Entertainment
devadoothan
Entertainment

മുടക്ക് മുതൽ തിരിച്ചു കിട്ടാതെ വിഷമിച്ചു നിന്ന സമയത്തും പിടിച്ചു നിന്ന നിര്‍മാതാവ്; ദേവദൂതന്‍ വീണ്ടുമെത്തുമ്പോള്‍...

Web Desk
|
19 Jun 2024 7:17 AM GMT

ഇരൂപത്തിനാല് വർഷം മുൻപുള്ള ഒരു ഊഞ്ഞാലാട്ടമായിരുന്നു എനിക്ക് ദേവദൂതൻ

തിയറ്ററില്‍ പരാജയമായിരുന്നെങ്കിലും മലയാളത്തിലെ മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ മോഹന്‍ലാല്‍-സിബി മലയില്‍ കൂട്ടുകെട്ടിന്‍റെ ദേവദൂതനുണ്ട്. ചിത്രം അന്ന് പരാജയമായിരുന്നെങ്കിലും ഇന്ന് എന്തുകൊണ്ട് ചിത്രം വിജയിച്ചില്ല എന്ന ചര്‍ച്ചയിലാണ് സിനിമാപ്രേമികള്‍. അന്ന് തിയറ്ററില്‍ കാണാന്‍ സാധിക്കാതിരുന്ന ദൃശ്യവിസ്മയം വീണ്ടും തിയറ്ററിലെത്തുകയാണ്. അതും ഫോര്‍ കെ മികവില്‍. ചിത്രം ഉടന്‍ തിയറ്ററുകളിലെത്തുമെന്നാണ്. ഇപ്പോള്‍ ചിത്രം റീ റിലീസിനൊരുങ്ങുമ്പോള്‍ ദേവദൂതനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് കഥ ,തിരക്കഥ,സംഭാഷണം എന്നിവ നിര്‍വഹിച്ച രഘുനാഥ് പലേരി.

രഘുനാഥ് പലേരിയുടെ കുറിപ്പ്

ഇരുപത്തിനാല് വർഷം മുൻപുള്ള ഒരു ഊഞ്ഞാലാട്ടമായിരുന്നു എനിക്ക് ദേവദൂതൻ. അന്ന് വർഷം 2000. എന്നാൽ അതിനും 18 വർഷം മുമ്പാണ് ആ ഊഞ്ഞാൽ ചരട് മനസ്സിൻ്റെ പരശ്ശതം ചില്ലകളിൽ ഒന്നിൽ ആദരവോടെ കെട്ടിയത്. അന്നും ഒപ്പം സിബി ഉണ്ടായിരുന്നു. അവൻറെ കൂടെ മലയും ഉണ്ടായിരുന്നു. അന്നത്തെ ദിവസങ്ങളുടെ ചില ഭാവപകർച്ചകൾ കാരണം, ആ ഊഞ്ഞാലിൽ ഉല്ലാസത്തോടെ ആടാൻ എനിക്കും സിബിക്കും സാധിച്ചില്ല. മലയും എടുത്ത് സിബി സ്ഥലം വിട്ടു. പലേരിയുടെ കൈപിടിച്ച് ഞാനും മറ്റൊരു വഴിക്ക് ഓരോ കഥകളുടെ തോളിൽ കയ്യിട്ടു നടന്നുപോയി. സിബി മലകളിൽ നിന്നും മലകളിലേക്ക് കയറി സിബി മലയിൽ ആയി മാറുന്ന കാഴ്ച താഴ് വരകളിൽ ചാരുകസേരയിട്ടിരുന്ന് കാണാൻ നല്ല കൗതുകമായിരുന്നു. എത്രയെത്ര മനോഹര ഊഞ്ഞാലുകളിൽ അവൻ ആടിത്തിമർത്തു. ഓരോന്നും സ്വപ്ന തുല്യം.

തീരെ പ്രതീക്ഷിക്കാതെയാണ് വർഷങ്ങൾക്കുശേഷം ഒരു ദിവസം സിബിയും സിയാദും ആ പഴയ ഊഞ്ഞാൽ ചരടും കയ്യിലെടുത്ത് വീണ്ടും ആടാനായി എന്നെ ക്ഷണിച്ചത്. അതൊന്ന് ശിഖരത്തിൽ മുറുക്കി കെട്ടി നമുക്കൊന്ന് ആടണം എന്ന സദ്ചിന്ത അല്ലാതെ മറ്റൊന്നും സിയാദിലോ സിബിയിലോ ഉണ്ടായിരുന്നില്ല. എത്രയോ സിനിമകൾ എടുത്ത സിയാദിൻ്റെ മനസ്സിലെ ഇത്തിരി താളുകൾ എനിക്കും മനഃപ്പാഠമായിരുന്നു.

