Movies
Jaladhara pumbset since 1962
Movies

15 വർഷമായി സിനിമയിൽ; ഇപ്പോഴും എന്നെ ആർക്കും അറിയില്ല.

Athulya Murali
|
16 Aug 2023 6:25 AM GMT

ജലധാരയിലെ ''ഉണ്ണി'' എന്ന കഥാപാത്രത്തിലൂടെ മലയാളികൾ എന്നെ തിരിച്ചറിയാൻ തുടങ്ങി.. നടൻ സാഗർ സംസാരിക്കുന്നു.

ഈ ഓഗസ്റ്റ് 11ന് ഇറങ്ങിയ ഒരു ഫാമിലി എന്റർടെയ്നർ മൂവിയാണ് ജലധാര പമ്പ്സെറ്റ് സിൻസ് 1962. ചിരിപ്പിച്ചും കരയിപ്പിച്ചും പ്രേക്ഷകർക്ക് നെഞ്ചോട് ചേർത്തു നിർത്താൻ പറ്റുന്ന ഫീൽ ഗുഡ് മൂവിയാണിത്.15 വർഷമായി മലയാള സിനിമ രംഗത്ത് പ്രവർത്തിക്കുന്ന നടൻ സാഗർ പ്രേക്ഷകശ്രദ്ധ നേടിയ പടമാണ് ജലധാര.ചിത്രത്തിന്റെ വിശേഷങ്ങളും പ്രേക്ഷക പ്രതികരണങ്ങളും നടൻ സാഗർ മീഡിയ വണ്ണുമായി പങ്കുവെക്കുന്നു.

"ജലധാര പമ്പ് സെറ്റ് സിൻസ് 1962"മൂവിയിൽ ശ്രദ്ധേയമായ ഒരു വേഷം ആണല്ലോ താങ്കൾ കൈകാര്യം ചെയ്തത്...ആ അനുഭവങ്ങൾ എന്തൊക്കെയായിരുന്നു?

ജലധാരയിൽ ഉടനീളം അഭിനയിച്ചത് ഉർവശി ചേച്ചിക്കൊപ്പംമാണ്. ചേച്ചിയുടെ കൂടെ അഭിനയിക്കാൻ വളരെ ആഗ്രഹിച്ചിരുന്നു, ആ ആഗ്രഹം നടന്നു. അത് നല്ല രീതിയിൽ തന്നെ ചെയ്യാൻ സാധിച്ചു എന്നാണ് എന്റെ വിശ്വാസം ഉർവശി ചേച്ചിയുടെ നല്ല രീതിയിലുള്ള പിന്തുണയുണ്ടായിരുന്നു. എല്ലാംകൊണ്ടും നല്ല അനുഭവങ്ങളായിയിരുന്നു.

ഇന്ദ്രൻസ്, ഉർവശി,ജോണി ആന്റണി,ടി. ജി. രവി തുടങ്ങിയ സീനിയർ താരങ്ങളുടെ കൂടെയാണ് താങ്കൾ ഈ സിനിമയിൽ അഭിനയിച്ചത് അവരുടെ കൂടെയുള്ള അനുഭവങ്ങൾ എങ്ങനെയായിരുന്നു?

ഇന്ദ്രൻസ് ഏട്ടനോടൊപ്പം ഞാൻ ഇതിനു മുൻപും അഭിനയിച്ചിട്ടുണ്ട്. 2013ൽ 2 സിനിമകളിൽ ഞങ്ങൾ ഒരുമിച്ച് ആയിരുന്നു.ഞാൻ വില്ലൻ കഥാപാത്രങ്ങളാണ് ചെയ്തത്, അക്കാലം മുതൽ ഇന്ദ്രൻസ് ചേട്ടനുമായി നല്ലൊരു ബന്ധമുണ്ട്. ഇടയ്ക്ക് ഞാൻ സിനിമകൾ ചെയ്യാതിരിക്കുമ്പോൾ നിരന്തരമായി സിനിമകൾ ചെയ്യണമെന്ന് അദ്ദേഹം പറയാറുണ്ട്.

