Movies
സിനിമ നല്ലതാണേൽ പ്രമോഷൻ കുറഞ്ഞാലും ജനം ഏറ്റെടുക്കുമെന്ന് ഫഹദ് ഫാസിൽ
Movies

സിനിമ നല്ലതാണേൽ പ്രമോഷൻ കുറഞ്ഞാലും ജനം ഏറ്റെടുക്കുമെന്ന് ഫഹദ് ഫാസിൽ

Web Desk
|
10 April 2024 3:59 AM GMT

രജനികാന്തിന്റെ വേട്ടയ്യനിലും, വടിവേലുവിന്റെ ഇതുവരെ പേരിട്ടിട്ടില്ലാത്ത രണ്ട് തമിഴ് സിനിമകളിലും ഹാസ്യകഥാപാത്രങ്ങളെയാണ് താൻ അവതരിപ്പിക്കുന്നതെന്നും ഫഹദ് ഫാസിൽ.

ആവേശം പോലൊരു സിനിമയും രംഗ എന്ന കഥാപാത്രവും താൻ ഇതുവരെ ചെയ്തിട്ടില്ലെന്ന് ഫഹദ് ഫാസിൽ. മലയാളവും കന്നഡയും കലർന്ന ഭാഷയിലാണ് താൻ അവതരിപ്പിച്ച രംഗയെന്ന കഥാപാത്രം സംസാരിക്കുന്നത്. ഇത് ഏറെ വ്യത്യസ്തവും സങ്കീർണ്ണവുമാണെന്നും ഫഹദ് ഫാസിൽ പറഞ്ഞു. ചൊവ്വാഴ്ച കൊച്ചിയിൽ നടന്ന പ്രീ റിലീസ് പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രോമാഞ്ചത്തിനു ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആവേശത്തിൽ ബംഗളൂരു സ്വദേശിയായ രംഗ എന്ന ഡോണിനെയാണ് ഫഹദ് ഫാസിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. എന്തുകൊണ്ടാണ് ഇത്തവണ വ്യത്യസ്തമായ വേഷം ചെയ്തതെന്ന ചോദ്യത്തിന്, തന്നെ തേടി വരുന്ന വേഷങ്ങളാണ് താൻ ചെയ്യുന്നതെന്ന് ഫഹദ് മറുപടി പറഞ്ഞു.

'എന്നെ തേടി വരുന്ന സിനിമകളാണ് ഞാൻ ചെയ്യുന്നത്. പക്ഷേ, ആവേശം എന്നെ തേടി വന്നപ്പോൾ, വളരെ എന്റർടൈനിങ്ങ് ആയ ഈ ചിത്രം ചെയ്തുനോക്കണമെന്ന് എനിക്കുതോന്നി. ഓഫ്ബീറ്റ് സിനിമകൾക്കായി ഒ.ടി.ടി പോലുള്ള മറ്റ് പ്ലാറ്റ്ഫോമുകൾ ഉണ്ട്, പക്ഷേ ആവേശം തീയേറ്ററുകളിൽത്തന്നെ കാണേണ്ട ചിത്രമാണ്'.

ചെറുപ്പക്കാർക്കൊപ്പം അഭിനയിച്ചത് തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നെന്ന് ഫഹദ് പറഞ്ഞു. രംഗ എന്ന കഥാപാത്രത്തെക്കുറിച്ച് ജിത്തു തനിക്ക് വ്യക്തമായ ധാരണ നൽകിയിരുന്നു. എന്നാൽ കഥാപാത്രത്തിന്റെ മീശയും ഡിഎൻ ഹെയർസ്‌റ്റൈലും പിന്നീടാണ് ഉറപ്പിച്ചതെന്നും താരം കൂട്ടിച്ചേർത്തു. ആവേശത്തിൽ 'ഫഫ' എന്ന പേര് ഉപയോഗിച്ചതിനെപ്പറ്റിയും ഫഹദ് സംസാരിച്ചു. ആദ്യം സുഹൃത്തുക്കളാണ് അങ്ങനെ വിളിച്ചിരുന്നതെന്നും, പിന്നീട് മറ്റുള്ളവരും അത് ഏറ്റെടുത്തെന്നും അദ്ദേഹം പറഞ്ഞു. ആവേശത്തിൽ ഈ ടൈറ്റിൽ ഉപയോഗിക്കുന്നത് രസകരമായിരിക്കും എന്ന് അണിയറപ്രവർത്തകർക്ക് തോന്നിയതിനാലാണ് 'റീ ഇൻട്രൊഡ്യൂസിങ് ഫഫ' എന്ന ടൈറ്റിൽ എന്നും അദ്ദേഹം പറഞ്ഞു.


