തിയേറ്ററിൽ 'കുറുപ്പ്' പിടിക്കപ്പെട്ടോ ?- റിവ്യു
|തിയേറ്ററിൽ പോയി കണ്ടാൽ നഷ്ടമൊന്നും വരാത്ത ചിത്രമാണ് 'കുറുപ്പ്'.
ഒരുപക്ഷെ, ഫ്യുജിറ്റീവ് അഥവാ പിടികിട്ടാപ്പുള്ളി എന്ന വാക്ക് തന്നെ നമുക്ക് സുപരിചിതമാവാന്‍ കാരണം സുകുമാരക്കുറുപ്പ് എന്ന ക്രിമിനലായിരിക്കും. അതുകൊണ്ടുതന്നെ, സുകുമാരക്കുറുപ്പിനെ കേന്ദ്രീകരിച്ചുള്ള ഒരു ചിത്രം മലയാളത്തിലിറങ്ങുമ്പോള് പ്രതീക്ഷകള്‍ വേണ്ടുവോളം ഉള്ളതായിത്തീരുക സ്വാഭാവികം.
നിരവധി പോസിറ്റീവുകളും നെഗറ്റീവുകളുമുള്ള ഒരു ചിത്രമായാണ് 'കുറുപ്പ്' സാധാരണഗതിയില്‍ അനുഭവപ്പെട്ടത്. കുറുപ്പ് എന്ന സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് സംവിധായകന് ആ കഥ എങ്ങനെ പറഞ്ഞു എന്നുള്ളതു തന്നെയാണ്. ശ്രീനാഥ് രാജേന്ദ്രന് അഡോപ്റ്റ് ചെയ്തിട്ടുള്ള സിനിമയുടെ ആഖ്യാനരീതി അത്രക്ക് ഗംഭീരമായിരുന്നു.
സാധാരണ ഒരു 'ബേസ്ഡ് ഓണ്‍ റിയല്‍ ലൈഫ് സ്റ്റോറി'കള്‍ എടുത്തു നോക്കിയാല്‍ അതിന്റെ കഥ പറയുന്നത് ഒന്നുകില്‍ പ്രോട്ടഗാനിസ്റ്റിന്റെ കാഴ്ചപ്പാടിലോ അല്ലങ്കില്‍ ആന്റഗോണിസ്റ്റിന്റെ വീക്ഷണത്തിലോ ആയിരിക്കും. ഉദാഹരണത്തിന് ഡ്രഗ് ലോഡ് പാബ്ലോ എസ്കോബാറിന്റെ കഥ പറഞ്ഞ 'നാര്‍ക്കോസ്' സീരീസിലെല്ലാം പ്രധാന കഥപാത്രം പാബ്ലോ ആയിരുന്നെങ്കിലും, ചിത്രത്തിലെ കഥപറച്ചിലുകാരന് ഒരു പൊലീസ് ഓഫീസറായിരുന്നു. അതുകൊണ്ടുതന്നെ അവിടെ കഥാപാത്രത്തിന്റെ ഗ്ലോറിഫിക്കേഷന്‍ നടക്കുന്നില്ല.
എന്നാല്‍ കുറുപ്പിന്റെ നരേറ്റീവ് തീര്‍ത്തും വ്യത്യസ്തമാണ്. നാല് ചാപ്റ്ററുകളിലൂടെയാണ് സിനിമയുടെ കഥ പറയുന്നത്. ആ നാലു ചാപ്റ്ററുകളും നാലുതരം കാഴ്ചപ്പാടാണ്. സാധാരണക്കാരനായ ഒരാളുടെയുള്ളില്‍ തീര്‍ച്ചയായും ഒരു നല്ല സുഹൃത്തുണ്ടാകും, ഒരു കാമുകന് അല്ലങ്കില്‍ കാമുകിയുണ്ടാകും. ഒരു വില്ലനുണ്ടാകും ഹീറോയോ ഹീറോയിനോ ഉണ്ടാകും. ഇത്തരത്തില്‍ നമുക്കുള്ളില്‍ ഉറങ്ങിക്കിടക്കുന്ന വ്യത്യസ്തമായ വീക്ഷണങ്ങളിലൂടെ കഥയെ സമീപിച്ച്, അങ്ങനെ പ്രേക്ഷകനെ കുറുപ്പ് എന്ന കഥപാത്രത്തോട് റിലേറ്റ് ചെയ്യിപ്പിക്കാനുള്ള ശ്രമമാണ് സംവിധായകന് ശ്രീനാഥ് നടത്തിയിട്ടുള്ളത്. അത് തീര്‍ച്ചയായും വിജയച്ചു എന്ന് തന്നെ പറയാം.
