ചോദിച്ചു വാങ്ങിയ വേഷം; ആഷിഖ് അബു ചിത്രം 'റൈഫിൾ ക്ലബ്ബിൽ' വില്ലനായി അനുരാഗ് കശ്യപ്, ആദ്യ മലയാളചിത്രം
|കാസ്റ്റിംഗ് കോൾ പോസ്റ്ററിന് താഴെ 'അതിഥി വേഷത്തിന് നിങ്ങൾക്ക് മുംബൈയിൽ നിന്ന് ഒരു ഉത്തരേന്ത്യൻ നടനെ ആവശ്യമുണ്ടോ' എന്ന് അനുരാഗ് കശ്യപ് കമന്റ് ചെയ്തിരുന്നു
ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'റൈഫിൾ ക്ലബ്ബ്' എന്ന ചിത്രത്തിൽ വില്ലനായി ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ് എത്തുന്നു. മലയാളത്തിൽ ആദ്യമായിട്ടാണ് അനുരാഗ് കശ്യപ് അഭിനയിക്കുന്നത്. നേരത്തെ നയൻതാര ചിത്രം 'ഇമൈക്ക നൊടികളി'ൽ വില്ലനായി അനുരാഗ് കശ്യപ് തമിഴിൽ എത്തിയിരുന്നു.
നേരത്തെ ചിത്രത്തിന്റെ കാസ്റ്റിംഗ് കോൾ പോസ്റ്ററിന് താഴെ 'അതിഥി വേഷത്തിന് നിങ്ങൾക്ക് മുംബൈയിൽ നിന്ന് ഒരു ഉത്തരേന്ത്യൻ നടനെ ആവശ്യമുണ്ടോ' എന്ന് അനുരാഗ് കശ്യപ് കമന്റ് ചെയ്തിരുന്നു. 'അതെ സർജി, സ്വാഗതം' എന്നായിരുന്നു ഇതിന് ആഷിഖ് അബു നൽകിയ മറുപടി.
ഇതിന് പിന്നാലെയാണ് ചിത്രത്തിലെ വില്ലൻ റോളിലേക്ക് അനുരാഗ് കശ്യപിനെ കാസ്റ്റ് ചെയ്തിരിക്കുന്നത്. ദിലീഷ് കരുണാകരനൊപ്പം ഷറഫും സുഹാസുമാണ് റൈഫിൾ ക്ലബ്ബിന്റെ തിരക്കഥയൊരുക്കുന്നത്. അനുരാഗ് കശ്യപിനൊപ്പം ദിലീഷ് പോത്തൻ, സൗബിൻ ഷാഹിർ തുടങ്ങിയവരും ചിത്രത്തിൽ ഉണ്ട്.
ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അണിയറ പ്രവർത്തകർ പുറത്തുവിടും. റൈഫിൾ ക്ലബിന്റെ സഹ തിരക്കഥാകൃത്തായ ദിലീഷ് കരുണാകരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ലൗലിയിൽ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ആഷിഖ് അബുവാണ്. പിആർഒ ആതിര ദിൽജിത്ത്.