അല്ലു അർജുന്റെ വരാനിരിക്കുന്ന ചിത്രമായ പുഷ്പ 2: ദ റൂളിന്റെ ഷൂട്ടിംഗ് തിരക്കിലായതിനാൽ ആവേശത്തിന്റെ പ്രൊമോഷൻ പരിപാടികൾക്ക് അധികമൊന്നും പങ്കെടുക്കാൻ കഴിഞ്ഞില്ലെന്ന് ഫഹദ് പറഞ്ഞു. സിനിമ നല്ലതാണെങ്കിൽ പ്രൊമോഷൻ കുറവാണെങ്കിലും ജനങ്ങൾ ഏറ്റെടുക്കുമെന്നും, സിനിമാപ്രവർത്തകരല്ല, മറിച്ച് സിനിമയാണ് പ്രേക്ഷകരോട് സംവേദിക്കണ്ടതെന്നും ഫഹദ് പറഞ്ഞു. കോമഡി, ആക്ഷൻ, ത്രില്ലർ തുടങ്ങിയ ഘടകങ്ങൾ അടങ്ങിയ വ്യത്യസ്തമായ ചിത്രമായതിനാൽ പ്രേക്ഷകർ ആവേശത്തെ സ്വീകരിക്കുമെന്നുള്ള ആത്മവിശ്വാസവും ഫഹദ് പ്രകടിപ്പിച്ചു. രജനികാന്തിന്റെ വേട്ടയ്യനിലും, വടിവേലുവിന്റെ ഇതുവരെ പേരിട്ടിട്ടില്ലാത്ത രണ്ട് തമിഴ് സിനിമകളിലും ഹാസ്യകഥാപാത്രങ്ങളെയാണ് താൻ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ആവേശം ഒരു സ്പിൻ-ഓഫ് ചിത്രമല്ലെന്ന് സംവിധായകൻ ജിത്തു മാധവൻ പറഞ്ഞു. മാസ് ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്കായി ഒരുക്കിയ ചിത്രമാണ് ആവേശം, രോമാഞ്ചം ഇഷ്ടപ്പെടാത്തവർക്കുപോലും ആവേശം ഇഷ്ടപ്പെടും. രോമാഞ്ചത്തിന്റെ റിലീസിന് തൊട്ടുപിറകെതന്നെ ആവേശത്തിനായുള്ള തയ്യാറെടുപ്പ് നടത്തിയിരുന്നു. രോമാഞ്ചം ഷൂട്ട് കഴിഞ്ഞ ഉടനെ അൻവർ റഷീദിനെ വിളിച്ച് ആവേശത്തിന്റെ തിരക്കഥ പറഞ്ഞെന്നും, അതിഷ്ടപ്പെട്ട അദ്ദേഹം ചിത്രം നിർമ്മിക്കാൻ തയ്യാറായെന്നും ജിത്തു പറഞ്ഞു. രോമാഞ്ചവും ആവേശവും തമ്മിൽ ബന്ധമില്ലെന്ന് വ്യക്തമാക്കിയ സംവിധായകൻ, രോമാഞ്ചത്തിന്റെ രണ്ടാം ഭാഗത്തിന്റെ തിരക്കഥ പൂർത്തിയായിട്ടില്ലെന്നും വെളിപ്പെടുത്തി. ഏപ്രിൽ 11 വ്യാഴാഴ്ചയാണ് ആവേശം തിയറ്ററുകളിൽ എത്തുന്നത്.

അൻവർ റഷീദ് എന്റർടെയ്‌മെന്റ്സിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ നസ്രിയ നസീമും ചേർന്നാണ് ആവേശം നിർമിക്കുന്നത്. കോളേജ് പിള്ളേരും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ആവേശം ഭീഷ്മപർവ്വം എന്ന സൂപ്പർ ഹിറ്റിനു ശേഷം എ&എ റിലീസ് വിതരണം ചെയ്യുന്ന ചിത്രം കൂടിയാണ്. ഫഹദിന് പുറമെ മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെഎസ്, റോഷൻ ഷാനവാസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ, തങ്കം മോഹൻ തുടങ്ങി നിരവധി പേർ ചിത്രത്തിൽ എത്തുന്നുണ്ട്.

സമീർ താഹിർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രോമാഞ്ചത്തിലെ ഹിറ്റ് കൂട്ടുകെട്ട് ആവർത്തിച്ചുകൊണ്ട് വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാമാണ് സംഗീതം പകർന്നിരിക്കുന്നത്. എഡിറ്റർ - വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈൻ - അശ്വിനി കാലെ, വസ്ത്രാലങ്കാരം - മസ്ഹർ ഹംസ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - എആർ അൻസാർ, ലൈൻ പ്രൊഡ്യൂസർ - പി കെ ശ്രീകുമാർ, പ്രോജക്റ്റ് സിഇഒ - മൊഹ്സിൻ ഖൈസ്, മേക്കപ്പ് - ആർജി വയനാടൻ, ഓഡിയോഗ്രഫി - വിഷ്ണു ഗോവിന്ദ്, ആക്ഷൻ - ചേതൻ ഡിസൂസ, വിഎഫ്എക്സ് - എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് - ശ്രീക്ക് വാരിയർ, ടൈറ്റിൽ ഡിസൈൻ - അഭിലാഷ് ചാക്കോ, പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് ശേഖർ, പിആർഒ - എ.എസ് ദിനേശ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് - സ്‌നേക്ക് പ്ലാന്റ്.

Related Tags :
Similar Posts