Movies
വില്ലനായി തുടങ്ങി, സിനിമയോട് എന്നും വ്യത്യസ്ത കാഴ്ചപ്പാട്, ഡിഎൻഎയിൽ ഡിവൈഎസ്പിയായി പദ്മരാജ് രതീഷ്
Movies

വില്ലനായി തുടങ്ങി, സിനിമയോട് എന്നും വ്യത്യസ്ത കാഴ്ചപ്പാട്, ഡിഎൻഎയിൽ ഡിവൈഎസ്പിയായി പദ്മരാജ് രതീഷ്

Web Desk
|
13 Jun 2024 7:57 AM GMT

വില്ലൻ കഥാപാത്രങ്ങൾ ചെയ്യണമെന്ന ആ​​ഗ്രഹവുമായി സിനിമാ ജീവിതത്തിന് തുടക്കമിട്ട ആളാണ് പ​ദ്മരാജ് രതീഷ്

തുടക്കം മമ്മൂട്ടിയുടെ വില്ലനായി... പൂച്ചക്കണ്ണുകളുള്ള വില്ലൻ, എവിടെയോ കണ്ട് മറന്ന മുഖം. ആദ്യ കാഴ്ചയിൽ തന്നെ മലയാളി പ്രേക്ഷകരുടെ മനസിലേക്ക് കയറികൂടിയ നടനാണ് പദ്മരാജ് രതീഷ്.

വില്ലൻ കഥാപാത്രങ്ങൾ ചെയ്യണമെന്ന ആ​​ഗ്രഹവുമായി സിനിമാ ജീവിതത്തിന് തുടക്കമിട്ട ആളാണ് പ​ദ്മരാജ് രതീഷ്. അഭിനയകാലം തുടങ്ങി ഒരു പതിറ്റാണ്ടാകുമ്പോൾ ഏത് കഥാപാത്രവും തന്റെ കൈയിൽ ഭദ്രമാണെന്ന് ഉറപ്പുനൽകുകയാണ് പദ്മരാജ്.

മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച ടിഎസ് സുരേഷ് ബാബുവിന്റെ ഡിഎൻഎ എന്ന ചിത്രത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥനായാണ് പദ്മരാജ് എത്തുന്നത്.

കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, പ്രായിക്കര പാപ്പാൻ, ഉപ്പുകണ്ടം ബ്രദേഴ്സ്, പാളയം, മാന്യന്മാർ തുടങ്ങി നിരവധി സിനിമകളുടെ സംവിധായകൻ ടിഎസ് സുരേഷ് ബാബു ഒരിടവേളയ്ക്ക് ശേഷം ചെയ്യുന്ന ചിത്രത്തിന്റെ ഭാ​ഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പദ്മരാജ്. പുതിയ സിനിമയുടെയും അഭിനയജീവിതത്തിന്റെയും വിശേഷങ്ങൾ മീഡിയവണ്ണിനോട് പങ്കുവെക്കുകയാണ് പദ്മരാജ്.





ഇനി പൊലീസ് കുപ്പായം തുന്നേണ്ടി വരുവോ?

പൂർണമായും ഇൻവെസ്റ്റി​ഗേറ്റീവ്-ആക്ഷൻ-മൂഡിലുള്ള ചിത്രമാണ് ഡിഎൻഎ. ഡിവൈഎസ്പി ആനന്ദ് രാജ് എന്ന കഥാപാത്രമായാണ് ഡിഎൻഎയിൽ ചെയ്യുന്നത്. സിനിമയിൽ ഇതുവരെ കുറച്ചധികം പൊലീസ് കഥാപാത്രങ്ങൾ ചെയ്തു. സ്വന്തമായി ഒരു പൊലീസ് കുപ്പായം തുന്നിപ്പിച്ച് വെക്കേണ്ട അത്രയ്ക്ക് പൊലീസ് കഥാപാത്രങ്ങളായെന്ന് തമാശയായി പറയുകയാണ് പദ്മരാജ്. റായ് ലക്ഷ്മിയാണ് ഡിഎൻഎയിൽ‌ മുഖ്യകഥാപാത്രമായി എത്തുന്നത്. ചിത്രത്തിൽ ആദ്യാവസാനം പ്രധാന്യമുള്ള കഥാപാത്രമാണ് ഡിഎൻഎയിലേത്. കുറ്റാന്വേഷണത്തിന്റെ ഓരോഘട്ടത്തിലും റായ് ലക്ഷ്മിയുടെ കഥാപാത്രം നയിക്കുന്ന ഇൻവെസ്റ്റി​ഗേറ്റീവ് ടീമിന്റെ ഒപ്പമുണ്ട് ആനന്ദ് രാജ്.

മനസിൽ വളർന്ന വില്ലൻ

കമ്മീഷണർ സിനിമയിലെ മോഹൻദാസിലൂടെയാണ് അച്ഛനെ ആദ്യമായി ഒരു ആക്ടർ എന്ന നിലയിൽ കാണുന്നത്. അച്ഛൻ അഭിനയിക്കാനുള്ള പരിശീലനം നൽകുന്ന കാലത്തൊക്കെ ഈ കഥാപാത്രമായിരുന്നു മനസിൽ. ഫസ്റ്റ് ഇംപ്രഷനുണ്ടാക്കിയത് വില്ലൻ കഥാപാത്രങ്ങൾ ചെയ്യണമെന്ന ആ​ഗ്രഹമായിരുന്നു.