കുറുപ്പ് റിലീസാകുന്നതിന് മുമ്പ് എല്ലാ അഭിമുഖങ്ങളിലും ഉയര്‍ന്നു കേട്ടിരുന്ന ഒരു ചോദ്യമായിരുന്നു, ക്രിമിനലായ കുറുപ്പിന് ഒരു ഹീറോയിക്ക് ഇമേജ് സിനിമ നല്‍കുമോ എന്നത്. എന്നാല്‍, കുറുപ്പെന്ന കഥാപാത്രത്തെ മഹത്വവത്കരിക്കുന്ന തലത്തിലേക്ക് ചിത്രം പോകുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.
ഒരു നിയമസംവിധാനത്തെ ഒന്നടങ്കം ഇത്രയധികം ചുറ്റിച്ച ഒരു ക്രിമിനല്‍ ഒരിക്കലും ഭാഗ്യം കൊണ്ടുമാത്രമായിരിക്കില്ല അത് ചെയ്തിട്ടുണ്ടാവുക. അയാള്‍ തീര്‍ച്ചയായും സ്മാര്ട്ടായിരിക്കും. അതോടൊപ്പം കരിസ്മാറ്റിക്കായിരിക്കും, എനര്ജെറ്റിക്കുമായിരിക്കും. അങ്ങനെത്തന്നെയാണ് ദുല്‍ഖര്‍ സല്മാന് അവതരിപ്പിച്ച കുറുപ്പിനെ സംവിധായകന് അവതരിപ്പിച്ചത്. എന്നല്ല, നെഗറ്റീവായിത്തന്നെ ആ കഥാപാത്രത്തെ സിനിമയില്‍ കാണിച്ചിട്ടുമുണ്ട്. കാരണം, കുറുപ്പ് എന്ന വ്യക്തിയുടെ കണ്ണില്‍ മാത്രമായിരുന്നു അയാള്‍ ഹീറോ, മറ്റുള്ളവരുടെ കണ്ണില്‍, അങ്ങനെ ആയിരുന്നില്ല.
ഡിക്കാപ്രിയോയുടെ 'ക്യാച്ച് മി ഇഫ് യു കാന്‍' ആയാലും, ഹര്‍ഷല്‍ മേത്തയുടെ കഥ പറഞ്ഞ 'സ്കാം 1992 ആയാലും, തമിഴിലെ 'തനി ഒരുവന്' ആയാലും ഒരു പ്രതിനായക കഥാപാത്രത്തിന്റെ കഴിവുകളെ ക്യാമറയില്‍ പകര്‍ത്തുന്നതിനോടൊപ്പം, അവയെ മഹത്വവത്കരിക്കാതിരിക്കാന് ശ്രമിക്കുന്ന ഒരു പാറ്റേണാണ് സ്വീകരിച്ചിട്ടുണ്ടായിരുന്നത്. അത്തരത്തിലുള്ള ഒരു അപ്രോച്ച് കുറുപ്പിലുമുണ്ട്.
