചു. 2018ൽ വൈരമുത്തുവിനെക്കുറിച്ച് ആദ്യമായി സംസാരിച്ചപ്പോൾ തനിക്ക് പിന്തുണയുമായി എത്തിയ ലൈറ്റ് മ്യൂസിക് കമ്മ്യൂണിറ്റിയിലെ സുഹൃത്തുക്കളുമായി തന്‍റെ അനുഭവം പങ്കുവെച്ചിരുന്നുവെന്ന് ഭുവന പറയുന്നു. എന്നാല്‍ സിനിമയില്‍ നിന്നും എനിക്ക് വേണ്ടത്ര പിന്തുണ ലഭിച്ചില്ല. “തമിഴ് സിനിമാലോകം നിശബ്ദമായിരുന്നു. വൈരമുത്തുവിന് ഒഎൻവി അവാർഡ് പ്രഖ്യാപിച്ചപ്പോൾ മലയാള സിനിമയിലെ സ്ത്രീകളാകട്ടെ ഞങ്ങളെ തേടിയെത്തി. അവർക്ക് അദ്ദേഹവുമായി ഒരു ബന്ധവുമില്ല, പക്ഷേ ഞങ്ങളോടൊപ്പം നിൽക്കാൻ അവർ തയ്യാറായിരുന്നു.'' ഭുവന പറഞ്ഞു.
വൈരമുത്തുവിനെതിരെ സംസാരിച്ചതിന് പിന്നാലെ ചിന്മയിയെ സൗത്ത് ഇന്ത്യൻ സിനി, ടെലിവിഷൻ ആർട്ടിസ്റ്റ് ആൻഡ് ഡബ്ബിംഗ് ആർട്ടിസ്റ്റ് യൂണിയൻ (സിക്ടഡായു) വിലക്കിയതും ഭുവന ചൂണ്ടിക്കാട്ടുന്നു.