Movies
നെഗറ്റീവ് പബ്ലിസിറ്റി സിനിമയെ ബാധിച്ചോ? ലൈഗർ ആദ്യ ദിനം നേടിയത്
Movies

നെഗറ്റീവ് പബ്ലിസിറ്റി സിനിമയെ ബാധിച്ചോ? ലൈഗർ ആദ്യ ദിനം നേടിയത്

Web Desk
|
26 Aug 2022 10:26 AM GMT

സിനിമയ്ക്കെതിരായ ബഹിഷ്കണാഹ്വാനത്തിനു പിന്നിലെ കാരണങ്ങൾ ഏറെ വിചിത്രമായിരുന്നു

ആമിർ ഖാൻ ചിത്രം ലാൽ സിങ് ഛദ്ദ, അക്ഷയ്കുമാറിന്റെ രക്ഷാബന്ധൻ എന്നീ ചിത്രങ്ങളെ പോലെ തന്നെ ബഹിഷ്‌കരണ ഭീഷണി നേരിട്ട സിനിമയാണ് വിജയ്‌ദേവരകോണ്ടയുടെ ലൈഗർ. ബോളിവുഡിനും മുകളിൽ തുടർ വിജയങ്ങൾ നേടുന്നതിനാൽ തെലുങ്കിലെ ഒട്ടുമിക്ക ചിത്രങ്ങളും ആഗോള ശ്രദ്ധ നേടുന്നുണ്ട്. പുരി ജഗന്നാഥ് സംവിധാനം ചെയ്ത സ്‌പോർട്‌സ് ആക്ഷൻ ചിത്രം ലൈഗറും അത്തരത്തിൽ ശ്രദ്ധ നേടുകയാണ്.

എന്നാൽ സിനിമ തിയേറ്ററിൽ എത്തുന്നതിന് മുമ്പേ തന്നെ ബഹിഷ്‌കരണ ഭീഷണി നേരിട്ടിരുന്നു. ആമിറിന്റെയും അക്ഷയ്കുമാറിന്റെയും ചിത്രങ്ങൾ ബഹിഷ്‌കരണ ഭീഷണി നേരിട്ടത് രാഷ്ട്രീയവും മതപരവുമായ കാരണങ്ങളാലായിരുന്നു. എന്നാൽ ലൈഗർ ബഹിഷ്‌കരിക്കണമെന്ന നെറ്റിസൺമാരുടെ ആഹ്വനത്തിനു പിന്നിലെ കാരണം വിചിത്രവും ബാലിശവുമാണ്. ലൈഗറിന്റെ നിർമ്മാണ പങ്കാളിയായി കരൺ ജോഹർ ഉണ്ടെന്നുളളതാണ് ബഹിഷ്‌കരണത്തിനുളള ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നത്. കോഫി വിത്ത് കരൺ എന്ന ടോക് ഷോയിൽ തെന്നിന്ത്യൻ സൂപ്പർ നായിക നയൻതാരയ്‌ക്കെതിരെയുളള കരൺ ജോഹറിന്റെ പരാമർശങ്ങളിൽ നേരത്തെ വിമർശനങ്ങൾ ഉയർന്നിരുന്നു.

ഷോയുടെ അവതാരകൻ കരൺ ജോഹർ സാമന്തയോട് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അഭിനേത്രിയായി കാണുന്ന നടി ആരാണ് എന്ന് ചോദിക്കുന്നുണ്ട്. നയൻതാര എന്നായിരുന്നു സാമന്തയുടെ മറുപടി. തൊട്ടു പിന്നാലെ 'അവർ എന്റെ ലിസ്റ്റിലില്ല' എന്നായിരുന്നു കരണിന്റെ കമന്റ്. ഇതാണ് ആരാധകരെ പ്രകോപിതരാക്കിയത്. കൂടാതെ കരൺ ജോഹറിനെതിരെ നേരത്തെയുളള ആരോപണങ്ങളും ഉയരുന്നുണ്ട്.

സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിൽ വിജയ് ദേവരക്കൊണ്ട ടീപ്പോയ്ക്കു മുകളിൽ കാൽ കയറ്റി വച്ച് സംസാരിക്കുകയും ബോയ്ക്കോട്ട് സംസ്‌കാരത്തെ വിമർശിക്കുകയും ചെയ്തിരുന്നു. ഒരു പരിപാടിയിൽ എങ്ങനെ മാന്യമായി ഇരിക്കണമെന്ന് അദ്ദേഹത്തിന് അറിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മറ്റൊരു ബഹിഷ്‌കരണ ആഹ്വാനം. ഇതിനുപുറമെ വിജയ് ദേവരകൊണ്ടയും ലൈഗറിലെ നായിക അനന്യ പാണ്ഡേയും വിജയുടെ വീട്ടിൽ നടന്ന ഒരു പൂജയിൽ പങ്കെടുത്തിരുന്നു. ഇതിൽ താരങ്ങൾ സോഫയിൽ ഇരിക്കുകയും പുരോഹിതർ നിൽക്കുകയുമാണ് ചെയ്യുന്നത്. ഇത് സംസ്‌കാരമില്ലായ്മയാണെന്നും പുരോഹിതരോടുള്ള അനാദരവാണെന്നും ഒരു വിഭാഗം കുറ്റപ്പെടുത്തുന്നു. ഇത് ചൂണ്ടിക്കാട്ടിയും സിനിമ ബഹിഷ്‌കരിക്കാനായി ട്വീറ്റുകൾ ഉയർന്നതോടെ ട്രെൻഡിങ് ലിസ്റ്റിൽ ബോയ്്ക്കോട്ട് ലൈഗർ ഹാഷ്ടാഗ് ഇടം പിടിക്കുകയായിരുന്നു.

എന്നാൽ ഇപ്പോളിതാ ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ റിപ്പോർട്ടുകൾ പുറത്തെത്തിയിരിക്കുകയാണ്. ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിൽ നിന്ന് ചിത്രം നേടിയത് 13.50 കോടിയാണെന്നാണ് പിങ്ക് വില്ലയുടെ കണക്ക്. ഹിന്ദി ബെൽറ്റിൽ നിന്ന് 1.25 കോടിയും തമിഴ്‌നാട്, കേരളം, കർണാടകം എന്നിവിടങ്ങളിൽ നിന്ന് 2 കോടിയും ചിത്രം നേടിയതായും അവരുടെ റിപ്പോർട്ടുണ്ട്. അങ്ങനെ ആകെ ഇന്ത്യൻ നെറ്റ് കളക്ഷൻ 16.75 കോടി. ടൈംസ് ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ആദ്യദിനം 10 കോടിയും ഹിന്ദി പതിപ്പ് 5- 6 കോടിയും തമിഴ് പതിപ്പ് 3 കോടിയും മലയാളം പതിപ്പ് 1.5 കോടിയുമാണ് ആദ്യദിനം നേടിയിരിക്കുന്നത്.

ആദ്യ ദിനത്തിലെ ആകെ ഇന്ത്യൻ കളക്ഷൻ 20 കോടിയാണെന്നും അവർ പറയുന്നു. അതേസമയം ഇന്ത്യയിൽ മാത്രം 2500 സ്‌ക്രീനുകളിൽ റിലീസ് ചെയ്യപ്പെട്ട ഒരു ബിഗ് ബജറ്റ് തെലുങ്ക് ചിത്രത്തെ സംബന്ധിച്ച് പ്രതീക്ഷിച്ചതിലും ഏറെ താഴെയുള്ള ഓപണിംഗ് ആണിത്. നെഗറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിച്ചതിനാൽ ആദ്യ വാരാന്ത്യ കളക്ഷനിലും അത് പ്രതിഫലിക്കപ്പെടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.

Similar Posts