എനിക്ക് ഒരുപാട് പ്രിയപ്പെട്ട ജോണി, സ്നേഹസമ്പന്നനായ പച്ചമനുഷ്യന്‍; കുണ്ടറ ജോണിയുടെ വേര്‍പാടില്‍ വിതുമ്പി മോഹന്‍ലാല്‍
|കുണ്ടറ ജോണി കഴിഞ്ഞ ദിവസമായിരുന്നു വിടപറഞ്ഞത്
കൊല്ലം: വില്ലന്‍വേഷങ്ങളിലൂടെയും കോമഡി കഥാപാത്രങ്ങളിലൂടെയും മലയാള സിനിമയില്‍ നിറഞ്ഞുനിന്ന കുണ്ടറ ജോണി കഴിഞ്ഞ ദിവസമായിരുന്നു വിടപറഞ്ഞത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. മലയാളം കൂടാതെ തമിഴ്,തെലുങ്ക്,കന്നഡ ഭാഷകളിലായി നൂറിലധികം ചിത്രങ്ങളില്‍ ജോണി വേഷമിട്ടിട്ടുണ്ട്. കിരീടത്തിലെ പരമേശ്വരന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. വില്ലന്‍ വേഷങ്ങളാണ് ചെയ്തെങ്കിലും ജീവിതത്തിൽ നൈർമല്യവും നിഷ്കളങ്കതയും നിറഞ്ഞ, സ്നേഹസമ്പന്നനായ പച്ചമനുഷ്യൻ ആയിരുന്നു ജോണിയെന്ന് നടന്‍ മോഹന്‍ലാല്‍ അനുസ്മരിച്ചു.
മോഹന്‍ലാലിന്‍റെ കുറിപ്പ്
പ്രിയപ്പെട്ട ജോണി വിടപറഞ്ഞു. കിരീടവും ചെങ്കോലും ഉൾപ്പെടെ എത്രയെത്ര ചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ചു. സിനിമകളിൽ വില്ലൻ വേഷങ്ങളാണ് കൂടുതൽ ചെയ്തതെങ്കിലും ജീവിതത്തിൽ നൈർമല്യവും നിഷ്കളങ്കതയും നിറഞ്ഞ, സ്നേഹസമ്പന്നനായ പച്ചമനുഷ്യൻ ആയിരുന്നു. എനിക്ക് ഒരുപാട് പ്രിയപ്പെട്ട ജോണി. ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളിനെയാണ് എനിക്ക് നഷ്ടമായത്. വേദനയോടെ ആദരാഞ്ജലികൾ.
എം.ജി ശ്രീകുമാറിന്‍റെ കുറിപ്പ്
കുണ്ടറ ജോണി നമ്മളെ വിട്ടു പോയി . എന്റെ മദ്രാസിലെ തുടക്ക കാലഘട്ടം മുതൽ , എന്റെ അടുത്ത സഹോരനായിയുന്നു. സ്വാമീസ് ലോഡ്ജ്. പണ്ട് മദ്രാസിൽ എത്തുന്ന അന്നത്തെയും, ഇന്നത്തെയും സൂപ്പർ താരങ്ങൾ, ഉൾപ്പടെ എല്ലാ സിനിമ പ്രവർത്തകരും താമസിച്ചിരുന്ന ഒരു പാർപ്പിടം. അവിടെ ജോണിച്ചായനോടൊപ്പം , ആ കൊച്ചു മുറിയിൽ , ഉറങ്ങാനുള്ള ഭാഗ്യം കിട്ടിയ ഒരു എളിയ ഗായകനാണ് ഞാൻ . സ്വാമീസ് ലോഡ്‌ജിനെ കുറിച്ച് അറിയാത്തവർ കമന്‍റ് ചെയ്യരുതേ.അങ്ങയുടെ ആത്മാവിന് നിത്യ ശാന്തി നേരുന്നു.