റിലീസ് തിയ്യതി നാളെ; 'കടുവ'യിലെ നായകന്റെ പേര് മാറ്റണമെന്ന് സെൻസർ ബോർഡ്
|പൃഥ്വിരാജ് അഭിനയിക്കുന്ന കടുവാക്കുന്നേൽ കുറുവാച്ചൻ എന്ന നായകന്റെ പേര് ഒരു വ്യക്തിയുമായി ബന്ധപ്പെടുത്താനാകുന്നതിനാൽ മാറ്റണമെന്നാണ് നിർദേശം
പൃഥ്വിരാജ് ചിത്രമായ 'കടുവ'യുടെ റിലീസ് നാളെ നടത്താൻ നിശ്ചയിച്ചിരിക്കെ നായക കഥാപാത്രത്തിന്റെ പേര് മാറ്റണമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ. ജോസ് കുരുവിനാക്കുന്നലിന്റെ പരാതിയിലാണ് ബോർഡിന്റെ ഉത്തരവ്. പൃഥ്വിരാജ് അഭിനയിക്കുന്ന കടുവാക്കുന്നേൽ കുറുവാച്ചൻ എന്ന നായകന്റെ പേര് ഒരു വ്യക്തിയുമായി ബന്ധപ്പെടുത്താനാകുന്നതിനാൽ മാറ്റണമെന്നാണ് നിർദേശം.
കുരുവിനാൽക്കുന്നേൽ കുറുവാച്ചനെന്നാണ് പരാതിക്കാരനായ ജോസ് കുരുവിനാക്കുന്നേൽ അറിയപ്പെടുന്നത്. കഥാപാത്രത്തിന്റെ പേരും കഥയും ഇദ്ദേഹവുമായും ജീവിതവുമായും ബന്ധമുണ്ടെന്നാണ് പരാതിക്കാർ വാദിച്ചത്. സിനിമയിലെ കഥാപാത്രത്തിന്റെ പേര് മാറ്റണമെന്ന് നിർദേശിച്ച ബോർഡ് സിനിമ പരാതിക്കാരന്റെ ജീവിതത്തിന്റെ ആവിഷ്‌കാരമാണെന്ന് പറയാനാകില്ലെന്ന് വ്യക്തമാക്കി. പരാതിക്കാരനെ സിനിമയിൽ മോശമായി ചിത്രീകരിക്കുന്നില്ലെന്നും പറഞ്ഞു. സെൻസർ ബോർഡിന്റെ നിർദേശങ്ങൾ പാലിച്ച് തന്നെയാകും ചിത്രം പ്രദർശനത്തിനെത്തുക. റിലീസ് സംബന്ധിച്ച് പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിൽ പ്രഖ്യാപനം നടത്തിയിട്ടുണ്ട്.
''എല്ലാ തടസ്സങ്ങളെയും ഭേദിച്ച് കടുവ ജൂലൈ 7ന് തീയറ്ററുകളിൽ എത്തുന്നു'' എന്ന് പൃഥ്വിരാജ് സമൂഹ മാധ്യമങ്ങളിലെ തന്റെ ഔദ്യോഗിക അക്കൗണ്ടിൽ കഴിഞ്ഞ ദിവസം കുറിച്ചിരുന്നു. അതിന് ശേഷമാണ് കഥാപാത്രത്തിന്റെ പേരു മാറ്റണമെന്ന് സെൻസർ ബോർഡ് നിർദേശം പുറത്തുവന്നത്. ചിത്രം ജൂൺ 30 ന് റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ചില അപ്രതീക്ഷിത കാരണങ്ങളാൽ റിലീസ് തിയതി മാറ്റുകയാണെന്ന് പൃഥ്വിരാജ് തന്നെ പിന്നീട് വ്യക്തമാക്കുകയായിരുന്നു. വലിയ സ്വപ്നങ്ങൾ, വലിയ തടസ്സങ്ങൾ, ശക്തരായ ശത്രുക്കൾ, പോരാട്ടം കൂടുതൽ കഠിനമാണെന്ന് പറഞ്ഞുകൊണ്ടാണ് പൃഥി റിലീസ് തിയതി മാറ്റിയതു സംബന്ധിച്ച തന്റെ കുറിപ്പ് തുടങ്ങിയിരുന്നത്.
'കടുവ' അഞ്ച് ഭാഷകളിലാണ് പ്രദർശനത്തിന് എത്തുന്നത്. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. സിംഹാസനം എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ്-ഷാജി കൈലാസ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജിനു വി എബ്രഹാമിന്റേതാണ് തിരക്കഥ. ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയായിരിക്കും കടുവ.
അർജുൻ അശോകൻ, അലൻസിയർ, ബൈജു, രഞ്ജി പണിക്കർ തുടങ്ങിയവരാണ് മറ്റുപ്രധാനവേഷങ്ങളിലെത്തുന്നത്.'കടുവക്കുന്നേൽ കുറുവച്ചൻ' എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ് നിർമ്മാണം. ജേക്ക്‌സ് ബിജോയ്യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
Central Board of Film Certification Asked to change the name of the lead character of Prithviraj's film kaduva