'ഈ നാട് ഭരിക്കണത് കേന്ദ്രം നിയോഗിച്ച അഡ്മിനിസ്‌ട്രേറ്ററല്ലേ...'; 'ഫ്‌ളഷ്' ട്രെയിലർ
|അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയില്‍ ഈ മാസം 17 ന് ചിത്രം പ്രദര്‍ശിപ്പിക്കും
ലക്ഷദ്വീപിന്‍റെ ആത്മാവിനെ ഒപ്പിയെടുത്ത ഐഷാ സുല്‍ത്താനയുടെ പുതിയ ചിത്രം ഫ്ളഷിന്‍റെ ട്രെയിലർ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പൂര്‍ണ്ണമായും ലക്ഷദ്വീപില്‍ ചിത്രീകരിച്ച ഫ്ളഷ് ഉടനെ പ്രേക്ഷകരിലെത്തും. സ്വന്തം നാടിന് വേണ്ടി പോരാടി രാജ്യാന്തര ശ്രദ്ധ നേടിയ നടിയും മോഡലും സംവിധായികയുമാണ് ഐഷാ സുല്‍ത്താന. ലക്ഷദ്വീപില്‍ നിന്നുള്ള ആദ്യ സംവിധായിക കൂടിയാണ് ഐഷ.
ലക്ഷദ്വീപ് ഭരിക്കുന്നത് കേന്ദ്രം നിയോഗിച്ച അഡ്മിനിസ്ട്രേറ്ററാണെന്നും ഈ നാടിന് സ്വാതന്ത്ര്യം കിട്ടിയിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങളും ചിത്രം ഉയർത്തുന്നുണ്ട്. പൂർണമായും ലക്ഷദ്വീപിൽത്തന്നെയാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതും. പുതുമുഖങ്ങളാണ് ഫ്ളഷിൽ പ്രധാനവേഷങ്ങളിലെത്തുന്നത്. നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ മുംബൈ മോഡലായ ഡിമ്പിള്‍ പോള്‍ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ലക്ഷദ്വീപിന്‍റെ ജീവനും ജീവിതവുമാണ് ഫ്ളഷിന്‍റെ ഇതിവൃത്തം. ലക്ഷദ്വീപിന്‍റെ രാഷ്ട്രീയം, പരിസ്ഥിതി, സംസ്ക്കാരം തുടങ്ങിയവയെല്ലാം ഫ്ളഷില്‍ ചിത്രീകരിച്ചിട്ടുണ്ടെന്ന് ഐഷാ സുല്‍ത്താന പറഞ്ഞു. ഏറെ പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗമാണ് ലക്ഷദ്വീപിലേത്. ഒട്ടേറെ സാമൂഹ്യ, രാഷ്ട്രീയ പ്രതിസന്ധികള്‍ നേരിടുന്നവരാണ് ലക്ഷദ്വീപ് നിവാസികള്‍. ഞാന്‍ ഉള്‍പ്പെടുന്ന ആ സമൂഹത്തിന്‍റെ ജീവിതമാണ് ഫ്ളഷിലൂടെ ഞാന്‍ പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നത്. ഞങ്ങളുടെ സമൂഹത്തിന്‍റെ ആശങ്കകള്‍ കൂടി ഈ ചിത്രം പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നുണ്ട്. ഐഷ സുല്‍ത്താന പറഞ്ഞു.
അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയില്‍ ഈ മാസം 17 ന് ചിത്രം പ്രദര്‍ശിപ്പിക്കും. ബീനാ കാസിം നിര്‍മ്മിച്ചിരിക്കുന്ന ഫ്ളഷിന്‍റെ ക്യാമറ കെ ജെ രതീഷാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് - നൗഫല്‍ അബ്ദുള്ള, സംഗീതം- വില്യം ഫ്രാന്‍സിസ്, കൈലാഷ് മേനോന്‍.