Movies
ഇത് വേറിട്ട പോലീസ് കഥ; കാക്കിപ്പടയെ കുറിച്ച് മുന്‍ എസ്‍പി ജോര്‍ജ് ജോസഫ്
Movies

ഇത് വേറിട്ട പോലീസ് കഥ; കാക്കിപ്പടയെ കുറിച്ച് മുന്‍ എസ്‍പി ജോര്‍ജ് ജോസഫ്

Web Desk
|
29 Nov 2022 6:11 AM GMT

കാക്കിപ്പട എന്ന ചിത്രത്തിന്‍റെ പ്രമേയം കാലിക പ്രാധാന്യം ഉള്ളതാണെന്ന് മുൻ എസ് പി ജോർജ് ജോസഫ്

കേരളഭരണം ആര്‍ക്കായാലും പലപ്പോഴും വിവാദങ്ങളുണ്ടാകുമ്പോള്‍ പ്രതിനായകന്മാരോ നായകന്മാരോ പോലീസുകാരാണ്. പുതുതലമുറ അഭിനേതാക്കളുടെ പോലീസ് നിരയുമായെത്തുന്ന കാക്കിപ്പടയും കൈകാര്യം ചെയ്യുന്നത് ഈ സമകാലീന സംഭവങ്ങളെല്ലാം തന്നെയാണ്. സിനിമ തീര്‍ത്തും വേറിട്ട ഒരു പോലീസ് കഥയാണ് പറയുന്നതെന്ന് പറയുന്നു മുന്‍ എസ്‍പി ജോര്‍ജ് ജോസഫ്.

ചിത്രത്തിന്‍റെ പ്രമേയം കാലിക പ്രാധാന്യം ഉള്ളതാണ്. സിനിമയിലെ പോലെ കൊച്ചുകുട്ടികൾ പീഡിപ്പിക്കപ്പെടുമ്പോൾ ജനം അക്രമസക്തരാകുന്നതും, അവരെ നിയന്ത്രിക്കാൻ പോലീസ് പാടുപെട്ടതുമായ സംഭവങ്ങൾ അദ്ദേഹം ഓർത്തെടുത്തു. സമൂഹത്തിന്‍റെ പരിഛേദം തന്നെയാണ് പോലീസ് എന്നും, പൊതുജനങ്ങളുടെ അതേ വികാരം തന്നെയാണ് പോലീസിന് എന്നും അദ്ദേഹം തന്‍റെ അനുഭവത്തിന്‍റെ വെളിച്ചത്തിൽ നിന്നും പറഞ്ഞു. കാക്കിപ്പട തന്നിൽ ഏറെ ആകാംക്ഷ ജനിപ്പിക്കുന്നു എന്നും ചിത്രം കാണാൻ കാത്തിരിക്കുകയാണെന്നും ജോർജ്‌ ജോസഫ് അഭിപ്രായപ്പെട്ടു.


പൂർണമായും ത്രില്ലർ മൂഡിലാണ് കാക്കിപ്പട മുന്നോട്ടുപോകുന്നത്. തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതകഥയാണ് ഈ ചിത്രം പറയുന്നത്. പോലീസുകാരുടെയും പ്രതിയുടെയും മാനസിക അവസ്ഥയും, ആ നാടിനോടും സംഭവിച്ച ക്രൈമിനോടും ഉള്ള സമീപനവും വ്യത്യസ്തമായ രീതിയില്‍ പറഞ്ഞുപോകുകയാണ് സിനിമ. കുറ്റവാളിയില്‍ നിന്ന് പോലീസുകാരിലേക്കുള്ള അന്വേഷണത്തിന്‍റെ സഞ്ചാരമാണ് സിനിമയുടെ പ്രമേയം. കേസ് അന്വേഷണമായാലും കുറ്റവാളിയെ പിടികൂടുന്ന സ്ഥിരം കഥാസന്ദര്‍ഭങ്ങളായാലും പ്രേക്ഷകര്‍ക്ക് തീര്‍ത്തും വ്യത്യസ്തമായ ഒരു സിനിമാ അനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്. എസ്. വി പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ ഷെജി വലിയകത്ത് നിർമിച്ച കാക്കിപ്പട സംവിധാനം ചെയ്തിരിക്കുന്നത് ഷെബി ചൗഘട്ട് ആണ്.

ഈ വർഷം ക്രിസ്തുമസ് റിലീസായി എത്തുന്ന കാക്കിപ്പടയിൽ നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്‌, ആരാധികാ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക് (രാഷസൻ ഫെയിം), സിനോജ് വർഗീസ്, കുട്ടി അഖിൽ, സൂര്യാ അനിൽ, പ്രദീപ്, ഷിബുലാബാൻ, മാലാ പാർവ്വതി എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.

ഷെബി ചൗഘട്, ഷെജി വലിയകത്തും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത്. സംഗീതം - ജാസി ഗിഫ്റ്റ്, പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും ബാബു രത്നം എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം -സാബുറാം. മേക്കപ്പ് - പ്രദീപ് രംഗൻ. കോസ്റ്റ്യും ഡിസൈൻ- ഷിബു പരമേശ്വരൻ, നിശ്ചല ഛായാഗ്രഹണം - അജി മസ്ക്കറ്റ്. നിർമ്മാണ നിർവ്വഹണം- എസ്.മുരുകൻ.


Similar Posts