അപർണ ബാലമുരളിക്കെതിരെ മോശം പെരുമാറ്റം; ഖേദം പ്രകടിപ്പിച്ച് ലോ കോളജ് യൂണിയൻ
|താരത്തിന് ഉണ്ടായ പ്രയാസത്തിൽ കോളേജ് യൂണിയൻ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നെന്നും കോളജ് യൂണിയൻ
കൊച്ചി: നടി അപർണ ബാലമുരളിയോട് മോശം പെരുമാറ്റം നടത്തിയ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് എറണാകുളം ഗവ. ലോ കോളേജ് യൂണിയൻ. സിനിമാ താരത്തിന് നേരെ വിദ്യാർഥികളിൽ ഒരാളിൽ നിന്നും ഉണ്ടായ അനിഷ്ട സംഭവം ഏറെ ഖേദകരമാണെന്ന് യൂണിയന്‍ പറഞ്ഞു. സംഭവ സമയത്ത് തന്നെ യൂണിയൻ ഭാരവാഹി അത്തരത്തിലുള്ള പെരുമാറ്റത്തെ തടുക്കാൻ ശ്രമിക്കുകയും യൂണിയന്റെ ഭാഗത്ത് നിന്നും ഖേദം അറിയിക്കുകയും ചെയ്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് താരത്തിന് ഉണ്ടായ പ്രയാസത്തിൽ കോളേജ് യൂണിയൻ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നെന്നും കോളജ് യൂണിയൻ വ്യക്തമാക്കി.
സോഷ്യൽമീഡിയയിലൂടെയാണ് യൂണിയൻ ഖേദപ്രകടനം നടത്തിയത്. തങ്കം സിനിമയുടെ പ്രമോഷന് വേണ്ടിയാണ് വിനീത് ശ്രീനിവാസനടക്കമുള്ളവർ ലോ കോളജിലെത്തിയത്. നടിക്ക് പൂ കൊടുക്കാനായി വേദിയിൽ കയറിയ വിദ്യാർഥി അപർണയുടെ കൈയിൽ പിടിക്കുകയും തോളിൽ കൈയിടാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ നടി അനിഷ്ടം പ്രകടിപ്പിച്ചു. എന്താടോ ലോ കോളജ് അല്ലേ എന്ന് അപർണ ചോദിക്കുകയും ചെയ്തു. സംഭവത്തിൽ സ്തബ്ധയായിപ്പോയെന്ന് അപർണ പിന്നീട് ഫേസ്ബുക്കിൽ കുറിക്കുകയും ചെയ്തു.
ഇതിന്റെ വീഡിയോ പുറത്തിറങ്ങിയ ശേഷം വൻ വിമർശനമാണ് കോളജ് യൂണിയനെതിരെ ഉയർന്നത്. പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ച് യൂണിയൻ തന്നെ രംഗത്തെത്തിയത്.
എറണാകുളം ലോ കോളജ് യൂണിയന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്...
എറണാകുളം ഗവ. ലോ കോളേജിൽ ഇന്ന് (18/01/2023) നടന്ന യുണിയൻ ഉദ്ഘാടന ചടങ്ങിൽ സിനിമ താരത്തിന് നേരെ വിദ്യാർത്ഥികളിൽ ഒരാളിൽ നിന്നും ഉണ്ടായ അനിഷ്ട സംഭവം ഏറെ ഖേദകരമാണ്. സംഭവ സമയത്ത് തന്നെ യൂണിയൻ ഭാരവാഹി അത്തരത്തിലുള്ള പെരുമാറ്റത്തെ തടുക്കാൻ ശ്രമിക്കുകയും യൂണിയന്റെ ഭാഗത്ത് നിന്നും ഖേദം അറിയിക്കുകയും ചെയ്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് താരത്തിന് ഉണ്ടായ പ്രയാസത്തിൽ കോളേജ് യൂണിയൻ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ഇത്തരമൊരു വിഷയത്തെ യൂണിയൻ ഏറെ ഗൗരവത്തോടെയാണ് നോക്കി കാണുന്നത്.