തുടക്കകാലത്ത് ആരും എനിക്കൊപ്പം അഭിനയിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല; തുറന്നുപറഞ്ഞ് പ്രിയങ്ക ചോപ്ര
|ജീവിതത്തിൽ നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടും ബോളിവുഡില്‍ തിളങ്ങാനായതിനെക്കുറിച്ച് പ്രിയങ്ക ഒരിക്കല്‍ തുറന്നുപറഞ്ഞിരുന്നു
മുംബൈ: 2000ത്തിലെ ലോകസുന്ദരിപ്പട്ടം നേടിയതൊഴിച്ചാല്‍ സിനിമാപാരമ്പര്യമൊന്നുമില്ലാതെ വെള്ളിത്തിരയിലെത്തിയ താരമാണ് പ്രിയങ്ക ചോപ്ര. 2001ല്‍ വിജയ് യുടെ നായികയായി തമിഴന്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവടുവച്ച പ്രിയങ്കയെ പിന്നീട് കണ്ടത് ബോളിവുഡിലാണ്. എന്നാല്‍ ബി ടൗണിലെ തുടക്കകാലം പ്രിയങ്കയെ സംബന്ധിച്ചിടത്തോളം അത്ര സുഖമുള്ളതായിരുന്നില്ല. ജീവിതത്തിൽ നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടും ബോളിവുഡില്‍ തിളങ്ങാനായതിനെക്കുറിച്ച് പ്രിയങ്ക ഒരിക്കല്‍ തുറന്നുപറഞ്ഞിരുന്നു. 2006ല്‍ സിമി അഗര്‍വാളിന് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്.
പല ഓഡിഷനുകളിലും നിരസിക്കപ്പെട്ടപ്പോള്‍ താന്‍ വളരെയധികം തകര്‍ന്നുപോയെന്ന് പ്രിയങ്ക പറയുന്നു. ''അത് അത്ര എളുപ്പമായിരുന്നില്ല. തുടക്കകാലത്ത് ഒരുപാട് അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ആ സമയത്തൊക്കെ ഞാന്‍ പ്രതീക്ഷ കൈവിട്ടില്ല. ആദ്യത്തെ രണ്ട് വർഷങ്ങൾ വളരെ മോശമായിരുന്നു, കാരണം ഞാൻ ആരെയും വിശ്വസിച്ചിരുന്നില്ല. ഏതു സിനിമയാണ് നല്ലത്, ഏതാണ് ചെയ്യേണ്ടത് എന്നൊന്നും എനിക്കറിയില്ലായിരുന്നു. എന്‍റെ സിനിമകളൊന്നും തുടങ്ങിയില്ല. കോളേജിലേക്ക് മടങ്ങാന്‍ ഞാന്‍ തീരുമാനിച്ചു. ആ സമയത്താണ് 'അന്താസ്' സംഭവിക്കുന്നത്.'' പ്രിയങ്ക പറയുന്നു. അക്ഷയ് കുമാര്‍ നായകനായി 2003ല്‍ പുറത്തിറങ്ങിയ അന്താസിലൂടെയായിരുന്നു പ്രിയങ്കയുടെ ബോളിവുഡിലെ അരങ്ങേറ്റം. ലാറ ദത്തയും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.
അന്നെനിക്ക് 18 വയസായിരുന്നു. തുടക്കകാലത്ത് ആരും എനിക്കൊപ്പം അഭിനയിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ എനിക്കൊപ്പം വര്‍ക്ക് ചെയ്യുക എന്നത് സുഖമുള്ള അനുഭവമാണെന്ന് പലരും പറയുന്നു. സിനിമയിലെ ഭൂരിഭാഗം പേരും വ്യാജന്‍മാരാണ്. ചുറ്റും ബുദ്ധിയുള്ള ആളുകളുണ്ട്, പക്ഷേ പലരും വ്യാജന്മാരാണ്...പ്രിയങ്ക പറഞ്ഞു.