പെര്‍ഫോമെന്‍സ് അടിസ്ഥാനത്തില്‍ നോക്കിയാല്‍, കുറുപ്പ് എന്ന കഥാപാത്രമായി വളരെ വൃത്തിക്ക് തന്നെ ദുല്‍ഖര്‍ സ്ക്രീനില്‍ പെര്‍ഫോം ചെയ്തിട്ടുണ്ട്. പക്ഷെ, ഞെട്ടിച്ചുകളഞ്ഞത് ഷൈന്‍ ടോം ചാക്കോയാണ്. ഷൈന്‍ ചെയ്തിട്ടുള്ള കഥാപാത്രങ്ങളില്‍ ഒരു വലിയ ശതമാനവും, കണ്ടാല്‍ വെറുപ്പ് ഉളവാക്കുന്ന തരത്തിലുള്ള ക്യാരക്ടറുകളായിരുന്നു. കണ്ടാല്‍ ചെവിക്കല്ല് തല്ലിപൊട്ടിക്കാന്‍ തോന്നുന്ന മറ്റൊരു എക്സ്ട്രീം ലെവല്‍ പെര്‍ഫോമന്‍സാണ് ഷൈന്‍ ടോം ചാക്കോ കുറുപ്പില്‍ നടത്തിയിട്ടുള്ളത്. സ്ക്രീന്‍ സ്പേസ് കുറവാണെങ്കിലും നായിക ഷോബിത വളരെ റൊമാന്റികായിരുന്നു. സണ്ണി വെയിന്‍ സിംപിളായിരുന്നു. കൂടുതലൊന്നും ചെയ്യാനില്ലെങ്കിലും ഇന്ദ്രജിത്തും സൂപ്പറായിരുന്നു. പിന്നെ, ചിത്രത്തില്‍ സര്‍പ്രൈസ് വിസിറ്റ് നടത്തുന്ന ആ നിഗൂഢ കഥാപാത്രവും വേഷം ഗംഭീരമാക്കി. മൊത്തമായി പറഞ്ഞാല്‍, പെര്‍ഫേമന്‍സ് തലത്തില്‍ സ്കോര്‍ ചെയ്ത പടമാണ് കുറുപ്പ്.
സിനിമയുടെ ടെക്നിക്കല്‍ വശവും മോശമാക്കിയില്ല. ലൌഡായിട്ടുള്ള ഒരു ടെക്നിക്കല്‍ വര്‍ക്ക് കുറുപ്പിലുണ്ട്. ചിത്രത്തിലെ മ്യൂസിക്കും ബി.ജി.എമ്മും ഗംഭീര അനുഭവമാണ് നല്‍കുന്നത്. സുഷിന് ശ്യാമിന്റെ ഒരു അഴിഞ്ഞാട്ടമായിരുന്നു സിനിമ ഉടനീളം എന്നുതന്നെ പറയാം. ഒരു പിരീഡ് ഡ്രാമ സെറ്റ് ചെയ്യുമ്പോള്‍ പിടിപ്പതു പണിയുള്ള ഡിപ്പാര്ട്മെന്റുകളായിരിക്കും ആര്‍ട്ട്, കോസ്റ്റ്യൂം, മേക്കപ്പ്, ക്യാമറ, കളറിങ്. കുറുപ്പില്‍ ഈ ഡിപ്പാര്‍ട്ടുമെന്റുകളെല്ലാം അടിപൊളിയായിരുന്നു. ഡയറക്ടര്‍ ബ്രില്ല്യന്‍സും, പെര്‍ഫോമന്‍സ് ഇംപാക്ട്സും എല്ലാം ചര്‍ച്ചയാകുമ്പോള്‍ ഈ ഡിപ്പാര്‍ട്മെന്റുകള്‍ കൂടി ആഘോഷിപ്പെടേണ്ടതാണ്.
