'ദൃശ്യം 2'വിന്റെ ടൈറ്റില്‍ ട്രാക്ക് പുറത്ത്; ഹിറ്റ് ആവർത്തിക്കാൻ അജയ് ദേവ്ഗൺ
|നവംബർ 18 ന് ചിത്രം തിയറ്ററുകളിലെത്തും
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യവും ദൃശ്യം2 ഉം വലിയ ഹിറ്റായിരുന്നു. വിവിധ ഭാഷകളിലായി ചിത്രം റീമേക്ക് ചെയ്തിരുന്നു. അജയ് ദേവ്ഗൺ നായകനായി എത്തുന്ന ദൃശ്യം2 ചിത്രം ബോളിവുഡിന് വൻ പ്രതീക്ഷയാണ് നൽകുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഹിന്ദി റീമേക്കിന്റെ ടൈറ്റിൽ ട്രാക്ക് അണിയറ പ്രവത്തകർ പുറത്തുവിട്ടിരിക്കുന്നു. ദൃശ്യം ആദ്യ ഭാഗത്തിന്റെ റീമേക്കും ഹിന്ദിയിൽ വൻ ഹിറ്റായിരുന്നു. നവംബർ 18 ന് ചിത്രം തിയറ്ററുകളിലെത്തും.
'വിജയ് സാൽഗോൻകറാ'യിട്ടാണ് ചിത്രത്തിൽ അജയ് ദേവ്ഗൺ എത്തുന്നത് നായികയായി ശ്രിയ ശരണും തബു, ഇഷിത ദത്ത, മൃണാൾ യാദവ്, രജത് കപൂർ, അക്ഷയ് ഖന്ന തുടങ്ങിയവരുമാണ് മറ്റു കഥാപാത്രങ്ങളിലെത്തുന്നത്. അഭിഷേക് പതക് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ സുധീർ കെ ചൗധരിയാണ്. മലയാളം പോലെ ബോളിവുഡിലും വൻ ഹിറ്റാകുമെന്ന പ്രതീക്ഷിക്കപ്പെടുന്ന ദൃശ്യം 2വിന്റെ സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആണ്.
ദൃശ്യം 1' ഹിന്ദി റീമേക്ക് ഒരുക്കിയ സംവിധായകൻ നിഷികാന്ത് കാമത്ത് 2020 ൽ അന്തരിച്ചിരുന്നു. പനോരമ സ്റ്റുഡിയോസ്, വൈക്കം18 സ്റ്റുഡിയോസ്, ടി സീരീസ് ഫിലിംസ് എന്നീ ബാനറുകളിൽ ഭുഷൻ കുമാർ, കുമാർ മങ്കട് പതക്, അഭിഷേക് പതക്, കൃഷൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ഈ വർഷം ഫെബ്രുവരി മധ്യത്തോടെ ആരംഭിച്ച ചിത്രീകരണം ജൂണിലാണ് അവസാനിച്ചത്. ഹൈദരാബാദിലായിരുന്നു പാക്കപ്പ്. ജൂൺ 21നായിരുന്നു ചിത്രീകരണം അവസാനിച്ചത്.
ദൃശ്യം ഒന്നാം ഭാഗം ബോക്‌സ് ഓഫീസിൽ മലയാളത്തിലെ ആദ്യ 50 കോടി എന്ന റെക്കോർഡിട്ടിരുന്നു. ആമസോൺ പ്രൈമിലൂടെ എത്തിയ ദൃശ്യം2 പ്രൈമിന് കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ വരിക്കാരെ കിട്ടാൻ കാരണമാവുകയും ചെയ്തു. മോഹൻലാലിനൊപ്പം മീന, സിദ്ധീക് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.