Movies
90 കിഡ്‌സ്... ആദ്യ പ്രാദേശിക സൂപ്പർഹീറോ ശക്തിമാൻ തിരിച്ചെത്തുന്നു, ബിഗ്‌സ്‌ക്രീനിൽ
Movies

90 കിഡ്‌സ്... ആദ്യ പ്രാദേശിക സൂപ്പർഹീറോ ശക്തിമാൻ തിരിച്ചെത്തുന്നു, ബിഗ്‌സ്‌ക്രീനിൽ

Web Desk
|
10 Feb 2022 3:40 PM GMT

ബ്രേവിങ് തോട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡുമായും ശക്തിമാനായി മുമ്പ് അഭിനയിച്ചിരുന്ന മുകേഷ് ഖന്നയുടെ ഭീഷ്മം ഇൻറർനാഷണലുമായി കൈ കോർത്താണ് സോണി പിക്‌ച്ചേഴ്‌സ് ചിത്രം പുറത്തിറക്കുന്നത്

തൊണ്ണൂറുകളിൽ ഇന്ത്യൻ ബാല്യങ്ങളുടെ ഹരമായിരുന്ന ആദ്യ പ്രാദേശിക സൂപ്പർഹീറോ ശക്തിമാൻ തിരിച്ചെത്തുന്നു. സോണി പിക്‌ച്ചേഴ്‌സിന്റെ ബാനറിൽ ബിഗ്‌സ്‌ക്രീനിലാണ് ശക്തിമാൻ തിരിച്ചെത്തുന്നത്. ചിത്രത്തിന്റെ ടീസർ സോണി പിക്‌ച്ചേഴ്‌സ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ശക്തിമാന്റെ ഉദയം കാണിക്കുന്ന വീഡിയോയിൽ മുമ്പത്തെ പരമ്പരയിലുണ്ടായിരുന്ന മാധ്യമപ്രവർത്തകൻ ഗംഗാധർ ശാസ്ത്രിയുടെ സിഗ്‌നേച്ചർ വസ്തുക്കളായ ക്യാമറ, കട്ടിക്കണ്ണട തുടങ്ങിയവയും ശക്തിമാൻ കഥാപാത്രത്തിന്റെ നെഞ്ചിലുള്ള എംബ്ലവുമാണ് കാണിക്കുന്നത്. മുംബൈ നഗരത്തിന്റെ ദൃശ്യങ്ങളും ടീസറിലുണ്ട്.

'മാനവരാശിയുടെ മേൽ ഇരുട്ടും തിന്മയും നിലനിൽക്കുന്നതിനാൽ അവന് മടങ്ങിവരാൻ സമയമായി' എന്ന വാചകങ്ങളും വീഡിയോയിൽ കണിക്കുന്നുണ്ട്. ഇന്ത്യയിലും ലോകത്തും നിരവധി സൂപ്പർ ഹീറോ ചിത്രങ്ങൾ വിജയകരമായി പ്രദർശിപ്പിക്കപ്പെട്ട സാഹചര്യത്തിൽ നമ്മുടെ പ്രാദേശിക സൂപ്പർ ഹീറോക്ക് വരാൻ സമയമായെന്ന് വീഡിയോക്കൊപ്പം പോസ്റ്റ് ചെയ്ത കുറിപ്പിൽ സോണി പിക്‌ച്ചേഴ്‌സ് പറഞ്ഞു. ബ്രേവിങ് തോട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡുമായും ശക്തിമാനായി മുമ്പ് അഭിനയിച്ചിരുന്ന മുകേഷ് ഖന്നയുടെ ഭീഷ്മം ഇൻറർനാഷണലുമായി കൈ കോർത്താണ് ചിത്രം പുറത്തിറങ്ങുന്നത്. നായകനായി ആര് അഭിനയിക്കുമെന്നോ ചിത്രം എപ്പോൾ റിലീസ് ചെയ്യുമെന്നോ നിർമാതാക്കൾ അറിയിച്ചിട്ടില്ല. ഒരു സൂപ്പർസ്റ്റാർ ശക്തിമാനായെത്തുമെന്നാണ് ചലച്ചിത്ര നിരീക്ഷകനായ തരൺ ആദർശിന്റെ അഭിപ്രായപ്പെടുന്നത്. ഒരു പ്രസിദ്ധ സംവിധായകനുമെത്തുമെന്നും അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു. ഒരു പരമ്പരയായാണ് ചിത്രമെത്തുമെന്നും വിവരമുണ്ട്.

1997ൽ ദൂരദർശനിലൂടെയാണ് ശക്തിമാൻ കഥാപത്രത്തെ അടിസ്ഥാനമാക്കിയുള്ള പരമ്പര പുറത്തിറങ്ങിയത്. മുകേഷ് ഖന്നയായിരുന്നു നായകകഥാപാത്രമായ ശക്തിമാനെ അവതരിപ്പിച്ചത്. കിടു ഗിദ്‌വാനി, വൈഷ്ണവി, സുരേന്ദ്രപാൽ, ടോം ആൾട്ടർ എന്നിവരും പരമ്പരയിലുണ്ടായിരുന്നു. വൻ വിജയമായിരുന്ന പരമ്പരയിൽ 450 എപ്പിസോഡുകളാണ് പുറത്തിറങ്ങിയത്. ഏകദേശം എട്ടു വർഷത്തോളം പരമ്പര കുട്ടികളടക്കമുള്ളവർക്ക് ഹരം പകർന്നു. ദുഷ്ട ശക്തികൾക്കെതിരെ പോരാടുന്ന അമാനുഷിക ശേഷിയുള്ള നായകനായിരുന്നു ശക്തിമാൻ.

1980 കളിൽ മുകേഷ് ഖന്നയാണ് ശക്തിമാനെന്ന സൂപ്പർഹീറോ കഥാപാത്രത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. 1997ൽ സ്‌ക്രീൻ മാഗസിന് നൽകിയ അഭിമുഖത്തിൽ നമ്മുടെ ഇന്ത്യൻ മിത്തുകളിലെ ധാരാളം ശക്തമായ കഥാപാത്രങ്ങളുണ്ടെന്നും എന്നാൽ സൂപ്പർമാനില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സൂപ്പർമാനും സ്‌പൈഡർമാനുമൊക്കെ നമുക്ക് അന്യരായാണ് തോന്നുകയെന്നും അതുകൊണ്ടാണ് ശക്തിമാനെ സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു. 2020 ൽ തന്നെ സിനിമയെ കുറിച്ച് ഇദ്ദേഹം പറഞ്ഞിരുന്നു. രാവൺ, ക്രിഷ് സിനിമകളേക്കാൾ വലുതായിരിക്കും സിനിമയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

90 Kids ... The first local superhero shakthiman mighty return, on the big screen

Similar Posts