'ചാർലി' ജൂൺ 10 ന് എത്തും; മലയാളത്തിൽ അവതരിപ്പിക്കുന്നത് പൃഥ്വിരാജ്
|ചിത്രത്തിന്റെ തമിഴ് പതിപ്പ് കാർത്തിക് സുബ്ബരാജും തെലുങ്ക് പതിപ്പ് നാനിയുമാണ് അതാത് ഭാഷകളിൽ വിതരണം ഏറ്റെടുത്തിരിക്കുന്നത്.
കന്നഡ സൂപ്പർതാരം രക്ഷിത് ഷെട്ടിയെ നായകനാക്കി മലയാളിയായ കിരൺ രാജ് സംവിധാനം ചെയ്യുന്ന '777 ചാർലി' എന്ന ചിത്രം കേരളത്തിൽ അവതരിപ്പിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ്. ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി റിലീസ് ചെയ്യുന്ന ചിത്രം ജൂൺ 10 ന് തിയറ്ററുകളിലെത്തും.
ചാർലി എന്ന നായ്ക്കുട്ടിയും ധർമ്മ എന്ന യുവാവിന്റെയും ആത്മ ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. രക്ഷിത് ഷെട്ടിയാണ് ധർമയായി എത്തുന്നത്. രക്ഷിത് ഷെട്ടി ചിത്രമാണെങ്കിലും നായയാണ് പ്രധാന കഥാപാത്രമായി എത്തുന്നത്. നിവിൻ പോളി, ടൊവിനോ തോമസ്, ആസിഫ് അലി, ആന്റണി വർഗ്ഗീസ്, പൃഥ്വിരാജ് എന്നിവരുടെ സോഷ്യൽ മീഡിയ പേജ് വഴിയാണ് മലയാളം ട്രെയിലർ പുറത്തുവിട്ടത്.
'അവൻ ശ്രീമന്നാരായണ'യ്ക്കു ശേഷം രക്ഷിത് ഷെട്ടിയുടേതായി പുറത്തെത്തുന്ന ചിത്രമാണിത്. കിരൺരാജ് കെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ചിത്രം കോമഡി അഡ്വഞ്ചർ ഗണത്തിൽ പെടുന്നതാണ്. ചിത്രത്തിന്റെ തമിഴ് പതിപ്പ് കാർത്തിക് സുബ്ബരാജും തെലുങ്ക് പതിപ്പ് നാനിയുമാണ് അതാത് ഭാഷകളിൽ വിതരണം ഏറ്റെടുത്തിരിക്കുന്നത്. നായികയാവുന്നത് സംഗീത ശൃംഗേരിയാണ് രാജ് ബി ഷെട്ടി, ഡാനിഷ് സൈട്ട്, ബോബി സിംഹ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളായി എത്തുന്നത്.
മലയാളിയായ നോബിൻ പോളാണ് ചിത്രത്തിനു സംഗീതം നൽകിയിരിക്കുന്നത്. വിവിധ ഭാഷകളിലെ വരികൾ ഒരുക്കിയിരിക്കുന്നത് മനു മഞ്ജിത്, ടിറ്റോ പി തങ്കച്ചൻ, അഖിൽ എം ബോസ്, ആദി എന്നിവരാണ്. ചിത്രത്തിൻറെ മലയാളം ടീസർ ഗാനം പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ഛായാഗ്രഹണം: അരവിന്ദ് എസ് കശ്യപ്, എഡിറ്റിങ്: പ്രതീക് ഷെട്ടി, ഡയറക്ഷൻ ടീം: ശരത് മല്ലേഷ്, സൗരഭ് എ കെ, നിമിഷ കന്നത്ത്, കാർത്തിക് വട്ടികുട്ടി, ദാമിനി ധൻരാജ്, പ്രസാദ് കാന്തീരവ, നിതിൻ രാമചന്ദ്ര, രക്ഷിത് കൗപ്പ് എന്നിവർ, മീഡിയ പാർട്ണർ: മൂവി റിപ്പബ്ലിക്, പിആർഓ: മഞ്ജു ഗോപിനാഥ്, മാർക്കറ്റിങ്: ഹെയിൻസ്.