ത്രില്ലറിന്റെ ചൂട് പിടിപ്പിച്ചോ കോൾഡ് കേസ്? റിവ്യു വായിക്കാം
|ഏവര്‍ക്കും ഇഷ്ടപ്പെടുന്ന, മലയാള സിനിമയിലെതന്നെ അപൂര്‍വമായ ഒരു ഫാമിലി- ഹൊറര്‍- ത്രില്ലര്‍ ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്
കോവിഡിന്റെ രണ്ടാം തരംഗം കേരളത്തില്‍ ഭീതി ഉയര്‍ത്തിയ സാഹചര്യത്തില്‍ കാലങ്ങള്‍ക്ക് ശേഷം തുറന്ന തിയേറ്ററുകള്‍, വീണ്ടും അടക്കേണ്ടി വന്നത് സിനിമ മേഖലയെ വലിയ പ്രതിസന്ധിയുടെ സൂചനകളാണ് നല്‍കിയത്. എന്നാല്‍, ഇതിന്റെ ഭാഗമായി താന്‍ നിര്‍മ്മിച്ച രണ്ട് സിനിമകള്‍ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ പ്രേക്ഷകരിലേക്കെത്തും എന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് വ്യക്തമാക്കുന്നു. വളരെയേറെ പ്രതീക്ഷകളോടെ മലയാളികള്‍ കാത്തിരുന്ന ആ രണ്ട് ചിത്രങ്ങളില്‍ ആദ്യത്തേത് ജൂണ്‍ 30ന് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ പുറത്ത് വന്നിരിക്കുകയാണ്- പൃഥ്വിരാജ് സുകുമാരന്‍ പ്രധാന വേഷത്തിലെത്തുന്ന കോള്‍ഡ് കേസ്.
ചുരുളഴിയാത്ത ചില രഹസ്യങ്ങള്‍ സൃഷ്ടിച്ച ലൂപ്പുകളിലൂടെയാണ് കോള്‍ഡ് കേസ് കഥ പറഞ്ഞു പോകുന്നത്. ഒരേ ഉത്തരം ലഭിക്കാനായി വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കുന്ന രണ്ട് പേരിലൂടെ കോള്‍ഡ് കേസ് രഹസ്യങ്ങളുടെ ആ ചുരുളുകള്‍ ഓരോന്നായി അഴിക്കുകയാണ്. നമ്മുടെ എല്ലാവരുടെയും ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന ഭയം എന്ന വികാരത്തില്‍ തുടങ്ങി, ആകാംക്ഷാഭരിതമായ കഥാസന്ദര്‍ഭങ്ങളിലൂടെ കടന്നു ചെന്ന്, ആ കഥ തേടിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ കോള്‍ഡ് കേസ് എന്ന സിനിമ പ്രേക്ഷകന് പറഞ്ഞുകൊടുക്കുന്നു.
കായലില്‍ മീന്‍പിടിക്കാനെത്തുന്ന ഒരാളുടെ വലയില്‍ ഒരു കറുത്ത സഞ്ചി കുടുങ്ങുന്നു. ഒരു തലയോട്ടിയാണ് അതില്‍ നിന്നും കിട്ടുന്നത്. അതും കൊല്ലപ്പെട്ട് ഏകദേശം ഒരു വര്‍ഷത്തോളമായ ഒരു സ്ത്രീയുടെ തലയോട്ടി. അസി. കമ്മീഷണര്‍ സത്യജിത്ത്(പൃഥ്വിരാജ് സുകുമാരന്‍) ഐപിഎസിനായിരുന്നു കേസന്വേഷണത്തിന്റെ ചുമതല. ആ തലയോട്ടി ആരുടേതാണ്, ആരാണ് കൊലപാതകി എന്ന സത്യജിത്തിന്റെ അന്വേഷണങ്ങളാണ് കഥയുടെ ആദ്യ ലെയര്‍.
പോലീസ് അന്വേഷണം ഒരുഭാഗത്ത് നടക്കുമ്പോള്‍ അന്വേഷണാത്മക ജേര്‍ണലിസ്റ്റായ മേധ(അദിതി ബാലന്), ഇതേ ഉത്തരം തേടിക്കൊണ്ട് മറ്റൊരു വഴിയിലൂടെ സഞ്ചരിക്കുകയാണ്. ഇതാണ് ചിത്രത്തിന്റെ രണ്ടാമത്തെ പ്രധാന ലെയര്‍. അസ്വാഭാവികവും അമാനുഷികവുമായ ജീവിത കഥകളെ കുറിച്ച് ടിവി ചാനലില്‍ പ്രോഗ്രാം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകയാണ് മേധ. തന്റെ മകളുമൊത്ത് താമസിക്കാനെത്തുന്ന പുതിയ വാടകവീട്ടില്‍ നടക്കുന്ന അമാനുഷിക സംഭവ വികാസങ്ങളാണ് മേധയെ ഈ കേസിലേക്ക് എത്തിക്കുന്നത്. ഇരുവരുടെയും അന്വേഷണം ഒരു പോയിന്റില്‍ നേര്‍ക്കുനേര്‍ വരികയും കേസിന്റെ സങ്കീര്‍ണമായ ചുരുളുകള്‍ അഴിയുകയും ചെയ്യുന്നതാണ് കോള്‍ഡ് കേസ് പറയുന്ന കഥ.
നവാഗതനായ തനു ബാലക് ആണ് ചിത്രത്തിന്റെ സംവിധാനം. പൃഥ്വിരാജ്, അദിതി ബാലന്, അലന്‍സിയര്‍, അനില്‍ നെടുമങ്ങാട് തുടങ്ങി മികച്ച താരനിശയും ചിത്രത്തിന്റെ പ്രത്യേകതയാണ്. കോവിഡ് മഹാമാരി മൂലം വഴിമുട്ടി നില്ക്കുന്ന സിനിമ സീരിയല്‍ മേഖലയ്ക്ക് ഉണര്‍വ് നല്‍കാനും ചിത്രം ശ്രമിക്കുന്നു. നിരവധി സീരിയല്‍ താരങ്ങള്‍ക്കാണ് ചിത്രത്തിലൂടെ അവസരം ലഭിച്ചിരിക്കുന്നത്.
സിനിമയുടെ സൌണ്ട് ഡിസൈന്‍ മികച്ചതാണെന്ന് പറയാതിരിക്കാന്‍ സാധിക്കില്ല. ജൂണ്‍ 30 ന് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം മലയാള സിനിമയിലെതന്നെ അപൂര്‍വമായ ഹൊറര്‍-ത്രില്ലര്‍ ജോണര്‍ എന്ന വെല്ലുവിളിയാണ് ഏറ്റെടുത്തിരിക്കുന്നത്.