രൺബീർ- ആലിയ ചിത്രം ബ്രഹ്മാസ്ത്ര; ദക്ഷിണേന്ത്യൻ വിതരണാവകാശം ഏറ്റെടുത്ത് രാജമൗലി
|2022 സെപ്തംബർ ഒമ്പതിന് ചിത്രം റിലീസ് ചെയ്യും
രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ബ്രഹ്മാണ്ഡ ചിത്രം 'ബ്രഹ്മാസ്ത്ര'യുടെ ദക്ഷിണേന്ത്യൻ വിതരണാവകാശം ഏറ്റെടുത്ത് സംവിധായകന്‍ എസ്.എസ്. രാജമൗലി. മൂന്ന് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രം തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ രാജമൗലി തിയറ്ററുകളിലെത്തിക്കും.
അയൻ മുഖർജി ഒരുക്കുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, നാഗാർജുന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇന്ത്യൻ പുരാണങ്ങളിലെ സങ്കൽപ്പങ്ങളില്‍ നിന്നും കഥകളില്‍ നിന്നും പ്രചോദനം ഉൾക്കൊണ്ട് ആധുനിക ലോകത്തിൽ സജ്ജീകരിച്ചിരിക്കുന്ന പുതിയ സിനിമാറ്റിക് പ്രപഞ്ചമാണ് ബ്രഹ്മാസ്ത്രയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.
"സ്നേഹത്തിന്റെയും അഭിനിവേശത്തിന്റെയും അധ്വാനമാണ് സിനിമ. ബാഹുബലിക്ക് വേണ്ടി ഞാൻ ചെയ്തതുപോലെ, ബ്രഹ്മാസ്ത്ര നിർമിക്കാൻ അയൻ സമയം ചെലവഴിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്റെ മനസിനോട് ചേർന്നുകിടക്കുന്ന ചലച്ചിത്ര നിർമാണ യാത്രയാണ് ബ്രഹ്മാസ്ത്ര. അയന്റെ ഈ ദർശനം ഇന്ത്യൻ സിനിമയിലെ ഒരു പുതിയ അധ്യായമാണ്, ബാഹുബലിക്ക് ശേഷം ഒരിക്കൽ കൂടി ധർമ്മ പ്രൊഡക്‌ഷൻസുമായി സഹകരിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു," ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ ലോഞ്ചിങ് വേളയില്‍ രാജമൗലി വ്യക്തമാക്കി.
ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും ധര്‍മ പ്രൊഡക്ഷൻസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശ്രീകര്‍ പ്രസാദാണ് ചിത്ര സംയോജനം. 2022 സെപ്തംബർ ഒമ്പതിന് ചിത്രം റിലീസ് ചെയ്യും.