'സ്നേഹിക്കുന്നരോടും കുറ്റപ്പെടുത്തുന്നവരോടും പ്രിയം മാത്രം'; സോഷ്യല്‍ മീഡിയ ആക്രമണങ്ങളില്‍ നടന് കൈലാഷ്
|തനിക്കെതിരായ സോഷ്യല്‍ മീഡിയ ആക്രമണങ്ങളില്‍ പരിഭവമില്ലെന്ന് നടന് കൈലാഷ്. സ്നേഹിക്കുന്നവരോടും ഒപ്പം നിൽക്കുന്നവരോടും കുറ്റപ്പെടുത്തുന്നവരോടും എന്നും പ്രിയം മാത്രമെന്നും വിമർശനങ്ങളെല്ലാം ഏറ്റുവാങ്ങുന്നതായും കൈലാഷ് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കൈലാഷ് സോഷ്യല്‍ മീഡിയ ട്രോളുകളോടും ആക്രമണങ്ങളോടും പ്രതികരിച്ചത്. മനപ്പൂർവ്വമുള്ള നോവിക്കലുകൾ തനിക്ക് തിരിച്ചറിയാനാവും. സ്വയം വിലയിരുത്താനും സ്വയം നവീകരിക്കാനും വേണ്ടി നടനവിദ്യയുടെ മറുകര താണ്ടിയവർ ആരുമില്ലെങ്കിലും പല മഹാനടന്മാരെയും കണ്ടുപഠിക്കാനാണ് ഓരോ നിമിഷവും തന്റെ പരിശ്രമമെന്നും. അതു പ്രായോഗികമാക്കാനാണ് എളിയ ഉദ്യമമെന്നും കൈലാഷ് മറുപടി നല്കി.
'മിഷന് സി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങിയതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളില്‍ കൈലാഷിനെതിരെ ആക്രമണം കനത്തത്. കൈലാഷിനെതിരായ ആക്രമണത്തിനെതിരെ സംവിധായകന് വിനോദ് ഗുരുവായൂരും രംഗത്തുവന്നിരുന്നു. ഒരാളെ വ്യക്തിഹത്യ ചെയ്യുന്നതിന് ഒരു പരിധി ആവശ്യമാണെന്നും ട്രോളെന്ന് പറഞ്ഞ് ഒരാള്‍ക്കെതിരെ എന്തും ചെയ്യാവുന്ന സ്ഥിതിയാണെന്നും വിനോദ് ഗുരുവായൂർ പ്രതികരിച്ചു. മിഷൻ സി എന്ന സിനിമയിൽ അദ്ദേഹം നന്നായി തന്നെ പെർഫോം ചെയ്തിട്ടുണ്ടെന്നും സിനിമ പുറത്തിറങ്ങുമ്പോൾ അത് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ സിനിമയെ പോലും മോശമായി ചിത്രീകരിക്കുകയാണ്. എന്നോ ഒരു റോള്‍ ചെയ്തതിന്റെ പേരിലാണ് അദ്ദേഹത്തെ ഇങ്ങനെ ആക്രമിച്ചുകൊണ്ടിരിക്കുന്നത്. സിനിമയിൽ പ്രധാനറോളാണ് തന്റേതെന്ന് മനസിലാക്കി സാമ്പത്തികം പോലും നോക്കാതെ വന്ന് അഭിനയിച്ച ആളാണ് കൈലാഷെന്നും വിനോദ് ഗുരുവായൂര്‍ പ്രതികരിച്ചു.
ട്രോളുകൾ നമുക്ക് ആവശ്യമാണ്. പക്ഷേ പരിധി വിടുമ്പോൾ അത് സങ്കടകരമാകും. ജീവിക്കാൻ വേണ്ടിയാണ് അദ്ദേഹം ഇങ്ങനെ കഷ്ടപ്പെടുന്നത്. കോടീശ്വരനായ കൈലാഷിനെ ഞാൻ കണ്ടിട്ടില്ല. വളരെ സാധാരണക്കാരനായ ഒരു നടൻ. അതെനിക്ക് വ്യക്തിപരമായി അറിയാം. ഇതൊരു അടിച്ചമർത്തൽ പോലെ തോന്നി. അത് തെറ്റാണെന്ന് തോന്നുന്നുണ്ടെങ്കിൽ സ്വയം മാറിനിൽക്കാൻ നിങ്ങൾ തയാറാകണം. സിനിമ മോശമാകുമോ നല്ലതാകുമോ എന്ന് ചിത്രം പുറത്തിറങ്ങി കഴിഞ്ഞ് തീരുമാനിക്കുക. അതിനു മുമ്പ് തന്നെ വിധി എഴുതരുത് -വിനോദ് ഗുരുവായൂര്‍ പറയുന്നു.
വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന 'മിഷന് സി' പെരുന്നാള്‍ റിലീസ് ആയി തിയറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്. മലയാളത്തിലും തമിഴിലും ഒരേ സമയമാണ് റിലീസ്. റിയലിസ്റ്റിക് ക്രൈം ആക്ഷന്‍ ത്രില്ലറില്‍ 'ക്യാപ്റ്റന്‍ അഭിനവ്' എന്ന കഥാപാത്രത്തെയാണ് കൈലാഷ് അവതരിപ്പിക്കുന്നത്. എം സ്ക്വയര്‍ സിനിമാസിന്റെ ബാനറില്‍ മുല്ല ഷാജി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മീനാക്ഷി ദിനേശ് ആണ് നായിക. ജോഷിയുടെ 'പൊറിഞ്ചു മറിയം ജോസി'ല്‍ മറിയത്തിന്റെ കൗമാരകാലം അവതരിപ്പിച്ച മീനാക്ഷി ദിനേശ് ആദ്യമായി നായികയാവുകയാണ് ഈ ചിത്രത്തിലൂടെ. മേജര്‍ രവി, ജയകൃഷ്ണന്, ഋഷി തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
കൈലാഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
അടുത്ത സിനിമയിലെ കഥാപാത്രമാവാനായി എന്നാലാവും വിധം മനസ്സിനെ പാകപ്പെടുത്തിക്കൊണ്ടായിരുന്നു കഴിഞ്ഞയാഴ്ച്ച വയനാടൻ ചുരം കയറിയത്. ഈ വേളയിൽ, 'മിഷൻ - സി' എന്ന ചിത്രത്തിലെ എന്റെ ക്യാരക്ടർ പോസ്റ്ററിനെ ചൊല്ലി മലനാട്ടിലാകെ ട്രോളുകൾ തലങ്ങും വിലങ്ങും പാഞ്ഞു തുടങ്ങിയെന്ന് ഞാനറിഞ്ഞത് പിന്നീടാണ്. വിമർശനങ്ങളെല്ലാം ഞാൻ ഏറ്റുവാങ്ങുന്നു; സ്വയം വിലയിരുത്താനും സ്വയം നവീകരിക്കാനും വേണ്ടി. നടനവിദ്യയുടെ മറുകര താണ്ടിയവർ ആരുമില്ലെങ്കിലും പല മഹാനടന്മാരെയും കണ്ടുപഠിക്കാനാണ് ഓരോ നിമിഷവും എന്റെ പരിശ്രമം. അതു പ്രായോഗികമാക്കാനാണ് എളിയ ഉദ്യമം. പക്ഷേ, മനപ്പൂർവ്വമുള്ള നോവിക്കലുകൾ എനിക്ക് തിരിച്ചറിയാനാവും. എങ്കിലും, ഇന്നീ ചുരം തിരിച്ചിറങ്ങുമ്പോൾ സന്തോഷം മാത്രമേയുള്ളൂ. വഴിയരികിൽ നിറയെ മഞ്ഞ പടർത്തി കണിക്കൊന്നകൾ...'മഞ്ഞ'യ്ക്കുമുണ്ട് വിവിധാർത്ഥങ്ങൾ. മഞ്ഞപ്പത്രത്തിലെ അമംഗളകരമായ മഞ്ഞയെയല്ല, മംഗളകരമായ മഞ്ഞയെ പുല്കാനാണ് ഇഷ്ടം. സ്നേഹിക്കുന്നരോടും ഒപ്പം നിൽക്കുന്നവരോടും കുറ്റപ്പെടുത്തുന്നവരോടും എന്നും പ്രിയം മാത്രം.
ഏവർക്കും വിഷു ദിനാശംസകൾ !
ഒപ്പം പുണ്യ റംസാൻ ആശംസകളും.
അടുത്ത സിനിമയിലെ കഥാപാത്രമാവാനായി എന്നാലാവുംവിധം മനസ്സിനെ പാകപ്പെടുത്തിക്കൊണ്ടായിരുന്നു കഴിഞ്ഞയാഴ്ച്ച വയനാടൻ ചുരം...
Posted by Kaillash on Tuesday, April 13, 2021