Entertainment
തലയടിച്ച് പൊളിക്കാന്‍ പറയുന്ന ഗാന്ധിജി, മിന്നലടിച്ച് ചുമ ബാധിച്ച നായകന്‍; മിന്നല്‍ മുരളി ട്രെയിലറിലെ ബേസില്‍ യൂണിവേഴ്സ് തിങ്സ്
Entertainment

തലയടിച്ച് പൊളിക്കാന്‍ പറയുന്ന ഗാന്ധിജി, മിന്നലടിച്ച് ചുമ ബാധിച്ച നായകന്‍; മിന്നല്‍ മുരളി ട്രെയിലറിലെ 'ബേസില്‍ യൂണിവേഴ്സ് തിങ്സ്'

Roshin Raghavan
|
28 Oct 2021 2:47 PM GMT

ഇത്തരം നിഗമനങ്ങള്‍ ട്രെയിലര്‍ കാണുന്ന ഓരോ പ്രേക്ഷകനും ലഭിച്ചേക്കാം. ഇതിലുപരി, അല്ലെങ്കില്‍ തീര്‍ത്തും വ്യത്യസ്തവുമാവാം ചിത്രം നമുക്കായി കാത്തുവച്ചിട്ടുള്ളത്? ബേസില്‍ ജോസഫ് യൂണിവേഴ്സ് നമ്മളെ കാത്തിരിക്കുകയാണ്..

മലയാളികള്‍ നെറ്റ്ഫ്ലിക്സ് സ്ക്രീനുകളില്‍ മിന്നലടിക്കാന്‍ കാത്തിരിക്കുകയാണ്. ട്രെയിലര്‍ കൂടി വന്നതോടെ ആ കാത്തിരിപ്പിന് ആക്കം കൂടി. മിന്നല്‍ മുരളി എന്ന ബേസില്‍ ജോസഫ് ചിത്രത്തിന്‍റെ ട്രെയിലര്‍ മണിക്കൂറുകള്‍ക്കകമാണ് മൂന്ന് മില്യണ്‍ കാഴ്ച്ചക്കാരെ സമ്പാദിച്ചത്.

ബേസിലിന്‍റെ മുന്‍കാല ചിത്രങ്ങള്‍ പോലെ കോമഡിക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് മിന്നല്‍ മുരളിയും ഒരുക്കിയിരിക്കുന്നത്. മലയാളികളുടെ സ്വന്തം സൂപ്പര്‍ ഹീറോയായി ടൊവിനോയും എത്തുന്നു. ട്രെയിലര്‍ ഏവരുടെയും മനസ് കീഴടക്കുമ്പോള്‍, അതില്‍ ചിരി പടര്‍ത്തുന്ന ചെറിയ ഡീറ്റെയില്‍സ് കാണാതെ പോകരുത്. ബേസിലിന്‍റെ മുന്‍കാല ചിത്രങ്ങളായ ഗോഥ, കുഞ്ഞിരാമായണം തുടങ്ങിയ ചിത്രങ്ങളിലും ഇത്തരം ചെറിയ തമാശകള്‍ പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ചിരുന്നു. ട്രെയിലറിലെ അത്തരം തമാശകള്‍ ഒന്ന് ഡീക്കോഡ് ചെയ്തു നോക്കാം.

ഇടിമിന്നലടിച്ച് ബോധം പോയ നായകനെ ആശുപത്രിയിലെത്തിക്കുന്നതാണ് ട്രെയിലറില്‍ ആദ്യം കാണിക്കുന്നത്. നായകന്‍ സാന്‍റാ ക്ലോസ് വേഷത്തിലാണ്. അതായത്, അതൊരു ക്രിസ്തുമസ് രാത്രിയാണെന്നുവേണം കരുതാന്‍. ജീവന്‍ രക്ഷപ്പെടാന്‍ 99.9 ശതമാനം സാധ്യതയുമില്ലാത്ത ആ സംഭവത്തിന് ശേഷവും നായകന് ചുമ മാത്രമേയുള്ളു എന്നാണ് പറയുന്നത്. അവിടെവെച്ചാണ് ടൊവിനോ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന് സൂപ്പര്‍ പവര്‍ ലഭിക്കുന്നത്.