ഓരോ സിനിമയും അദ്ദേഹം വെറുതെ നിർമ്മിക്കുകയായിരുന്നില്ല. അതിന്‍റെ ശില്പികൾക്കൊപ്പം നിന്ന്, അവരുടെ ചിന്തകളും സ്വപ്നങ്ങളും ഉൾക്കൊണ്ട് ആസ്വദിച്ച് നെയ്തെടുക്കുകയായിരുന്നു. അങ്ങിനെയാണ് ദേവദൂതനും പിറക്കുന്നത്. സംഭാഷണ മധ്യേ എപ്പോഴോ ഒരിക്കൽ കഥ കേട്ട് ആകൃഷ്ടനായി, ദേവദൂതനിലെ വിശാൽകൃഷ്ണമൂർത്തി ആവാൻ ശ്രീ മോഹൻലാൽ ആഗ്രഹം പ്രകടിപ്പിച്ചു. ആ കഥാപാത്രമായി സദയം നിറഞ്ഞാടി ലാൽ. ഒപ്പം മറ്റുള്ളവരും . ഏതൊരു സിനിമാ കലാരൂപം നെയ്തെടുക്കാനും അതിനാവശ്യമുള്ള സാമ്പത്തികം കൂടിയേ തീരൂ. അതാവട്ടെ, അത് കാണാൻ തിരശ്ശീലകൾക്ക് ചുറ്റും ഒത്തുകൂടുന്ന ആസ്വാദക വൃന്ദങ്ങളിൽ നിന്നു തന്നെയാണ് തിരിച്ചു കിട്ടേണ്ടതും. എല്ലാ സിനിമകൾക്കും ആ മഹാഭാഗ്യം ഉണ്ടായെന്നു വരില്ല. അത് ആസ്വാദക വൃന്ദങ്ങളുടെയോ ശില്പികളുടെയോ ദൈവങ്ങളുടെയോ പിഴവല്ല. പിന്നെ എങ്ങനെ അത് സംഭവിക്കുന്നു എന്ന് ഒരു ഗണിതജ്ഞനും പറയാനും സാധിക്കില്ല. എന്നാലും പലരും അത് ഗണിച്ചു പറയും. സത്യത്തിൽ അതൊന്നുമായിരിക്കില്ല അതിന്‍റെ ശരി. ശരിയായി ഒരു കാര്യമേയുള്ളൂ. എന്തു സംഭവിച്ചാലും കുലുങ്ങാതിരിക്കുക. കാലത്തിനു മുന്നിൽ പിടിച്ചു നിൽക്കുക.

ചുറ്റുമുള്ളവരുടെ സർവ്വ വിശകലനങ്ങൾക്കു മുൻപിലും, ചിദാനന്ദഭാവത്തോടെ അവനവന്‍റെ തോളിൽ കയ്യിട്ടു പിടിച്ചു നിൽക്കാൻ സാധിക്കുക. കാരണം, കാലം, കുരങ്ങന്‍റെ ചാട്ടം പോലെയാണ്. ലക്ഷ്യം വെക്കുന്ന ശിഖരത്തിൽ പിടി എന്തായാലും വീഴും. പക്ഷേ ആഗ്രഹിച്ചത്ര സമയം പിടുത്തം അവിടെ തങ്ങി നിന്നെന്ന് വരില്ല. പിടികിട്ടിയതും മറ്റൊന്നിലേക്ക് ചാടിക്കും. അതിലും വാൽ ആട്ടിച്ചാടിയാടി മറ്റൊന്നിലേക്ക് പറപ്പിക്കും.

അങ്ങിനെ കാലം പറപ്പിച്ച അനേകം മനുഷ്യരിൽ ഒരു നിർമ്മാതാവാണ് ശ്രീ സിയാദ് കോക്കർ. മുടക്ക് മുതൽ തിരിച്ചു കിട്ടാതെ വിഷമിച്ചു വിറച്ചു നിന്ന സമയത്തും അദ്ദേഹം പിടിച്ചു നിന്ന രീതി എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്. കാലം കഴിയവേ ദേവദൂതന്‍റെ ഇഷ്ടത്തെക്കുറിച്ച് പലരും പറയുന്നത് കേട്ടും എഴുതുന്നത് വായിച്ചും അതേ ഇഷ്ടം മനസ്സിൽ സൂക്ഷിക്കുന്ന അദ്ദേഹം, വീണ്ടും ഇതാ അതെടുത്ത് ഒന്നു തുടച്ചു മിനുക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നു. ഒപ്പം കൂടെ നിൽക്കുന്നു സിബിയും.

കൂടുതൽ പറയുന്നില്ല. ശ്രീ വിദ്യാസാഗറിന്‍റെ സാഗര സംഗീത സാന്ദ്രതിരമാലകളിൽ ആടിയുലഞ്ഞു , 4K റെസലൂഷനിൽ, അറ്റ്മോസ് ശബ്ദ പ്രസരണത്തിൽ, വിശാൽ കൃഷ്ണമൂർത്തിയേയും അലീനയെയും ഒപ്പമുള്ളവരെയും കാണാൻ ആഗ്രഹിക്കുന്നവർ തിയറ്ററിലേക്ക് വരാൻ മറക്കരുത്. സ്നേഹപൂർവ്വം ക്ഷണിക്കുന്നു സർവ്വ ജനറേഷനുകളെയും.

View this post on Instagram

A post shared by Kokers Media Entertainments (@kokersmediaentertainments)

Mohanlal's 'Devadoothan' to re-release soon

Similar Posts