പുഷ്പ 2 വിൽ ഫഹദ് ഫാസിലിനൊപ്പം വിജയ് സേതുപതിയും വില്ലൻ?
|അല്ലു അർജുൻ നായകനായി പുറത്തിറങ്ങിയ 'പുഷ്പ ദി റൈസി'ന്റെ രണ്ടാം ഭാഗമായ 'പുഷ്പ ദി റൂളി'ൽ വില്ലന്മാരിലൊരാളാകാൻ തമിഴ് നടൻ വിജയ് സേതുപതിയെത്തുമെന്നാണ് പുതിയ വിവരം
ഫ്‌ളവറല്ല, ഫയറാണെന്ന് തെളിയിച്ച പുഷ്പയെ തളയ്ക്കാൻ രണ്ടാം ഭാഗത്തിൽ ഫഹദ് ഫാസിലിനൊപ്പം വിജയ് സേതുപതിയുമെത്തും?. അല്ലു അർജുൻ നായകനായി പുറത്തിറങ്ങിയ 'പുഷ്പ ദി റൈസി'ന്റെ രണ്ടാം ഭാഗമായ 'പുഷ്പ ദി റൂളി'ൽ വില്ലന്മാരിലൊരാളാകാൻ തമിഴ് നടൻ വിജയ് സേതുപതിയെത്തുമെന്നാണ് പുതിയ വിവരം. എന്നാൽ ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ചിത്രത്തിന്റെ സംവിധായകൻ സുകുമാർ തിരക്കഥ നവീകരിക്കുകയും കാസ്റ്റിങ് നടത്തിക്കൊണ്ടിരിക്കുകയുമാണ്. കെജിഎഫ് 2വിന്റെ ഗംഭീര വിജയത്തെ തുടർന്ന് തിരക്കഥ പുതുക്കുന്നതായി ഇദ്ദേഹം അറിയിച്ചിരുന്നു. അതിന് പുറമേയാണ് തെന്നിന്ത്യൻ നടനായ വിജയ് സേതുപതിയെ കൂടി ചിത്രത്തിലേക്ക് കൊണ്ടുവരുന്ന വാർത്ത പുറത്തെത്തുന്നത്. പുഷ്പ ആദ്യ ഭാഗത്തിൽ ഫഹദ് ഗംഭീരമാക്കിയ പൊലീസ് കഥാപാത്രത്തിനായി വിജയ് സേതുപതിയെയാണ് ആദ്യം സമീപിച്ചിരുന്നത്. എന്നാൽ ഫഹദിനാണ് അഭിനയിക്കാനായത്. രണ്ടാം ഭാഗത്തിൽ സേതുപതിയെത്തുമ്പോൾ ഡിഎസ്പി ഗോവിന്ദപ്പയെന്ന കഥാപാത്രം അവതരിപ്പിക്കുമെന്നാണ് വാർത്തകൾ.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പുഷ്പ ദി റൈസ് ഗംഭീര ബോക്‌സ് ഓഫീസ് വിജയം നേടിയിരുന്നു. ഇന്ത്യയിലുടനീളം വൻ സ്വീകാര്യത നേടിയ ചിത്രത്തിന്റെ രണ്ടാം അതിലേറെ വിപുലമാക്കാനാണ് സംവിധായകന്റെ നീക്കം. രശ്മിക മന്ദാനയാണ് പുഷ്പയിൽ നായികയായിരുന്നത്. ഡിസംബർ 17 നാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിൽ പതിവ് മെട്രോ പയ്യൻ ഇമേജിൽ നിന്ന് വ്യത്യസ്തമായി അല്ലുവിന്റെ മേക്കോവർ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചന്ദനക്കള്ളക്കടത്ത് തലവനാവുന്ന പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അല്ലു അവതരിപ്പിച്ചത്. പ്രതിനായക കഥാപാത്രമായി ഫഹദ് ഫാസിൽ എത്തിയ ചിത്രം എന്ന നിലയിലും പുഷ്പ ശ്രദ്ധ നേടിയിരുന്നു. ഭൻവർ സിംഗ് ഷെഖാവത്ത് എന്ന പൊലീസ് ഓഫീസറായാണ് ഫഹദ് എത്തിയത്. ഫഹദിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രവുമാണ് ഇത്. പുഷ്പ ആമസോൺ പ്രൈം വഴി ഒ.ടി.ടിയിലും റിലീസ് ചെയ്തിരുന്നു.
ആദ്യ ദിനം തന്നെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 45 കോടി രൂപയാണ് ആദ്യദിനം ചിത്രം നേടിയത്. കോടികളാണ് ചിത്രത്തിലെ താരങ്ങൾക്ക് പ്രതിഫലമായി ലഭിച്ചതെന്ന് വിവരങ്ങൾ പുറത്തുവന്നിരുന്നു. ചിത്രത്തിൽ നായകവേഷമിട്ട അല്ലു അർജുന് 50 കോടിയാണ് പ്രതിഫലമായി ലഭിച്ചതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. നായികയായെത്തിയ രശ്മിക മന്ദാനെയ്ക്ക് പത്ത് കോടി ലഭിച്ചെന്നും ഒരു റിപ്പോർട്ടിൽ പറയുന്നു. ചിത്രത്തിലെ ഐറ്റം ഡാൻസിന് സാമന്തക്ക് ലഭിച്ചത് ഒന്നരക്കോടി രൂപ. വില്ലൻ കഥാപാത്രം അവതരിപ്പിച്ച സൂപ്പർതാരം ഫഹദ് ഫാസിൽ മൂന്നരക്കോടി പ്രതിഫലമായി കൈപ്പറ്റിയെന്നും റിപ്പോർട്ടുണ്ട്.
ചിത്രത്തിലെ ശക്തയായ കഥാപാത്രത്തെ അവതരിപ്പിച്ച അനസൂയ ഭരദ്വരാജ് പ്രതിദിനം ഒന്നര ലക്ഷമാണത്രെ പ്രതിഫലമായി വാങ്ങിയത്. സംവിധായകൻ സുകുമാറിനു ലഭിച്ചത് 25 കോടിയാണ്. സംഗീത സംവിധായകൻ ദേവിശ്രീ പ്രസാദിന് മൂന്നരക്കോടിയും ലഭിച്ചു.
Fahadh Faasil and Vijay Sethupathi as villains in Pushpa 2?