വാക്കുകൾ കൊണ്ട് ഇന്ദ്രജാലം തീര്‍ത്ത പ്രതിഭ; ബിച്ചു തിരുമലയുടെ ഓര്‍മകളില്‍ മോഹന്‍ലാല്‍
|തലമുറകൾ ഏറ്റുപാടുന്ന ഭാവസാന്ദ്രമായ ആയിരത്തിലധികം ഗാനങ്ങൾ മലയാളത്തിന് നൽകി പ്രിയപ്പെട്ട ശ്രീ ബിച്ചു തിരുമല വിടവാങ്ങി
ഒരു കാലത്ത് മലയാള സിനിമയില്‍ ബിച്ചു തിരുമലയുടെ വരികള്‍ പാടി അഭിനയിക്കാത്ത സിനിമാതാരങ്ങളുണ്ടായിരിക്കില്ല. മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയുമുള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങള്‍ അദ്ദേഹത്തിന്‍റെ തൂലികയില്‍ പിറന്ന ഗാനങ്ങളിലൂടെ വെള്ളിത്തിരയില്‍ മിന്നിത്തിളങ്ങി. മോഹന്‍ലാലിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്‍റെ ആദ്യത്തെ റിലീസായ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ മനോഹര ഗാനങ്ങള്‍ എഴുതിയത് ബിച്ചു തിരുമലയായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തെ അനുസ്മരിക്കുകയാണ് താരം.
മോഹന്‍ലാലിന്‍റെ കുറിപ്പ്
തലമുറകൾ ഏറ്റുപാടുന്ന ഭാവസാന്ദ്രമായ ആയിരത്തിലധികം ഗാനങ്ങൾ മലയാളത്തിന് നൽകി പ്രിയപ്പെട്ട ശ്രീ ബിച്ചു തിരുമല വിടവാങ്ങി. അനായാസരചനയിലൂടെ വാക്കുകൾക്കൊണ്ട് ഇന്ദ്രജാലം തീർത്ത പ്രതിഭയായിരുന്നു അദ്ദേഹം. സാധാരണക്കാരന്‍റെ ഭാഷയിൽ, ജീവിതഗന്ധിയായ വരികൾ സമ്മാനിച്ച, അദ്ദേഹത്തിന്‍റെ ഒട്ടനവധി ഗാനങ്ങളിൽ പാടിയഭിനയിക്കാൻ എനിക്ക് ഭാഗ്യമുണ്ടായി. ഒരു കാലഘട്ടത്തിൽ, പ്രിയപ്രേക്ഷകർ ഹൃദയത്തോടു ചേർത്തുപിടിച്ച, എന്‍റെ ഒട്ടനേകം ഹിറ്റ് ഗാനരംഗങ്ങൾക്ക് ജീവൻ പകർന്നത് അദ്ദേഹത്തിന്‍റെ തൂലികയിൽ പിറന്ന വരികളാണെന്നത് സ്നേഹത്തോടെ ഓർക്കുന്നു. ബിച്ചുവേട്ടന് ആദരാഞ്ജലികൾ.
നടന്‍ മമ്മൂട്ടി ഉള്‍പ്പെടെയുള്ളവര്‍ ബിച്ചുവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.