2018ന്റെ റെക്കോഡ് തകർത്തു; തമിഴ്‌നാട്ടിൽ ചരിത്രം രചിച്ച് മഞ്ഞുമ്മൽ ബോയ്‌സ്
|2018ന്റെ തമിഴ്‌നാട് കളക്ഷൻ ബഹുദൂരം പിന്നിലാക്കി മഞ്ഞുമ്മൽ ബോയ്‌സ് ഈ വർഷത്തെ തമിഴ്‌നാട്ടിലെ മൂന്നാമത്തെ വലിയ സിനിമ
2024ലെ മലയാളം റിലീസുകളിൽ ഏറ്റവും വലിയ വിജയമായി മഞ്ഞുമ്മൽ ബോയ്‌സ് മാറിക്കഴിഞ്ഞു. ആത്മബന്ധത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും കഥ പറയുന്ന സിനിമയ്ക്ക് കേരളത്തിൽ മാത്രമല്ല മറിച്ച് തമിഴ്‌നാട്ടിലും മികച്ച സ്വീകരണം തന്നെയാണ് ലഭിച്ചുവരുന്നത്. ഇപ്പോഴിതാ തമിഴ്‌നാട്ടിൽ ഏറ്റവും കളക്ഷൻ നേടിയ മലയാളം സിനിമ എന്ന റെക്കോഡും മഞ്ഞുമ്മൽ ബോയ്‌സ് സ്വന്തമാക്കിയിരിക്കുകയാണ്. നൂറുകോടി ഏറ്റവും വേഗത്തിൽ കളക്ഷൻ നേടുന്ന മലയാളം സിനിമ എന്ന റെക്കോഡിന് തൊട്ടുപിന്നാലെയാണ് സിനിമ പുതിയ നേട്ടം കൈവരിച്ചിരിക്കുന്നത്.
കഴിഞ്ഞവർഷം റിലീസ് ചെയ്ത ജൂഡ് ആന്റണി ജോസഫിന്റെ 2018 ആയിരുന്നു ഇതുവരെ തമിഴ്‌നാട്ടിൽ നിന്നും ഏറ്റവും പണം വാരിക്കൂട്ടിയ മലയാളം സിനിമ. 2.26 കോടിയായിരുന്നു 2018ന്റെ കളക്ഷൻ. എന്നാൽ ഈ കളക്ഷനെ ബഹുദൂരം പിന്നിലാക്കിക്കൊണ്ട് 20 കോടിയാണ് ഇതിനോടകം മഞ്ഞുമ്മൽ ബോയ്‌സ് തമിഴ്‌നാട് ബോക്‌സ് ഓഫീസിൽ നിന്നും കരസ്ഥമാക്കിയിരിക്കുന്നത്.
മലയാള സിനിമകൾക്ക് തമിഴ്‌നാട്ടിൽ വലിയൊരു ശതമാനം ആരാധകരുണ്ടെങ്കിലും അധികം സിനിമകൾക്കായും ആളുകൾ ആശ്രയിച്ചിരുന്നത് ഒടിടി പ്ലാറ്റ്‌ഫോമുകളെയായിരുന്നു. കൊവിഡിന് ശേഷമാണ് മലയാളം സിനിമകൾക്ക് തമിഴ് തീയറ്റർ ആസ്വാദകരിൽ നിന്നും മുമ്പെങ്ങുമില്ലാത്ത രീതിയിൽ സ്വീകാര്യത ലഭിക്കാൻ തുടങ്ങിയത്.
ഒപ്പം റിലീസ് ചെയ്ത തമിഴ് സിനിമകളെയെല്ലാം ബഹുദൂരം പിന്നിലാക്കിക്കൊണ്ടായിരുന്നു മഞ്ഞുമ്മൽ ബോയ്‌സിന്റെ ജൈത്രയാത്ര. രജനീകാന്ത് നായകനായ ലാൽ സലാമിനും മഞ്ഞുമ്മൽ ബോയ്‌സിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല.
2024 ഫെബ്രുവരി 22 ന് തിയറ്ററുകളിലെത്തിയ ചിത്രം ബോക്‌സോഫീസിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. പ്രമുഖരടക്കം നിരവധിപേരാണ് ഇതിനോടകം സിനിമയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്.