'പോപ്പ്കോണും വാങ്ങി തയ്യാറായിക്കോളൂ'; മിന്നല്‍ മുരളി കുടുംബസമേതം കാണണമെന്ന് അഞ്ജലി മേനോന്‍
|ജിയോ മാമി മുംബൈ ഫിലിം ഫെസറ്റിവലില്‍ നടന്ന വേള്‍ഡ് പ്രീമിയറിനു പിന്നാലെ ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് പുറത്തുവരുന്നത്.
ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളിക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ഒ.ടി.ടി റിലീസിന് മുന്നോടിയായി കഴിഞ്ഞ ദിവസം ജിയോ മാമി മുംബൈ ഫിലിം ഫസ്റ്റിവലില്‍ ചിത്രത്തിന്‍റെ വേള്‍ഡ് പ്രീമിയര്‍ നടന്നിരുന്നു. ഇതിനു പിന്നാലെ മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തെക്കുറിച്ച് പുറത്തുവന്നത്. ഇതില്‍ സംവിധായിക അഞ്ജലി മേനോന്‍റെ വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്. നെറ്റ്ഫ്ലിക്സില്‍ എത്തുമ്പോള്‍ മിന്നല്‍ മുരളി കാണാന്‍ കുടുംബ സമേതം തയ്യാറായിക്കോളൂ എന്നാണ് അഞ്ജലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
"കഴിഞ്ഞ രാത്രി മിന്നല്‍ മുരളിയുടെ വേള്‍ഡ് പ്രീമിയറില്‍ ചിത്രം വലിയ സ്‌ക്രീനില്‍ കണ്ടു. ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കോമഡി ചിത്രത്തില്‍ നിന്ന് നാട്ടിന്‍പുറത്തെ സൂപ്പര്‍ഹീറോ ചിത്രത്തിലേക്ക് എത്തുന്ന ഒരു മനോഹര ചിത്രമാണിത്. ഫാന്റസിക്കിടയിലും മിന്നല്‍ മുരളിയില്‍ നിന്ന് ആ ഗ്രാമത്തിന്‍റെ രസം വിട്ട് പോകുന്നില്ല," അഞ്ജലി കുറിച്ചു. സിനിമയുടെ പ്രദര്‍ശന സമയത്ത് ടൊവിനോ, ബേസില്‍, സോഫിയ പിന്നെ ചിത്രത്തിന്റെ അണിയറപ്രര്‍ത്തകരും അവിടെ ഉണ്ടായിരുന്നു. അവരുടെ ആവേശവും സന്തോഷവും സിനിമ തുടങ്ങുന്നതിന് മുമ്പ് തന്നെ ഞങ്ങളുടെ മനസില്‍ മിന്നല്‍ മുരളിയെ വിജയിപ്പിച്ചിരുന്നുവെന്നും അഞ്ജലി മേനോന്‍ പറയുന്നു.
മുംബൈ ഫിലിം ഫെസ്റ്റിവലും നെറ്റ്ഫ്‌ലിക്‌സും ഒരു പുതിയ മൂവ്‌മെന്റിന് തുടക്കമിട്ടിരിക്കുകയാണ്. ഇതിലൂടെ ദേശീയ തലത്തിലുള്ള പ്രേക്ഷകര്‍ക്ക് ഇന്ത്യയില്‍ നിന്നുള്ള സിനിമകള്‍ ആസ്വദിക്കാന്‍ സാധിക്കുന്നു. ഡിസംബര്‍ 24ന് നെറ്റ്ഫ്ലിക്സില്‍ മിന്നല്‍ മുരളി സ്ട്രീം ചെയ്യുമ്പോള്‍ പോപ്പുകോണുമായി കുടുംബസമേതം തന്നെ കാണണമെന്നും അഞ്ജലി ആഹ്വാനം ചെയ്യുന്നുണ്ട്.
തിയറ്ററില്‍ കാണേണ്ട സിനിമയാണ് മിന്നല്‍ മുരളിയെന്നാണ് വേള്‍ഡ് പ്രീമിയറിനു പിന്നാലെ വന്ന അഭിപ്രായങ്ങള്‍. പ്രേക്ഷകനെ പിടിച്ചിരുത്തുന്ന വളരെ റിയലിസ്റ്റിക്കായ സൂപ്പര്‍ ഹീറോ ചിത്രമാണ് മിന്നല്‍ മുരളിയെന്നും ഒ.ടി.ടി റിലീസ് ആയതിനാല്‍ മലയാള സിനിമയ്ക്ക് ഒരു ബെഞ്ച് മാര്‍ക്കായിരിക്കുമെന്നും വിലയിരുത്തലുകളുണ്ട്.
നെറ്റ്ഫ്ളിക്സിന്‍റെ ക്രിസ്‍മസ് റിലീസാണ് 'മിന്നല്‍ മുരളി'. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‍സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിര്‍മിക്കുന്നത്. സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. വ്ളാദ് റിംബര്‍ഗാണ് ആക്ഷന്‍ ഡയറക്ടര്‍. അരുണ്‍ എ ആര്‍, ജസ്റ്റിന്‍ മാത്യുസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.