ഉർവശി ചേച്ചിയെ പരിചയപ്പെടുന്നത് കഥ പറയാൻ പൊള്ളാച്ചി പോയപ്പോഴാണ്. പിന്നീട് ചേച്ചിക്ക് അത് ഇഷ്ടപ്പെട്ടു. അതിനുശേഷം തുടർച്ചയായി എല്ലാത്തിനും ചേച്ചിയുടെ നല്ല സഹകരണങ്ങൾ ഉണ്ടായിരുന്നു.

രവി ചേട്ടനെ പരിചയപ്പെടുന്നതും ജലധാരയുടെ തിരക്കഥ പറയുമ്പോഴാണ്.ഇപ്പോൾ രവിച്ചേട്ടൻ എനിക്ക് ഗുരുസ്ഥാനീയനാണ്, കാരണം അദ്ദേഹത്തെ പരിചയപ്പെട്ടത് മുതൽ ഇതുവരെ എല്ലാ കാര്യങ്ങൾക്കും നല്ല പിന്തുണയാണ് നൽകുന്നത് .തിയേറ്ററിൽ ജലധാര മത്സരിക്കുന്നത് വമ്പൻ പടങ്ങളുടെ കൂടെയാണ്. അതിന്റെ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്നുണ്ട്.കുടുംബ പ്രേക്ഷകർ സിനിമ കാണുന്ന സമയങ്ങളിൽ ജലധാരയ്ക്ക് തിയേറ്റർ കിട്ടാത്ത അവസ്ഥയുണ്ട്.ഈ ഒരു സമയത്തും ഒരു ജേഷ്ഠൻ സ്ഥാനത്തുനിന്ന് നല്ല രീതിയിലുള്ള പിന്തുണ നൽകുന്നുണ്ട്. അതുപോലെ ജോണി ചേട്ടനും നല്ല രീതിയിൽ സപ്പോർട്ട് ചെയ്യുന്നുണ്ട്.

സിനിമയിലെ ഉണ്ണിയെ കുറിച്ച് എന്താണ് പറയാൻ ഉള്ളത്?

ഞാൻ ഇതിനു മുൻപ് ചെയ്തതെല്ലാം കുറച്ച് പരുക്കൻ കഥാപാത്രങ്ങൾ ആയിരുന്നു. അതിൽ നിന്ന് വ്യത്യസ്തമായ കഥാപാത്രമാണ് ഉണ്ണി. എന്നെ സംബന്ധിച്ചിടത്തോളം ഹൃദയത്തോട് ചേർത്തുവയ്ക്കാൻ കഴിയുന്ന കഥാപാത്രം . പ്രേക്ഷകർക്ക് അത് ഇഷ്ടപ്പെടുമെന്നാണ് എന്റെ വിശ്വാസം. മറ്റു കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും പ്രേക്ഷകർ എന്നെ തിരിച്ചറിയില്ലായിരുന്നു, എന്നാൽ ഉണ്ണിയെ എല്ലാവരും തിരിച്ചറിയുന്നു. 'ജലധാര പമ്പ് സെറ്റ് സിൻസ് 1962' ഒരു റിയൽ സ്റ്റോറി ആണ് . ഇങ്ങനെ ഒരു ക്യാരക്ടർ ഇതിന്റെ റിയൽ സ്റ്റോറിയിലുംമുണ്ട്.

താങ്കൾ മലയാളസിനിമയിൽ അഭിനയം തുടങ്ങിയിട്ട് 15 വർഷമായി.ചെറിയ വേഷങ്ങൾ ആയിരുന്നതിനാൽ വേണ്ടത്ര പ്രേക്ഷക സ്വീകാര്യത ലഭിച്ചിട്ടില്ല.എന്നാൽ ജലധാര യിൽ മുഴുനീള കഥാപാത്രമാണ് ചെയ്യ്തത്,ഈ സിനിമക്ക് ശേഷമുള്ള പ്രേക്ഷക പ്രതികരണം എങ്ങനെ ആയിരുന്നു?

