തിയേറ്ററുകളിൽ തിളങ്ങാതെ മോഹൻലാലിന്റെ എലോൺ
|വലിയ ഇടവേളക്ക് ശേഷമാണ് ഷാജി കൈലാസ് ചിത്രത്തിൽ മോഹൻലാൽ നായകനായി എത്തുന്നത്
കൊച്ചി: ഷാജി കൈലാസ് - മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് എലോൺ. തിയേറ്ററുകളിലെത്തി അഞ്ചാം ദിവസവും ബോക്സ് ഓഫിസിൽ വലിയ നിരാശയാണ് ചിത്രം സൃഷ്ടിക്കുന്നത്. 2.5 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം 4 ദിവസം കൊണ്ട് നേടിയത് 68 ലക്ഷം രൂപ മാത്രമാണെന്നാണ് കേരളാ ബോക്സ് ഓഫീസ് ട്വീറ്റ് ചെയ്യുന്നത്. എലോണിനൊപ്പം തിയേറ്ററിലെത്തിയ തങ്കം 4 ദിവസം കൊണ്ട് 2.39 കോടി രൂപയാണ് നേടിയത്. അതേ സമയം 3.5 കോടി ബജറ്റിൽ ഒരുങ്ങിയ മമ്മുട്ടി ചിത്രമായ നൻപകൽ നേരത്ത് മയക്കം 4.87 കോടി രൂപ നേടി കഴിഞ്ഞു.
വലിയ ഇടവേളക്ക് ശേഷമാണ് ഷാജി കൈലാസ് ചിത്രത്തിൽ മോഹൻലാൽ നായകനായി എത്തുന്നത്. അതുകൊണ്ടു തന്നെ ആരാധകർ വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരുന്നത്. ആശിർവാദ് സിനിമാസിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് എലോണിന്റെ നിർമ്മാണം. ആശിർവാദിൻറെ 30-ാം ചിത്രമാണിത്. 2000ൽ എത്തിയ 'നരസിംഹ'മായിരുന്നു ആശിർവാദ് സിനിമാസിൻറെ ആദ്യ ചിത്രം. അവസാനമായി മോഹൻലാലും ഷാജി കൈലാസും ഒരുമിച്ചത് 2009ൽ ആയിരുന്നു. റെഡ് ചില്ലീസ് എന്ന ചിത്രമായിരുന്നു അത്. രാജേഷ് ജയരാമനാണ് എലോണിന്റെ തിരക്കഥ ഒരുക്കിയത്.
കോവിഡ് കാലമാണ് ചിത്രത്തിന്റെ പശ്ചാത്തലം. തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകർ സഞ്ചരിക്കുന്നത് മോഹൻലാലിലൂടെ മാത്രമാണ് എന്നതാണ് ചിത്രത്തിന്റെ വ്യത്യസ്തത. പേര് സൂചിപ്പിക്കുന്നതുപോലെ ഒരേയൊരു അഭിനേതാവ് മാത്രമാണ് എലോണില് ഓണ്‍-സ്ക്രീന്‍ ആയി എത്തുന്നത്. ഒരു നടൻ മാത്രം സ്ക്രീനിലെത്തുമ്പോൾ ഫോണിലൂടെയും അല്ലാതെയുമുള്ള ശബ്ദസങ്കേതങ്ങളിലൂടെയാണ് കഥ പറയുന്നത്. ശബ്ദ സാന്നിധ്യമായി പൃഥ്വിരാജ്, മഞ്ജു വാര്യർ തുടങ്ങിയ താരങ്ങളും സിനിമയിൽ എത്തുന്നുണ്ട്.
2 മണിക്കൂര്‍ 2 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിലെ ഏതാണ്ട് മുഴുവന്‍ സമയവും ക്യാമറ തിരിയുന്നത് ഒരു ഫ്ലാറ്റ് സമുച്ചയത്തിലാണ്. ഇത്രയും പരിമിതമായ ഒരു സ്ഥലത്ത് രണ്ട് മണിക്കൂര്‍ കാണിയെ പിടിച്ചിരുത്തുക എന്നത് ഒരു സംവിധായകന് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. 13 വർഷങ്ങൾക്ക് ശേഷമാണ് ഷാജി കൈലാസ് - മോഹൻലാൽ കോമ്പോയിൽ വീണ്ടും ഒരു സിനിമ ഒരുങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്. എന്നാൽ മോഹന്‍ലാലിന്റെ വണ്മാന് ഷോയും ഉജ്ജ്വലമായ അഭിനയവുമാണ് ചിത്രത്തിന്റെ നേട്ടമെന്നാണ് മോഹൻലാൽ ആരാധകരുടെ പ്രതികരണം.