തീയറ്ററുകളില്‍ അമ്പത് ദിവസം പിന്നിട്ട് ആടുജീവിതം
|മള്‍ട്ടിപ്ലെക്സ് - ഒടിടി യുഗത്തിലും നൂറു തീയറ്ററുകളില്‍ അമ്പത് ദിവസം പിന്നിട്ടിരിക്കുകയാണ് ചിത്രം
മലയാളികള്‍ ഒന്നടങ്കം നെഞ്ചിലേറ്റിയ ആടുജീവിതം പുതിയ ഉയരങ്ങള്‍ കയ്യടക്കുന്നു. ഈ മള്‍ട്ടിപ്ലെക്സ് - ഒടിടി യുഗത്തിലും നൂറു തീയറ്ററുകളില്‍ അമ്പത് ദിവസം പിന്നിട്ടിരിക്കുകയാണ് പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്ത ചിത്രം.
നിരൂപകപ്രശംസയും പ്രേക്ഷകപ്രശംസയും ബോക്സോഫീസ് വിജയവും ഒരേപോലെ കൈവരിക്കാന്‍ കഴിഞ്ഞ ചുരുക്കം ചിത്രങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് ആടുജീവിതം. മലയാളസിനിമയ്ക്കും, മലയാളികള്‍ക്കുതന്നെയും അഭിമാനിക്കാവുന്ന ഒരു നേട്ടമാണ് ഇതെന്ന് നിസംശയം പറയാം. ആടുജീവിതം വെള്ളിത്തിരയിലെത്തിക്കാനുള്ള സംവിധായകന്‍ ബ്ലെസ്സിയുടെ ഒരു വ്യാഴവട്ടക്കാലത്തിലധികം നീണ്ടുനിന്ന പരിശ്രമവും, ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ നജീബിനെ അതിന്റെ പൂര്‍ണ്ണതയില്‍ അവതരിപ്പിക്കാനുള്ള പൃഥ്വിരാജിന്റെ കഠിനാധ്വാനവും, പ്രതികൂല സാഹചര്യങ്ങളെയൊന്നും വകവയ്ക്കാതെ ചിത്രത്തെ അത്രയേറെ മികവുറ്റതാക്കിയ അണിയറപ്രവര്‍ത്തകരുടെ നിശ്ചയദാര്‍ഢ്യവും ഫലം കണ്ടെന്നതിന്റെ നേര്‍ക്കാഴ്ച തന്നെയാണ് പ്രേക്ഷകര്‍ ആടുജീവിതത്തിനു നല്‍കുന്ന അഭൂതപൂര്‍വമായ ഈ വരവേല്‍പ്പ്.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയായ ആടുജീവിതത്തിൽ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറില്‍ ഒരുക്കിയ ചിത്രത്തില്‍ ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിരുന്നു.
പ്രൊഡക്ഷൻ കൺട്രോളർ - പ്രിൻസ് റാഫേൽ, ദീപക് പരമേശ്വരൻ, കോസ്റ്റ്യൂം ഡിസൈനർ - സ്റ്റെഫി സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - റോബിൻ ജോർജ്, ലൈൻ പ്രൊഡ്യൂസർ - സുശീൽ തോമസ്, പ്രൊഡക്ഷൻ ഡിസൈനർ - പ്രശാന്ത് മാധവ്, മേക്കപ്പ് - രഞ്ജിത്ത് അമ്പാടി, വീഡിയോഗ്രാഫി - അശ്വത്, സ്റ്റിൽസ് - അനൂപ് ചാക്കോ, മാർക്കറ്റിംഗ്: ക്യാറ്റലിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്‌ക്യൂറ എന്റർടൈൻമെന്റ്സ്, പിആർഒ: ആതിര ദിൽജിത്ത്