Entertainment
നികുതി കൃത്യം: പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് കേന്ദ്രത്തിന്‍റെ അംഗീകാരം
Entertainment

നികുതി കൃത്യം: പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് കേന്ദ്രത്തിന്‍റെ അംഗീകാരം

Web Desk
|
2 July 2023 2:03 AM GMT

2022-23 സാമ്പത്തിക വര്‍ഷത്തിലെ നികുതി അടവുമായി ബന്ധപ്പെട്ടാണ് പൃഥ്വിരാജിന്‍റെ ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിക്ക് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.

കൊച്ചി: ജി.എസ്‍.ടി കൃത്യമായി അടച്ചതിന് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനെ അഭിനന്ദിച്ച് കേന്ദ്ര ധനകാര്യ മന്ത്രാലയം. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനു കീഴിലുള്ള സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്റ്റ് ടാക്സസ് ആന്‍ഡ് കസ്റ്റംസ് ആണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. 2022-23 സാമ്പത്തിക വര്‍ഷത്തിലെ നികുതി അടവുമായി ബന്ധപ്പെട്ടാണ് പൃഥ്വിരാജിന്‍റെ ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിക്ക് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.

9 എന്ന ചിത്രം നിര്‍മിച്ചാണ് 2019ല്‍ പൃഥ്വിരാജ് സിനിമാ നിര്‍മാണത്തിലേക്ക് കടന്നത്. ഡ്രൈവിംഗ് ലൈസന്‍സ്, കുരുതി, ജനഗണമന, കടുവ, ഗോള്‍ഡ് എന്നിവയാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മിച്ച ചിത്രങ്ങള്‍. കെജിഎഫ് 2, കാന്താര അടക്കം നിരവധി ശ്രദ്ധേയ ഇതരഭാഷാ ചിത്രങ്ങളുടെ വിതരണവും പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ഏറ്റെടുത്തിരുന്നു.

കള്ളപ്പണ കേസിൽ താന്‍ 25 കോടി രൂപ അടച്ചെന്ന വാര്‍ത്തയ്ക്കെതിരെ നേരത്തെ പൃഥ്വിരാജ് രംഗത്തെത്തിയിരുന്നു. താന്‍ പിഴയടച്ചെന്നും "പ്രൊപഗാൻഡ" സിനിമകൾ നിർമിക്കുന്നുവെന്നും ആരോപിച്ച് അപകീർത്തിപരവും വ്യാജവുമായ വാർത്ത മറുനാടൻ മലയാളി എന്ന പേരിലുള്ള യൂ ട്യൂബ് ചാനൽ പ്രസിദ്ധീകരിച്ചത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈ ആരോപണം തീർത്തും അസത്യവും അടിസ്ഥാനരഹിതവും അത്യന്തം അധിക്ഷേപകരവുമാണ്. ഈ വിഷയത്തിൽ നിയമത്തിന്റെ ഏതറ്റം വരെ പോകാനും ഒരുക്കമാണ്. സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് പൃഥ്വിരാജിനെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കരുതെന്ന് മറുനാടന്‍ മലയാളിയെ കോടതി താക്കീത് ചെയ്തിരുന്നു.

😊❤️🙏🏼 Thank you Ministry of Finance, Government of India!

Posted by Prithviraj Productions on Saturday, July 1, 2023


Related Tags :
Similar Posts