'ഈ പരീക്ഷണത്തെയും ഇന്നസെന്റ് അതിജീവിക്കും'; ആശുപത്രിയിലെത്തിയ മന്ത്രി സജിചെറിയാന്‍റെ പ്രതികരണം
|മെഡിക്കൽ ബോർഡ് ചേർന്ന് ചികിത്സാപുരോഗതി വിലയിരുത്തി തുടർന്നുള്ള കാര്യങ്ങൾ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു
കൊച്ചി: നടനും മുൻ എം.പിയുമായ ഇന്നസെന്റിന്റെ ആരോഗ്യനിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. സംസ്‌കാരിക മന്ത്രി സജി ചെറിയാൻ എറണാകുളം ലേക് ഷോർ ആശുപത്രിയിലെത്തി. നടന്റെ കുടുംബാംഗങ്ങളുമായും ഇടവേള ബാബു, ജയറാം എന്നിവരുമായി മന്ത്രി ചർച്ച നടത്തി.ഈ പരീക്ഷണത്തെയും അതിജീവിച്ച് ഇന്നസെൻറ് തിരിച്ചുവരുമെന്ന പ്രതീക്ഷയും മന്ത്രി ഫേസ്ബുക്കിലൂടെ പങ്കുവച്ചു.
''ഇന്നസെൻറിൻറെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ് മെഡിക്കൽ ബോർഡ് ചേർന്ന് ചികിത്സാപുരോഗതി വിലയിരുത്തി തുടർന്നുള്ള കാര്യങ്ങൾ തീരുമാനമെടുക്കും''. മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
സജിചെറിയാൻറെ കുറിപ്പ്
പ്രിയപ്പെട്ട നടൻ ഇന്നസെൻറ് ചികിത്സയിൽ കഴിയുന്ന എറണാകുളം ലേക് ഷോർ ആശുപത്രിയിൽ സന്ദർശനം നടത്തി. കുടുംബാംഗങ്ങളുമായും ആശുപത്രിയിൽ കൂടെയുള്ള ഇടവേള ബാബു, ജയറാം എന്നിവരുമായും സംസാരിച്ചു. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്. ആശുപത്രി എം ഡി, സി ഇ ഒ, മുതിർന്ന ഡോക്ടർമാർ എന്നിവരുമായി സംസാരിച്ചു. മെഡിക്കൽ ബോർഡ് ചേർന്ന് ചികിത്സാപുരോഗതി വിലയിരുത്തി തുടർന്നുള്ള കാര്യങ്ങൾ തീരുമാനമെടുക്കും. ഈ പരീക്ഷണത്തെയും അതിജീവിച്ചു അദ്ദേഹം തിരിച്ചുവരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ഗരുതരമായ പല രോഗാവസ്ഥകൾ പ്രകടമാണെന്നും അടിസ്ഥാന ആരോഗ്യസൂചകങ്ങളൊന്നും അനുകൂല നിലയിലല്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അർബുദത്തെ തുടർന്നുള്ള ശാരീരിക അസ്വാസ്ഥ്യങ്ങൾ മൂലമാണ് അദ്ദേഹം ചികിത്സ തേടിയത്.രണ്ടാഴ്ച മുൻപാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നടൻ ജോജു ജോർജ്, ഇടവേള ബാബു, നിർമാതാക്കളായ ആന്റോ ജോസഫ്, ജോബി ജോർജ് എന്നിവർ അദ്ദേഹത്തെ കാണാനായി ആശുപത്രിയിൽ എത്തി