Entertainment
മോഹന്‍ലാലിനെ കാണാന്‍ കരഞ്ഞ രുക്മിണിയമ്മയ്ക്ക് നടന്റെ സര്‍പ്രൈസ്
Entertainment

മോഹന്‍ലാലിനെ കാണാന്‍ കരഞ്ഞ രുക്മിണിയമ്മയ്ക്ക് നടന്റെ സര്‍പ്രൈസ്

Web Desk
|
20 Sep 2021 6:05 PM GMT

മോഹന്‍ലാലിനെ കാണണമെന്നു പറഞ്ഞ് കൊച്ചുകുട്ടികളെപ്പോലെ കരയുന്ന രുക്മിണിയമ്മയുടെ വിഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു

മഹാനടന്‍ മോഹന്‍ലാലിന്റെ നടനവിസ്മയത്തില്‍ അമ്പരക്കാത്ത മലയാളിയുണ്ടാകില്ല. താരത്തിന്‍റെ ആരാധകര്‍ക്ക് പ്രായ, ദേശഭേദങ്ങളൊന്നുമില്ലെന്നതൊരു യാഥാര്‍ത്ഥ്യമാണ്. ചെറിയ കുഞ്ഞുങ്ങള്‍ മുതല്‍ അമ്മമാര്‍ വരെ ആ ആരാധകനിരയിലുണ്ട്. ഏറ്റവുമൊടുവില്‍ പ്രിയനടനെ കാണണമെന്നു പറഞ്ഞ് കൊച്ചുകുട്ടികളെപ്പോലെ കരയുന്ന ഒരു അമ്മൂമ്മയുടെ വിഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

നടനെ കാണാന്‍ വേണ്ടി കരഞ്ഞപേക്ഷിച്ച ആ രുക്മിണിയമ്മയെ തേടി ഒടുവില്‍ മഹാനടന്റെ സര്‍പ്രൈസ് എത്തിയിരിക്കുകയാണ്. അമ്മയെ നേരിട്ട് വിഡിയോകോള്‍ ചെയ്താണ് മോഹന്‍ലാല്‍ സ്‌നേഹമറിയിച്ചത്. ഇപ്പോള്‍ കോവിഡ് കാലമായതുകൊണ്ടാണ് നേരില്‍ കാണാന്‍ സാധിക്കാത്തതെന്നും എല്ലാം തീര്‍ന്ന ശേഷം പിന്നീടൊരിക്കല്‍ കാണാമെന്നും നടന്‍ അമ്മയെ ആശ്വസിപ്പിച്ചു.

മൊബൈല്‍ സ്‌ക്രീനിലാണെങ്കിലും ഇഷ്ടതാരത്തെ നേരില്‍കണ്ടതിന്റെ ആഹ്ലാദം അമ്മ മറച്ചുവച്ചില്ല. എല്ലാവരും ലാലേട്ടനെ കണ്ടോ എന്നു ചോദിക്കുന്നുവെന്നു പറഞ്ഞാണ് അമ്മ തുടങ്ങിയത്. ഇപ്പോള്‍ കണ്ടെന്നു പറയണമെന്ന് താരത്തിന്റെ മറുപടി. ''എന്തായിരുന്നു... ഭയങ്കര കരച്ചിലൊക്കെയായിരുന്നല്ലോ... ഇത് കോവിഡ് സമയമല്ലേ... കോവിഡൊക്കെ കഴിയട്ടെ... അതു കഴിഞ്ഞുകാണാം..''- പേരും വയസും സുഖവിവരങ്ങളുമെല്ലാം ചോദിച്ചറിഞ്ഞ ശേഷം നടന്‍ രുക്മിണിയമ്മയ്ക്ക് ഉറപ്പുനല്‍കി..

വീട്ടില്‍ വന്നാല്‍ എന്തുതരുമെന്ന് ചോദിച്ച നടന്‍ ഒടുവില്‍ മുത്തം നല്‍കിയാണ് വിഡിയോ കോള്‍ അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസം രുക്മിണിയമ്മയുടെ വിഡിയോ വൈറലയാതിനു പിറകെ മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ് പ്രവര്‍ത്തകരാണ് അമ്മയുടെ ആഗ്രഹം നടത്തിക്കൊടുക്കാനായി മുന്നിട്ടിറങ്ങിയത്.

Similar Posts