തിരുവനന്തപുരത്ത് വന്നത് എമ്പുരാന്‍ സ്‌ക്രിപ്റ്റ് വായിക്കാന്‍, ചിത്രീകരണം അടുത്ത വര്‍ഷം; പ്രഖ്യാപനവുമായി പൃഥ്വിരാജ്
|തിരക്കഥ പൂര്‍ണമായതായി ഞായറാഴ്ച മോഹന്‍ലാലിനെയും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനെയും താന്‍ വിളിച്ചറിച്ചെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി പൃഥ്വിരാജ് പറഞ്ഞു
തിരുവനന്തപുരം: മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ സിനിമയുടെ രണ്ടാം ഭാഗം എമ്പുരാന്റെ ചിത്രീകരണം അടുത്ത വര്‍ഷം അരംഭിക്കുമെന്ന് നടന്‍ പൃഥ്വിരാജ്. ചിത്രത്തിന്റെ തിരക്കഥകൃത്ത് മുരളി ഗോപിയുടെ അടുത്ത് നിന്ന് വായിക്കാനാണ് താന്‍ തിരുവനന്തപുരത്ത് എത്തിയതെന്നും സ്‌ക്രിപ്റ്റ് കഴിഞ്ഞ ദിവസം ലോക്ക് ആയെന്നും പൃഥ്വി പറഞ്ഞു.
തിരക്കഥ പൂര്‍ണമായതായി ഞായറാഴ്ച മോഹന്‍ലാലിനെയും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനെയും താന്‍ വിളിച്ചറിച്ചെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി പൃഥ്വിരാജ് പറഞ്ഞു. മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളിയായെത്തിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കൊവിഡും തുടര്‍ന്നുണ്ടായ ലോക്ഡൗണും മൂലം സിനിമാമേഖല നിശ്ചലമായതോടെ എമ്പുരാന്റെ അണിയറ പ്രവര്‍ത്തനങ്ങളും വൈകുകയായിരുന്നു.
മൂന്ന് ഭാഗമായിട്ടാണ് ചിത്രം ഇറങ്ങുകയെന്ന് നേരത്തെ പ്രഖ്യാപനമുണ്ടായിരുന്നു. മഞ്ജു വാര്യര്‍, ബോളിവുഡ് താരം വിവേക് ഒബ്‌റോയി, ടൊവിനോ തോമസ്, സായ് കുമാര്‍, നൈല ഉഷ, ഇന്ദ്രജിത് തുടങ്ങി വന്‍ താരനിരയായിരുന്നു ലൂസിഫറില്‍ ഉണ്ടായിരുന്നത്. ഒന്നാം ഭാഗത്തിലെ മിക്ക താരങ്ങളും എമ്പുരാനിലും ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമായിരിക്കും എമ്പുരാന്‍. പൃഥ്വിയുടെ രണ്ടാമത് ചിത്രമായ ബ്രോ ഡാഡിയിലും മോഹന്‍ലാല്‍ തന്നെയായിരുന്നു നായകന്‍.