സൂപ്പര്‍ പവര്‍ ലഭിച്ച മുരളി മരുമകനേയും കൂട്ടി തനിക്ക് പറക്കാനുള്ള ശക്തിയുണ്ടോയെന്ന് പരിശോധിക്കാന്‍ ഒരു മരത്തിലേക്ക് വലിഞ്ഞു കയറി മുകളില്‍ നിന്നും ചാടുന്നു. അപ്പോള്‍ ടൊവിനോ പറയുന്ന ഡയലോഗാണ് മറ്റൊരു ചിരി എലമെന്‍റ്. ''ഈശ്വരാ, വിമാനം ഒന്നും തട്ടരുതേ...'' എന്നാണ്. എന്നാല്‍ പാവം മുരളിക്ക് പറക്കാനാകുന്നില്ല. പക്ഷെ, ഒരു ഫൈറ്റ് സീനില്‍ പക്ഷിയുടെ രൂപം ധരിച്ച്, ചിറകുകളുമായി നായകന്‍ പ്രത്യക്ഷപ്പെടുന്നു. അതും മറ്റൊരു തമാശക്ക് വഴിവെക്കുന്നതായിരിക്കും.





നായകന്‍ പക്ഷിയുടെ പ്രച്ഛന്ന വേഷത്തില്‍ കാണപ്പെടുന്നത് കഥ നടക്കുന്ന കുറുക്കന്‍മൂല എന്ന സ്ഥലത്തെ ഒരു സ്കൂളിന്‍റെ വാര്‍ഷികാഘോഷത്തിലാണ്. ആ സ്കൂള്‍ വാര്‍ഷികത്തില്‍ ഗാന്ധിജിയുടെ വേഷമണിഞ്ഞ് നില്‍ക്കുന്ന ഒരു കുട്ടി, അടിക്കടാ, അടിച്ച് അവന്‍റെ തലമണ്ടയടിച്ച് പൊട്ടിക്കടാ എന്ന് പറയുന്നുണ്ട്. ഗാന്ധിജിയും അക്രമവും തമ്മില്‍ എത്രത്തോളം ദൂരമുണ്ടെന്ന് ഏവര്‍ക്കും അറിയാവുന്നതാണ്. സ്കൂള്‍ വാര്‍ഷികത്തില്‍വെച്ച് മിന്നല്‍ മുരളിയെ പിടിക്കാനെത്തുന്ന പൊലീസുമായാണ് സംഘട്ടനം നടക്കുന്നത്.





നേരത്തെ പറഞ്ഞതുപോലെ, കുറുക്കന്‍മൂല എന്ന സ്ഥലത്താണ് കഥ നടക്കുന്നത്. ആദ്യം പുറത്തിറങ്ങിയ മിന്നല്‍ മുരളിയുടെ സറ്റില്ലില്‍ കാണിക്കുന്ന ബസില്‍ കണ്ണാടിക്കല്ല് വഴി ദേശം എന്ന് എഴുതിയിട്ടുണ്ട്. അതായത് ബേസിലിന്‍റെ മുന്‍ സിനിമകളായ ഗോഥ, കുഞ്ഞിരാമായണം എന്നീ ചിത്രങ്ങളുടെ റെഫറന്‍സുകളാണ്.





ബേസില്‍ ജോസഫ് എന്ന സംവിധായകന്‍റെ സിനിമകളെല്ലാം ഒരു സാങ്കല്‍പിക സ്ഥലത്തായിരിക്കും നടക്കുക. എല്ലാം അങ്ങോട്ടുമിങ്ങോട്ടും ബന്ധപ്പെട്ടുമിരിക്കുന്നു. കുഞ്ഞിരാമായണത്തിലെ ഒരു സീനില്‍ കുറുക്കന്‍ മൂല എന്നെഴുതിയിരിക്കുന്ന ബോര്‍ഡും ഉണ്ട്. ഇത്തരം നിഗമനങ്ങള്‍ ട്രെയിലര്‍ കാണുന്ന ഓരോ പ്രേക്ഷകനും ലഭിച്ചേക്കാം. ഇതിലുപരി, അല്ലെങ്കില്‍ തീര്‍ത്തും വ്യത്യസ്തവുമാവാം ചിത്രം നമുക്കായി കാത്തുവച്ചിട്ടുള്ളത്? ബേസില്‍ ജോസഫ് യൂണിവേഴ്സ് നമ്മളെ കാത്തിരിക്കുകയാണ്..







Similar Posts