Entertainment
ദിലീപിനെയും ആന്‍റണി പെരുമ്പാവൂരിനെയും ഫിയോക്കിൽ നിന്ന് പുറത്താക്കാൻ നീക്കം
Entertainment

ദിലീപിനെയും ആന്‍റണി പെരുമ്പാവൂരിനെയും ഫിയോക്കിൽ നിന്ന് പുറത്താക്കാൻ നീക്കം

Web Desk
|
23 March 2022 2:36 AM GMT

ഫിയോക്കിന്‍റെ ആജീവനാന്ത ഭാരവാഹികളാണ് ദിലീപും ആന്‍റണി പെരുമ്പാവൂരും

തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിൽ നിന്ന് നടൻ ദിലീപിനെയും ആന്‍റണി പെരുമ്പൂവൂരിനെയും പുറത്താക്കാൻ നീക്കം. ഇരുവരെയും പുറത്താക്കാൻ ഭരണഘടന ഭേദഗതി ചെയ്തേക്കും. സംഘടനയുടെ ജനറൽ ബോഡി യോഗം ഈ മാസം 31 ന് ചേരുന്നുണ്ട്. ഈ യോഗത്തില്‍ തുടര്‍നടപടി സംബന്ധിച്ച് തീരുമാനമുണ്ടായേക്കും.

തിയറ്റർ ഉടമകളുടെ സംയുക്ത സംഘടനയെന്ന നിലയില്‍ ദിലീപും ആന്‍റണി പെരുമ്പാവൂരും ചേര്‍ന്ന് നിര്‍മിച്ച സംഘടനയാണ് ഫിയോക്. സംഘടനയുടെ ആജീവനാന്ത ഭാരവാഹികളാണ് ഇരുവരും. ദിലീപ് ആജീവനാന്ത ചെയര്‍മാനായും ആന്‍റണി പെരുമ്പാവൂരിനെ ആജീവനാന്ത വൈസ് ചെയര്‍മാനായുമാണ് തീരുമാനിച്ചിരുന്നത്. കോവിഡിന് ശേഷം സിനിമകള്‍ ഒ.ടി.ടി റിലീസിലേക്ക് കൂടുതലായി എത്തിയ പശ്ചാത്തലത്തില്‍ ഫിയോക് ഭാരവാഹികളായിട്ടു കൂടി ഇരുവരും ഒ.ടി.ടി റിലീസിനെ പിന്തുണക്കുന്ന നടപടിയില്‍ പ്രതിഷേധിച്ചാണ് ഇരുവരെയും പുറത്താക്കാന്‍ നീക്കം നടത്തുന്നത്.

നേരത്തെ ദുൽഖർ സൽമാനും അദ്ദേഹത്തിന്റെ നിർമാണ കമ്പനിക്കും ഫിയോക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ദുൽഖർ സൽമാൻ നിർമിച്ച 'സല്യൂട്ട്' ഒടിടി റിലീസ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു നടപടി. ധാരണകളും വ്യവസ്ഥകളും ലംഘിച്ചാണ് ദുല്‍ഖറിന്‍റെ സല്യൂട്ട് ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തതെന്ന് ഫിയോക് ആരോപിച്ചു.

ജനുവരി 14 ന് സല്യൂട്ട് തിയറ്ററിൽ റിലീസ് ചെയ്യുമെന്നായിരുന്നു എഗ്രിമെന്‍റെന്നും ഇതിനുവേണ്ടി പോസ്റ്ററും അടിച്ചിരുന്നതായും ഫിയോക് പറഞ്ഞു. എന്നാല്‍ ഈ ധാരണ ലംഘിച്ചാണ് സിനിമ ഒ.ടി.ടിയിലൂടെ എത്തിച്ചതെന്നും സംഘടന വിമര്‍ശിച്ചു. ദുൽഖർ സൽമാന്‍റെ തന്നെ നിർമാണ കമ്പനിയായ വേ ഫെയറർ ഫിലിംസാണ് സല്യൂട്ട് നിർമിച്ചത്.

Similar Posts