വിവാദമൊഴിയാതെ ഗംഗുഭായ് കത്ത്യാവാടി; കാമാത്തിപുരയെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ഹരജി
|മഹാരാഷ്ട്ര എം.എല്‍.എ അമിന്‍ പട്ടേലും പ്രദേശവാസിയുമാണ് ബോംബെ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്
സഞ്‍ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന ആലിയ ഭട്ട് ചിത്രം ഗംഗുഭായ് കത്ത്യാവാടിക്കെതിരെ ബോംബെ ഹൈക്കോടതിയില്‍ ഹരജി. കാമാത്തിപുരയെ ചിത്രത്തില്‍ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര എം.എല്‍.എ അമിന്‍ പട്ടേലും പ്രദേശവാസിയുമാണ് ഹരജി സമര്‍പ്പിച്ചത്. ചിത്രത്തിൽ നിന്ന് കാമാത്തിപുര എന്ന സ്ഥലപ്പേര് മാറ്റണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. കേസ്, ജസ്റ്റിസ് ജി എസ് പട്ടേൽ അധ്യക്ഷനായ ബഞ്ച് നാളെ പരിഗണിക്കും.
തെറ്റായ രീതിയില്‍ ഗംഗുഭായിയെ ചിത്രീകരിച്ചെന്നുകാട്ടി കുടുബം നേരത്തെ രംഗത്തെത്തിയിരുന്നു. പണത്തിനുവേണ്ടി കുടുംബത്തെ ഇകഴ്ത്തിക്കാണിച്ചെന്നായിരുന്നു ആരോപണം. ഗംഗുഭായിയുടെ വളര്‍ത്തുപുത്രനെന്ന് അവകാശപ്പെടുന്ന ബാബു റാവോജിയും കൊച്ചുമകള്‍ ഭാരതിയുമാണ് കോടതിയെ സമീപിച്ചത്. ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം.
ഒരു കാലത്ത് മുംബൈയിലെ കാമാത്തിപുരയില്‍ ജീവിച്ചിരുന്ന ഗംഗുഭായ് കൊതേവാലിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഗംഗുഭായ് കത്ത്യാവാടി ഒരുക്കിയിരിക്കുന്നത്. ഹുസൈൻ സെയ്ദിയുടെ 'മാഫിയ ക്വീൻസ് ഓഫ് മുംബൈ' എന്ന പുസ്‍തകത്തിലെ ഒരധ്യായമാണ് സിനിമയ്ക്ക് ആധാരം. ഫെബ്രുവരി 25ന് ചിത്രം പ്രദർശനത്തിനൊരുങ്ങവെയാണ് വിവാദങ്ങള്‍ കനക്കുന്നത്.