വിശ്രമമില്ലാത സിനിമാപ്രവർത്തകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സഹോദരന് പിറന്നാള്‍ ആശംസകള്‍; ഇടവേള ബാബുവിന് ജന്‍മദിനാശംസയുമായി മോഹന്‍ലാല്‍
|1982ല്‍ പുറത്തിറങ്ങിയ ഇടവേള എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെയാണ് ഇടവേള ബാബു എന്ന പേര് വരുന്നത്
നടനും താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. ''ഇടവേളകളോ വിശ്രമമോ കൂടാതെ, വർഷങ്ങളായി സിനിമാപ്രവർത്തകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന എൻ്റെ പ്രിയ സഹോദരൻ ഇടവേള ബാബുവിന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ'' ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
തൃശൂര്‍ സ്വദേശിയായ അമ്മനത്ത് ബാബു 1982ല്‍ പുറത്തിറങ്ങിയ ഇടവേള എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെയാണ് ഇടവേള ബാബു എന്ന പേര് വരുന്നത്. ഇരുനൂറോളം ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. നേരം പുലരുമ്പോള്‍, ശ്രീധരന്‍റെ ഒന്നാം തിരുമുറിവ്, ആയുഷ്കാലം, ഗസല്‍,സമാഗമം,ഒടു കടങ്കഥ പോലെ, ഹിറ്റ്ലര്‍ തുടങ്ങിയവയാണ് ഇതില്‍ ചിലത്. ആസിഫ് അലി നായകനായ മഹേഷും മാരുതിയും എന്ന ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്. നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്.
ഈയിടെ ബാബുവിനെ അമ്മയുടെ വാർഷിക പൊതുയോഗത്തിൽ വെച്ച് മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ആദരിച്ചിരുന്നു. തുടർച്ചയായി 24 വർഷക്കാലം സംഘടനയുടെയുടെ സെക്രട്ടറി - ജനറൽ സെക്രട്ടറി എന്ന നിലയിലുള്ള സേവനം പരിഗണിച്ചായിരുന്നു ആദരം.