Entertainment
ഒരേ വികാരം, ഒരേ വിചാരം; മലപ്പുറത്തിനൊപ്പം പന്തുതട്ടി മോഹന്‍ലാല്‍; ഗാനം ട്രെന്‍ഡിങ് നമ്പര്‍ വണ്‍
Entertainment

ഒരേ വികാരം, ഒരേ വിചാരം; മലപ്പുറത്തിനൊപ്പം പന്തുതട്ടി മോഹന്‍ലാല്‍; ഗാനം ട്രെന്‍ഡിങ് നമ്പര്‍ വണ്‍

ijas
|
31 Oct 2022 10:35 AM GMT

ഫുട്ബോള്‍ ജീവവായു പോലെ കാണുന്ന മലപ്പുറവും അവിടുത്തെ സെവന്‍സ് മത്സരങ്ങളുമാണ് ആല്‍ബത്തിന്‍റെ പശ്ചാത്തലം

ഫിഫ ഖത്തർ ലോകകപ്പിന് ആവേശമേകി മോഹൻലാല്‍ ഒരുക്കിയ സംഗീത ആല്‍ബം യൂ ട്യൂബ് ട്രെന്‍ഡിങില്‍ നമ്പര്‍ വണ്‍. ഇരുപത്തിനാല് മണിക്കൂര്‍ പൂര്‍ത്തിയാവുന്നതിന് മുന്നേ ആല്‍ബത്തിന് അഞ്ചു ലക്ഷം കാഴ്ചക്കാരാണ് ലഭിച്ചിരിക്കുന്നത്. സംഗീത ആല്‍ബത്തിന് മികച്ച പ്രതികരണമാണ് കാഴ്ചക്കാരില്‍ നിന്നും ലഭിക്കുന്നത്. ഫുട്ബോള്‍ ജീവവായു പോലെ കാണുന്ന മലപ്പുറവും അവിടുത്തെ സെവന്‍സ് മത്സരങ്ങളുമാണ് ആല്‍ബത്തിന്‍റെ പശ്ചാത്തലം. മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ചരിത്രവും നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനത്തിലൂടെ പങ്കുവെക്കുന്നു. മലപ്പുറത്തിന്‍റെ ഫുട്ബോള്‍ പ്രേമത്തോടുള്ള ആദരമായിട്ടാണ് ഗാനമൊരുക്കിയതെന്ന് ദോഹയില്‍ നടന്ന ചടങ്ങില്‍ മോഹന്‍ലാല്‍ പറഞ്ഞു.

ടി.കെ രാജീവ് കുമാറാണ് സംഗീത ആല്‍ബം സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഹിഷാം അബ്ദുൽ വഹാബ് ആണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. കൃഷ്ണദാസ് പങ്കിയുടേതാണ് വരികള്‍. മലപ്പുറത്തിന്‍റെ ഫുട്‌ബോൾ ഖ്യാതി വാനോളം ഉയർത്തിയ പ്രൊഫഷണൽ താരങ്ങളും മോഹൻലാലിനൊപ്പം വീഡിയോയിൽ അഭിനയിച്ചിട്ടുണ്ട്. 'സമയം ഇവിടെ നിശ്ചലമാവുകയാണ് ലോകകപ്പ് തുടങ്ങുമ്പോൾ' എന്ന മോഹൻലാലിന്‍റെ വാചകത്തോടെയാണ് ആൽബം അവസാനിക്കുന്നത്. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന 'ബറോസ്' എന്ന ചിത്രത്തിന്‍റെ പ്രചാരണം കൂടി ലക്ഷ്യമിട്ടാണ് സംഗീത ആല്‍ബം അണിയിച്ചൊരുക്കിയിരിക്കുന്നത്.

Similar Posts