ജലധാര എന്റെ ആദ്യത്തെ സിനിമയാണെന്നാണ് പലരുടെയും ധാരണ. എന്നാൽ ഞാൻ ഇതിനു മുൻപും അഭിനയിച്ചിട്ടുണ്ട്. പരിമിതികൾക്കിടയിലും പ്രേക്ഷക ഭാഗത്തുനിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഒരുപാട് കോളുകളും മെസ്സേജുകളും വരുന്നുണ്ട്.ജലധാരയിലെ പ്രൊഡക്ഷനും ഞാൻ ചെയ്തിട്ടുണ്ട്,അതിന്റെതായ ഒരുപാട് ബുദ്ധിമുട്ടുകൾ തിയേറ്റർ കിട്ടാത്തതിന്റെ ഭാഗമായുണ്ട്.എന്നിരുന്നാലും പ്രേക്ഷക ഭാഗത്ത് നിന്നുള്ള പിന്തുണ വളരെ വലുതാണ്.

കൂടുതൽ പ്രോജക്റ്റുകൾ മലയാളികൾക്ക് കാണാൻ സാധിക്കുമോ?

ജലധാരയുടെ ഭാഗമായിരിക്കെ സുഹൃത്തുക്കളുടെ പ്രൊജക്ടുകളിൽ അവസരം വന്നിരുന്നു. എന്നാൽ അഭിനയിക്കാൻ സാധിച്ചില്ല, പെട്ടെന്ന് തന്നെ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷയുണ്ട്.

പ്രേക്ഷകരോട് "ജലധാര പമ്പ് സെറ്റ് സിൻസ് 1962" നെ കുറിച്ച് എന്താണ് പറയാൻ ഉള്ളത്?

ഇതൊരു ചെറിയ പടമാണ് എല്ലാവർക്കും ഇഷ്ടപ്പെടാം, റിയൽ സ്റ്റോറിയാണ്.നമ്മൾ അനുഭവിക്കുന്ന കാര്യങ്ങളെ രസകരമായി അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്.പോരായ്മകൾ ഉണ്ടാവും, പക്ഷേ ഞങ്ങളെപ്പോലുള്ള പുതിയ കലാകാരന്മാരെ എല്ലാവരും പിന്തുണച്ചാൽ മാത്രമേ ഞങ്ങൾക്ക് മുന്നോട്ട് പോകാൻ സാധിക്കൂ.എനിക്ക് പ്രേക്ഷകരോട് ഒന്നേ പറയാനുള്ളൂ.. എല്ലാവരും പടം തീയേറ്ററിൽ പോയി കാണുക.

വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ ബാനറിൽ ബൈജു ചെല്ലമ്മ, സാഗർ, സനിത ശശിധരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് 'ജലധാര പമ്പ്സെറ്റ് സിൻസ് 1962'.കോർട്ട് റൂം ആക്ഷേപഹാസ്യമാണ് ചിത്രത്തിൻ്റെ പ്രമേയം. വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്. ഇന്ദ്രൻസ്, ഉർവശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഷ് ചിന്നപ്പയാണ് സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്. ആക്ഷേപഹാസ്യ ഗണത്തിൽ വരുന്ന ചിത്രമാണ് ജലധാര പമ്പ്സെറ്റ് സിൻസ് 1962.സാഗർ, ജോണി ആൻ്റണി, ടി ജി രവി, വിജയരാഘവൻ, അൽത്താഫ്, ജയൻ ചേർത്തല, ശിവജി ഗുരുവായൂർ, സജി ചെറുകയിൽ, കലാഭവൻ ഹനീഫ്, തങ്കച്ചൻ വിതുര, വിഷ്ണു ഗോവിന്ദൻ, സനുഷ, നിഷ സാരംഗ്, അഞ്ജലി സുനിൽകുമാർ, സ്നേഹ ബാബു, ഷൈലജ അമ്പു, നിത കർമ്മ തുടങ്ങിയവരും അഭിനയിക്കുന്ന ജലധാര പമ്പ്സെറ്റ് സിൻസ് 1962 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത് പാലക്കാടാണ്. പ്രജിൻ എം പി, ആഷിഷ് ചിന്നപ്പ എന്നിവർ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥ സനു കെ ചന്ദ്രന്റേതാണ്.


Similar Posts