ചിത്രം പറയുന്ന കഥ, അത് സിനിമ കണ്ട് അറിയേണ്ടതു തന്നെയാണ്. ചിത്രം ആവശ്യപ്പെടുന്നതല്ലായിരുന്നിട്ടുകൂടി, കഥയുടെ ചില ഭാഗങ്ങള്‍ ലാഗ് ചെയ്തിരുന്നു. ഡയലോഗുകള്‍ കുറച്ചുകൂടി റിയലിസ്റ്റിക്ക് ആക്കാമായിരുന്നു. എന്നല്ല, ചില സ്ഥലങ്ങളില്‍ ഡയലോഗുകള്‍ കല്ലുകടിയാകുന്നുമുണ്ട്.
പിന്നെ, കുറുപ്പ് ഒരിക്കലും ഒരു ബയോപിക്ക് അല്ല. 'ബേസ്ഡ് ഓണ്‍ ആ റിയല്‍ ഇന്‍സിഡന്റ് ആന്‍ഡ് ഏ റിയല്‍ ക്യാരക്ടര്‍' എന്നുവേണം പറയാന്‍. എന്നിരുന്നാലും യഥാര്‍ഥ ജീവിതത്തിലെ ഒരു സംഭവം സിനിമാറ്റിക് എന്‍ഗേജ്മെന്റിനായി ചിത്രത്തില്‍ മാറ്റത്തിരുത്തലുകളോടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത് അവിടെ യോജിച്ചതായിരുന്നില്ല എന്നും തോന്നി.
ചാക്കോ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള പ്ലാനിങ്ങിലാണ് സിനിമയില്‍ റിയല്‍ ലൈഫില്‍ നിന്നുമുള്ള ആ മാറ്റം വരുന്നത്. അത് സിനിമയിലും അതുപോലെ പറഞ്ഞിരുന്നെങ്കില്‍ കുറച്ചുകൂടി സിനിമ എന്‍ഗേജിങ് ആക്കാമായിരുന്നു. സംഗതി സിനിമ ആയതുകൊണ്ടുതന്നെ ചിലപ്പൊള്‍ ഒരു ഷോട്ട് പോലും ആകെയുള്ള ഫീല്‍ തന്നെ മാറ്റിക്കളയും. സിനിമ കാണുമ്പോള്‍ അത് ഏതു സീനാണ്, ഷോട്ടാണ് എന്നൊക്കെ നമുക്ക് മനസിലാകും. പിന്നെ ചിത്രത്തിന്റെ ക്ലൈമാക്സ് പ്രഡിക്ടബിള്‍ ആയിരിക്കുമെന്ന് നേരത്തെ പ്രഡിക്ട് ചെയ്തിരുന്നു. എങ്കിലും തിയേറ്റര്‍ വിടുമ്പോള്‍ അത് ഹേണ്ട് ചെയ്യുന്നില്ല എന്നാരെങ്കിലും അഭിപ്രായം പറഞ്ഞാല്‍ തള്ളക്കളയാനാകില്ല.
കുറുപ്പ് എന്ന സിനിമ സുകുമാരക്കുറുപ്പിനെ ഒരിക്കലും വെള്ളപൂശുന്ന ഒരു ചിത്രമല്ല. അങ്ങനെ ആവാതിരിക്കാന്‍ എഴുത്തുകാരും ഡയറക്ടറുമെല്ലാം ബോധപൂര്‍വ്വം ശ്രമിച്ചിട്ടുമുണ്ട്. നേരത്തെ പറഞ്ഞ കുറച്ച് പോരായ്മകള്‍ നിങ്ങളിലെ പ്രേക്ഷകനെ ബാധിക്കില്ലെങ്കില്‍ കുറുപ്പ് നിങ്ങള്‍ക്കൊരു മികച്ച സിനിമ അനുഭവമായിരിക്കും. ഇനി ഈ പോയിന്റുകള്‍ ബാധിച്ചാല്‍ തന്നെ, മോശമില്ലാത്ത ഒരു സിനിമ അനുഭവമാണ് കുറുപ്പ്. തിയേറ്ററില്‍ പോയി എക്സ്പീരിയന്‍സ് ചെയ്താല്‍ നഷ്ടമൊന്നും വരാന്‍ പോകുന്നില്ല.