ടിക്കറ്റ് നിരക്കിൽ ഇളവുമായി 'കുറി'; പ്രതിസന്ധി മറികടക്കാൻ വഴി തേടി സിനിമാക്കാർ
|സിനിമാസ്വാദനം അന്യമാകരുതെന്ന തങ്ങളുടെ ആഗ്രഹമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് സംവിധായകൻ കെ.ആർ പ്രവീൺ പറയുന്നു
വിഷ്ണു ഉണ്ണിക്കൃഷ്ണൻ പ്രധാന വേഷത്തിൽ എത്തുന്ന 'കുറി' എന്ന ചിത്രം വേറിട്ട പരീക്ഷണവുമായി തിയറ്ററുകളിലേക്ക്. കോവിഡാനന്തര മലയാള സിനിമ നേരിടുന്ന പ്രധാന പ്രതിസന്ധികളിലൊന്നായ, തിയറ്ററുകളിലെ കാഴ്ചക്കാരുടെ കുറവ് മറികടക്കാനായി ടിക്കറ്റ് നിരക്കിൽ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 22ന് റിലീസ് ചെയ്യുന്ന കുറി കാണാനായി മൾട്ടിപ്ലക്‌സ് ഒഴികെയുള്ള തിയേറ്ററുകളിൽ നിന്ന് നേരിട്ട്, ഒരുമിച്ചു വാങ്ങുന്ന മൂന്നോ അതിലധികമോ ടിക്കറ്റുകൾക്ക് ആദ്യത്തെ ഒരാഴ്ച 50% നിരക്ക് തീർത്തും സൗജന്യമായിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
അതേസമയം ഈ ഇളവ് ഓൺലൈൻ ബുക്കിംഗിന് ബാധകമാവില്ല. ചുരുക്കത്തിൽ നാലുപേർ സിനിമ കാണാനായി കൗണ്ടറിൽ നിന്ന് ഒരുമിച്ച് ടിക്കറ്റെടുത്താൽ രണ്ട് ടിക്കറ്റിന്റെ തുക നൽകിയാൽ മതിയാകും. റിലീസിന്റെ ആദ്യ ആഴ്ചയിൽ മാത്രമാണ് ഈ ഇളവ് ലഭിക്കുക. വിലക്കയറ്റത്തിൽ പൊറുതിമുട്ടി താളം തെറ്റുന്ന കുടുംബങ്ങൾക്ക് സിനിമാസ്വാദനം അന്യമാകരുതെന്ന തങ്ങളുടെ ആഗ്രഹമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് സംവിധായകൻ കെ.ആർ പ്രവീൺ പറയുന്നു. ഉയർന്ന ടിക്കറ്റ് നിരക്ക് തിയേറ്ററുകളിൽ ആളെക്കുറയ്ക്കുന്ന കാരണങ്ങളിൽ ഒന്നാണ്.
നിരക്കിൽ കുറവ് വരുത്തണമെന്നുളളത് ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ കോക്കേഴ്സ് സ്ഥാപകൻ സിയാദ് കോക്കർ എല്ലാ സിനിമാ സംഘടനകളുടെയും ശ്രദ്ധയിൽ കൊണ്ടു വരുന്നൊരു ചർച്ചാവിഷയമാണ്. ആ നീക്കത്തിന് ആക്കം കൂട്ടാനാണ് ഇങ്ങനൊരു തീരുമാനവുമായി മുന്നിട്ടിറങ്ങുന്നതെന്നും പ്രവീൺ വ്യക്തമാക്കുന്നു. നേരത്തെ ഫിലിം ചേംബർ യോഗത്തിൽ തിയറ്ററുകളിലേക്ക് കാണികൾ എത്തുന്നത് കുറഞ്ഞ സാഹചര്യത്തിൽ ആഴ്ചയിലെ മൂന്ന് ദിവസങ്ങളിൽ ഫ്‌ലക്‌സി ടിക്കറ്റ് നിരക്ക് നടപ്പാക്കണമെന്ന് അഭിപ്രായം ഉയർന്നിരുന്നു. എന്നാൽ സമവായത്തിൽ എത്തിയിരുന്നില്ല. തുടർന്നാണ് സ്വന്തം ചിത്രത്തിന് ഇളവ് നൽകാൻ സിയാദ് കോക്കർ തീരുമാനിച്ചത്.
വിഷ്ണു ഉണ്ണിക്കൃഷ്ണന് പുറമെ സുരഭി ലക്ഷ്മി, അതിഥി രവി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് 'കുറി'. രചന, സംവിധാനം കെ.ആർ പ്രവീൺ.