മുൻ പ്രധാനമന്ത്രി വാജ്‌പേയിയുടെ ജീവചരിത്രം സിനിമയാകുന്നു
|വാജ് പേയിയുടെ 99ാം ജന്മദിനത്തിൽ 2023 ഡിസംബറിലായി സിനിമ തിയേറ്ററുകളിലെത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു
മുൻ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജീവചരിത്രം സിനിമയാകുന്നു. 'മെയിൻ റഹൂൻ യാ നാ രഹൂൻ, യേ ദേശ് രഹ്ന ചാഹിയേ - അടൽ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഉല്ലേഖ് എൻപിയുടെ 'ദി അൺടോൾഡ് വാജ്പേയി: പൊളിറ്റീഷ്യൻ ആൻഡ് പാരഡോക്‌സ്' എന്ന പുസ്തകത്തെ ആസ്പദമാക്കിയിട്ടുള്ളതാണ്.
''തന്റെ വാക്കുകൾകൊണ്ട് ശത്രുക്കളുടെ ഹൃദയം പോലും കീഴടക്കിയ മികച്ച ഇന്ത്യൻ നേതാക്കളിൽ ഒരാളാണ് ശ്രീ അടൽ ബിഹാരി വാജ്പേയി ജി. ചില പറയാത്ത കഥകൾ ഏറ്റവും നന്നായി പ്രേക്ഷകർക്കു മുന്നിലെത്തിക്കാൻ നല്ല മാധ്യമം സിനിമയാണെന്ന് എനിക്ക് തോന്നുന്നു. സിനിമയിൽ അദ്ദേഹത്തിന്റെ പ്രത്യയ ശാസ്ത്രമോ രാഷ്ട്രീയമോ അല്ല പ്രധാനമായും പറയാൻ ഉദ്ദേശിക്കുന്നത്. മറിച്ച് അദ്ദേഹത്തിന്റെ മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള ജീവിത ശൈലിയെയാണ്. അത്തരം മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള ജീവിത രീതി അദ്ദേഹത്തെ മികച്ച പ്രതിപക്ഷ നേതാവും പ്രധാനമന്ത്രിയുമാക്കി''- ചലച്ചിത്ര നിർമ്മാതാവ് സന്ദീപ് സിംഗ് പറഞ്ഞു.
ചിത്രത്തിൽ വാജ്‌പേയിയുടെ വേഷം അവതരിപ്പിക്കാൻ യോഗ്യനായ നായകനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നിർമ്മാതാക്കൾ. വാജ് പേയിയുടെ 99ാം ജന്മദിനത്തിൽ 2023 ഡിസംബറിലായി സിനിമ തിയേറ്ററുകളിലെത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. വിനോദ് ഭാനുശാലി, സന്ദീപ് സിംഗ്, സാം ഖാൻ, കമലേഷ് ഭാനുശാലി, വിശാൽ ഗുർനാനി എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.