'ആടുജീവിതം റിലീസ് എന്ന്, ആദ്യമെത്തുക ചലചിത്ര മേളയിലോ..? പൃഥ്വിരാജ് പറയുന്നു
|ബെന്യാമിന്റെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ അമല പോളാണ് നായിക
പൃഥ്വിരാജും ബ്ലസിയും ആദ്യമായി ഒന്നിക്കുന്ന ആടുജീവിതം എന്ന ചിത്രത്തിനായി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ബെന്യാമിന്റെ നോവൽ സിനിമയാക്കുന്നു എന്ന പ്രഖ്യാപനം മുതൽ ചിത്രത്തിന്റെ ഓരോ അപ്‌ഡേഷനുകൾക്കുമായി മലയാളി സിനിമാ പ്രേക്ഷകർ കാതോർക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് മനസ്സ് തുറന്നിരിക്കുകയാണ് നായകനായ പൃഥ്വിരാജ്. ചിത്രം തിയറ്ററിൽ റിലീസ് ചെയ്യുന്നതിന് മുൻപ് ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ഉണ്ടാകുമെന്നാണ് പൃഥ്വി പറഞ്ഞത്. താരത്തിന്റെ റിലീസാകാനിരിക്കുന്ന കാപ്പ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പൃഥ്വി ആടുജീവിതത്തെ കുറിച്ച് പറഞ്ഞത്.
ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ആടുജീവിതം റിലീസ് ചെയ്യുന്നതിന് മുമ്പ് 2023 ലെ കാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചിത്രത്തിന്റെ പ്രീമിയർ നടത്താൻ ആഗ്രഹിക്കുന്നുവെന്ന് താരം പറഞ്ഞു. എർ റഹ്‌മാൻ സാറിന്റെ ജോലികൾ അതിനുമുമ്പ് പൂർത്തിയാകുമോ എന്ന് ഉറപ്പില്ല, അത് ബ്ലെസി ചേട്ടന് അറിയണം. കാനിലേക്ക് എത്താൻ സാധിച്ചില്ലെങ്കിൽ, ഏതെങ്കിലും പ്രധാന ചലച്ചിത്രമേളയിൽ ചിത്രം പ്രദർശിപ്പിക്കും, തുടർന്ന് ലോകമെമ്പാടും റിലീസ് ചെയ്യും, പൃഥ്വി പറഞ്ഞു.
ആടുജീവിതം ഒരു വാണിജ്യ സിനിമയാണെന്നും താരം വ്യക്തമാക്കി. പദ്ധതി പ്രകാരം കാര്യങ്ങൾ നടന്നാൽ 2023 പകുതിയിൽ ചിത്രം റിലീസ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയിലെ മലയാളി ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബിന്റെ കഥയാണ് ചിത്രം പറയുന്നത്. ബെന്യാമിന്റെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ അമല പോളാണ് നായിക. 2018 ഫെബ്രുവരിയിലാണ് ഷൂട്ടിങ് ആരംഭിച്ചത്.