Movies
Vivek Agnihotriവിവേക് അഗ്നിഹോത്രി
Movies

'മോദിയെ പിന്തുണക്കുന്നത് കൊണ്ട് ബോളിവുഡിലുള്ളവർ എന്നെ ഇഷ്ടപ്പെടുന്നില്ല': വിവേക് അഗ്നിഹോത്രി

Web Desk
|
12 Feb 2023 7:53 AM GMT

'രാഷ്ട്രീയ സിനിമ എടുക്കുന്നയാളാണ് നിങ്ങളെന്നാണ് എന്നോട് പറയുന്നത്. ആർക്കാണ് ഇവിടെ രാഷ്ട്രീയക്കാരുമായി ബന്ധമില്ലാത്തത്'

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണക്കുന്നത് കൊണ്ട് ബോളിവുഡിലുള്ളവരാരും തന്നെ ഇഷ്ടപ്പെടുന്നില്ലെന്ന് സംവിധായകൻ വിവേക് അഗ്നിഹോത്രി. ടൈംസ് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാറൂഖ് ഖാനുമായി പ്രശ്‌നമൊന്നുമില്ലെന്നും കഴിവും ബുദ്ധിയുമുള്ള നടനാണ് അദ്ദേഹമെന്നും അഗ്നിഹോത്രി പറഞ്ഞു. പഠാൻ സിനിമയിലെ ബേഷറങ് ഗാനത്തിന് പിന്നാലെ സിനിമ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനങ്ങൾക്കിടയിലും സിനിമ ഹിറ്റായത് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'പ്രധാനമന്ത്രിയുമായുള്ള അടുപ്പത്തെ തുടർന്ന് ബോളിവുഡിലെ പലരും എന്നെ ഇഷ്ടപ്പെടുന്നില്ല. രാഷ്ട്രീയ സിനിമ എടുക്കുന്നയാളാണ് നിങ്ങളെന്നാണ് എന്നോട് പറയുന്നത്. ആർക്കാണ് ഇവിടെ രാഷ്ട്രീയക്കാരുമായി ബന്ധമില്ലാത്തത്, രാജീവ് ഗാന്ധിയുടെ അടുത്ത സുഹൃത്തായിരുന്നില്ലെ അമിതാഭ് ബച്ചൻ, പ്രിയങ്ക ഗാന്ധി സോണിയാ ഗാന്ധി എന്നിവരുമായി അടുപ്പമില്ലെ ഷാറൂഖിന്? നർമദ പ്രക്ഷോഭത്തിൽ മേധ പട്കർക്കൊപ്പം ആമിർഖാൻ ഇരുന്നില്ലെ ? ഇതെല്ലാം രാഷ്ട്രീയമല്ലെ? പിന്നെ എന്തിനാണ് എന്നെ മാത്രം ലക്ഷ്യം വെക്കുന്നത്' അഗ്നിഹോത്രി ചോദിക്കുന്നു.

ഷാരൂഖ് ഖാനെ കുറിച്ച് മോശമായി എന്തെങ്കിലും പറയുമ്പോൾ ട്രോളാൻ വരുന്നവർ കോൺഗ്രസിൽ നിന്നുള്ളവരാണ്. ഷാറൂഖിനെക്കുറിച്ച് ഒരു വാക്ക് പറയൂ, ബോളിവുഡിലെ ബാദ്ഷായെ പിന്തുണയ്ക്കാൻ ആരൊക്കെ വരുന്നു എന്ന് നോക്കൂ, കോൺഗ്രസാണത്. ആരാണ് ഈ സിനിമയെ പ്രമോട്ട് ചെയ്യുന്നത്, അതും കോൺഗ്രസാണ്- അഗ്നിഹോത്രി പറഞ്ഞു. കശ്മീർ പണ്ഡിറ്റുകളുടെ വിഷയം ചർച്ച ചെയ്ത കശ്മീർ ഫയൽസിന് വേണ്ടി ബി.ജെ.പി പ്രവർത്തകർ രംഗത്ത് വന്നാൽ എന്താണ് പ്രശ്നം. ആരാണ് മമത ബാനർജി സംഘടിപ്പിച്ച ചടങ്ങിലേക്ക് പോയത്, ഞാൻ അവിടേക്ക് പോയോ? വിവേക് അഗ്നിഹോത്രി പറയുന്നു.

മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ നിന്നാണ് പഠാൻ സിനിമക്ക് വേണ്ടിയുളള കൂട്ട ബുക്കിങ് നടന്നതെന്നും അഗ്നിഹോത്രി പറഞ്ഞു. കശ്മീർഫയൽസ് ടിക്കറ്റിനായി കൂട്ട ബുക്കിങ് നടന്നുവെന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പഠാൻ സിനിമയുടെ ടിക്കറ്റിന് വേണ്ടി കൂട്ടബുക്കിങ് നടന്ന മുസാഫർപൂർ, ചാർമിനാർ, ഭോപാൽ, ലക്‌നൗ എന്നിവിടങ്ങളെല്ലാം മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളോ കോണ്‍ഗ്രസിന് ഭൂരിപക്ഷമുള്ള പ്രദേശങ്ങളോ ആണെന്നും അഗ്നിഹോത്രി പറഞ്ഞു. എന്റെ സിനിമയുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചോദിച്ചാൽ തിരിച്ചുംചോദ്യം വരുമെന്നും ആരെയും ഭയപ്പെടുന്നില്ലെന്നും അഗ്നിഹോത്രി വ്യക്തമാക്കി.

Related Tags :
Similar Posts