താടിയില്ലാതെ 'മക്കൾ സെൽവൻ'; വിജയ് സേതുപതിയുടെ 12 വർഷം മുമ്പുള്ള ചിത്രവുമായി അൽഫോൺസ് പുത്രൻ
|'ദി എയ്ഞ്ചൽ' എന്ന പേരിൽ അൽഫോൺസ് ഒരുക്കിയ തമിഴ് ഷോർട്ട് ഫിലിമിൽ വിജയ് സേതുപതി അഭിനയിച്ചിരുന്നു
തമിഴ് സൂപ്പർ സ്റ്റാർ വിജയ് സേതുപതിയുടെ പഴയ കാല ചിത്രം പങ്കുവെച്ച് മലയാളി സംവിധായകൻ അൽഫോൺസ് പുത്രൻ. 12 വർഷം മുമ്പ് അൽഫോൺസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം വീണ്ടും പങ്കുവെക്കുകയായിരുന്നു. 'ദി എയ്ഞ്ചൽ' എന്ന പേരിൽ അൽഫോൺസ് ഒരുക്കിയ തമിഴ് ഷോർട്ട് ഫിലിമിൽ വിജയ് സേതുപതി അഭിനയിച്ചിരുന്നു. അക്കാലത്തെ ചിത്രമാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നത്. ബോബി സിംഹയും ഷോർട്ട് ഫിലിമിൽ അഭിനയിച്ചിരുന്നു.
അൽഫോൺസ് പങ്കുവെച്ച ചിത്രത്തിന് താഴെ കമൻറുകളുമായി നിരവധി ആരാധകരാണ് എത്തിയിരിക്കുന്നത്. പൃഥിരാജിനെയും നയൻതാരയെയും പ്രധാന റോളുകളിൽ അഭിനയിപ്പിച്ച് അൽഫോൺസ് സംവിധാനം ചെയ്യുന്ന 'ഗോൾഡി'ൽ സേതുപതിയെ അതിഥി വേഷത്തിൽ കൊണ്ടുവരണം എന്നതടക്കം നിരവധി കമൻറുകൾ ബോക്സിൽ കാണാം. കമൽഹാസൻ നായകനായ 'വിക്ര'മിലും വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത കാത്തുവാക്കുള്ളെ രണ്ടു കാതലി'ലുമാണ് വിജയ് സേതുപതിയുടേതായി ഈയടുത്ത് പുറത്തിറങ്ങിയത്.