സിനിമയിൽ പലവിധ കഥാപാത്രങ്ങളെ അറിഞ്ഞ് തുടങ്ങിയപ്പോൾ ക്യാരക്ടർ റോളുകൾ ചെയ്യണമെന്നുണ്ട്. ഇപ്പോൾ വില്ലൻ കഥാപാത്രങ്ങൾ മാത്രമല്ല മനസിൽ. ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങൾ ചെയ്യാനാണ് താത്പര്യം. അതിൽ വാണിജ്യഘടകം പ്രധാനമല്ല. മുഴുവനായും ഓഫ് ബീറ്റായ 'എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ' എന്ന സിനിമയിലേക്ക് എത്താനുള്ള കാരണം അതാണ്. ഒരു രാത്രി ബസ് യാത്രയിൽ കണ്ടുമുട്ടുന്ന രണ്ട് അപരിചിതരിലൂടെയാണ് കഥ വികസിക്കുന്നത്. സോളോ യാത്രകൾ നിരവധി ചെയ്യുന്ന ആളായത് കൊണ്ട് കഥ കൂടുതൽ കണക്ട് ചെയ്യാൻ പറ്റി. ഇത്തരം സിനിമകൾ നടൻ എന്ന നിലയിൽ ഒരുപാട് അനുഭവങ്ങൾ തരാൻ സഹായിക്കും. കഥാപാത്രത്തിന് സിനിമയിലെ പ്രാധാന്യം, സംവിധായകൻ, കൂടെ അഭിനയിക്കുന്നവർ എന്നിങ്ങനെയുള്ള ഘടകങ്ങളും സിനിമ തെരഞ്ഞെടുക്കുമ്പോൾ നോക്കാറുണ്ട്.

കൊളജിലെ ആരാധിച്ചിരുന്ന റായ് ലക്ഷ്മി

ഡിഎൻഎ സിനിമയിൽ ഡിവൈഎസ്പി കഥാപാത്രം ചെയ്യാനായി വിളിക്കുന്നത് സുരേഷ് ബാബു സാറാണ്. അച്ഛന്റെ നിരവധി സിനിമകൾ ചെയ്ത ആളാണ്. സുരേഷ് ബാബു സാറിൻെറ കൂടെ വർക്ക് ചെയ്തപ്പോൾ അച്ഛന്റെ പല കഥകളും അറിയാനുള്ള അവസരം കൂടിയായിരുന്നു. അയൽക്കാരുമായിരുന്നു. കഥാപാത്രത്തിന് അനുയോജ്യനാണെന്ന് തോന്നിയപ്പോൾ വിളിക്കുകയായിരുന്നു. സിനിമയിലേക്ക് തല മൊട്ടയടിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു.

കൊളജിൽ പഠിക്കുമ്പോഴും മറ്റും ആരാധനയോടെ നോക്കിയിരുന്ന ആളാണ് റായ് ലക്ഷ്മി. അവരോടൊപ്പം അഭിനയിക്കാൻ പറ്റിയത് നല്ലൊരു അനുഭവം ആയിരുന്നു. സിനിമയിലെ കേന്ദ്രകഥാപാത്രമായ അഷ്കർ സൗദാനെ കുടുംബപരമായും അറിയാമായിരുന്നു. അഷ്കറുമായി നല്ല പരിചയമുണ്ടാക്കാനും സാധിച്ചു. നോമ്പ് കാലത്തായിരുന്നു സിനിമയുടെ ഷൂട്ട്. നോമ്പ് തുറയും

കഥാപാത്രവും പുതിയ സിനിമയും

മഹാവീര്യർ എന്ന സിനിമയിൽ ഒരു പൊലീസ് ഉദ്യോ​ഗസ്ഥന്റെ കഥാപാത്രമാണ് ചെയ്തത്. തയ്യാറെടുപ്പുകൾക്ക് വേണ്ടി സംവിധായകൻ എബ്രിഡ് ഷൈൻ ഒരു പൊലീസ് ഓഫീസറെ പരിചയപ്പെടുത്തിയിരുന്നു.

ഇപ്പോൾ കോപ് മൂവിസിൽ എല്ലാം തന്നെ ലൊക്കേഷനിൽ ഒരു പൊലീസ് ഓഫീസറുടെ സഹായമുണ്ടാകും, സ്ക്രിപ്റ്റിനെ സഹായിക്കാൻ. അതല്ലാതെ കഥാപാത്രത്തിന് ലയേഴ്സ് ഉണ്ടാക്കാനുള്ള പഠനങ്ങൾ സ്വയവും നടത്തി.

സിനിമ ചെയ്യാൻ ആ​ഗ്രഹിച്ച കാലം മുതൽ വില്ലൻ, വില്ലൻ എന്നു തന്നെയായിരുന്നു മനസ്സിൽ. കോമഡി റോളിലേക്കുള്ള ട്രാൻസിഷൻ ഉണ്ടാകുമോയെന്ന് പലരും ചോദിച്ചിരുന്നു. ഇത്രയും കാലം ചെയ്തതിൽ നിന്ന് വ്യത്യസ്തമായി ഡാർക്ക് ഷെയ്ഡിൽ നിന്ന് മാറിയിട്ടുള്ള ഒരു കഥാപാത്രമാണ് റിലീസിന് ഒരുങ്ങുന്ന പുഷ്പകവിമാനം എന്ന ചിത്രത്തിൽ ചെയ്തിരിക്കുന്നത്. മുഴുവൻ കോമഡി റോളല്ല. എങ്ങനെയുണ്ടാകുമെന്നറിയാനുള്ള ഒരു ട്രയൽ. ഇനി റിലീസിനുള്ള ചിത്രം പുഷ്പക വിമാനം ആണ്.

Similar Posts