മുണ്ടും മടക്കിക്കുത്തി തലയില്‍ കെട്ടുമായി കൃഷിത്തോട്ടത്തില്‍ മോഹന്‍ലാല്‍; ലോക്ഡൌണ്‍ കാലത്തെ ജൈവകൃഷി വീഡിയോ വൈറല്‍
|വീട്ടിലേക്കുള്ള പച്ചക്കറികളെല്ലാം ഈ തോട്ടത്തില്‍ നിന്നാണ് എടുക്കുന്നത്
ലോക്ഡൌണ്‍ കാലത്തെ എളമക്കരയിലുള്ള വീട്ടിലെ ജൈവകൃഷിയുടെ വീഡിയോ പങ്കുവച്ച് നടന്‍ മോഹന്‍ലാല്‍. ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. തക്കാളിയും പയറും പാവലും കാന്താരിയുമെല്ലാം ലാലിന്‍റെ തോട്ടത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. വീട്ടിലേക്കുള്ള പച്ചക്കറികളെല്ലാം ഈ തോട്ടത്തില്‍ നിന്നാണ് എടുക്കുന്നത്.
മുണ്ടും മടക്കിക്കുത്തി തലയില്‍ കെട്ടുമായി സ്റ്റൈലില്‍ തന്നെയാണ് ലാലിന്‍റെ കൃഷിയിടത്തിലേക്കുള്ള വരവ്. തോട്ടം നനയ്ക്കുന്നതും വിളവെടുക്കുന്നതും വളമിടുന്നതുമെല്ലാം വീഡിയോയില്‍ കാണാം. ഒരു സഹായിയും ഒപ്പമുണ്ട്.
മോഹന്‍ലാലിന്‍റെ വാക്കുകള്‍
ഇത് വിത്തിന് വേണ്ടി നിർത്തിയിരിക്കുന്ന പാവയ്ക്കയാണ്. ഇത് നന്നായി ഉണക്കിയിട്ട് അതിന്റെ വിത്ത് എടുത്ത് നടും. എറണാകുളത്തെ എളമക്കരയിൽ ഉള്ള എന്റെ വീടാണ്. കഴിഞ്ഞ നാല് അഞ്ചു വർഷമായി ഈ ചെറിയ സ്ഥലത്ത് നിന്നാണ് ഞങ്ങൾക്ക് വേണ്ടുന്ന പച്ചക്കറികൾ ഞങ്ങൾ ഉണ്ടാക്കി എടുക്കുന്നത്. നമുക്ക് പാവയ്ക്ക, പയർ, വെണ്ടയ്ക്ക, തക്കാളി, പച്ചമുളക്, മത്തങ്ങ, ചോളം, കപ്പ എല്ലാമുണ്ട്. എല്ലാവർക്കും ചെയ്യാവുന്ന കാര്യമാണ്. ചെറിയ സ്ഥലത്ത് നിന്ന് നമുക് ആവശ്യമുള്ള കൃഷി ഉണ്ടാക്കിയെടുക്കാം. അതിന് ആളുകൾ തയ്യാറാകണം. സ്ഥലം ഇല്ലാത്തവർക്ക് ടെറസിന് മുകളിൽ ഉണ്ടാക്കി എടുക്കാം. ഞാൻ ഇവിടെ വരുമ്പോഴൊക്കെ ഈ പച്ചക്കറികളാണ് ഉപയോഗിക്കുന്നത്.