Movies
ഗംഗുഭായ് കത്തിയാവാഡി; ആലിയ ഭട്ടിനും സഞ്ജയ് ലീല ബൻസാലിക്കുമെതിരെയുള്ള മാനനഷ്ടക്കേസിൽ വീണ്ടും സ്‌റ്റേ
Movies

'ഗംഗുഭായ് കത്തിയാവാഡി'; ആലിയ ഭട്ടിനും സഞ്ജയ് ലീല ബൻസാലിക്കുമെതിരെയുള്ള മാനനഷ്ടക്കേസിൽ വീണ്ടും സ്‌റ്റേ

Web Desk
|
23 Dec 2021 1:07 PM GMT

കാമാത്തിപുരയിലെ ഗംഗുഭായ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ആലിയ ഭട്ട് അവതരിപ്പിക്കുന്നത്. ഗംഗുഭായ്‌യുടെ വളർത്തുമകനെന്ന് അവകാശപ്പെടുന്ന ബാബു രാവ്ജി ഷായാണ് ബൻസാലിയുടെ ചിത്രത്തിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നത്

ഗംഗുഭായ് കത്തിയാവാഡി എന്ന സിനിമയുമായി ബന്ധപ്പെട്ട് സംവിധായകൻ സഞ്ജയ് ലീല ബൻസാലി, നടി ആലിയ ഭട്ട്, തിരക്കഥാകൃത്തുക്കൾ എന്നിവർക്കെതിരെയുള്ള ക്രിമിനൽ മാനനഷ്ടക്കേസിൽ തുടർനടപടികൾക്ക് വീണ്ടും സ്‌റ്റേ. സംവിധായകനും നായികക്കും തിരക്കഥാകൃത്തുകളായ എസ് ഹുസൈൻസെയ്ദി, ജാനെ ബോർജസ് എന്നിവർക്കുമെതിരെയുള്ള നടപടിയാണ് ബോംബേ ഹൈകോടതി സ്‌റ്റേ ചെയ്തത്. ജസ്റ്റിസ് എസ്‌കെ ഷിൻഡേയാണ് ഈ വർഷം ആഗസ്തിൽ അനുവദിച്ച സ്‌റ്റേ ഉത്തരവ് നീട്ടിനൽകിയത്.

ഹുസൈൻ സെയ്ദിയുടെ പുസ്തകമായ 'മാഫിയ ക്യൂൻസ് ഓഫ് മുംബൈ'യെ അടിസ്ഥാനമാക്കിയാണ് സഞ്ജയ് ലീല ബൻസാലി 'ഗംഗുഭായ് കത്തിയാവാഡി' എന്ന ചിത്രമൊരുക്കുന്നത്. കാമാത്തിപുരയിലെ ഗംഗുഭായ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ആലിയ ഭട്ട് അവതരിപ്പിക്കുന്നത്. ഗംഗുഭായ്‌യുടെ വളർത്തുമകനെന്ന് അവകാശപ്പെടുന്ന ബാബു രാവ്ജി ഷായാണ് ബൻസാലിയുടെ ചിത്രത്തിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നത്. ഹുസൈൻ സെയ്ദിയുടെ പുസ്തകത്തിലെ ഗംഗുഭായ് കത്തിയാവാഡിയുടെ ഭാഗം മാതാവിനെ അപകീർത്തിപ്പെടുത്തുന്നുവെന്നും പ്രശസ്തിക്കും പണത്തിനും വേണ്ടി മാതാവിന്റെ പേര് കളങ്കപ്പെടുത്തുന്നുവെന്നുമാണ് ഹരജിയിൽ പറഞ്ഞത്. പരേതയായ മാതാവിന്റെ സ്വകാര്യത ലംഘിക്കുന്നതിനാൽ സിനിമ നിരോധിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. എന്നാൽ ഇയാൾ ഗംഗുഭായ്‌യുടെ ബന്ധുവാണെന്ന് തെളിയിക്കുന്ന രേഖകൾ ഇല്ലെന്ന് ഹൈകോടതി നിരീക്ഷിച്ചു.

കേസിൽ സംവിധായകൻ സഞ്ജയ് ലീല ബൻസാലി, നടി ആലിയ ഭട്ട്, തിരക്കഥാകൃത്തുക്കൾ എന്നിവർക്കെതിരെ മുംബൈ അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. മുംബൈ സിവിൽ കോടതിയെ ഷാ സമീപിച്ചപ്പോൾ ഹരജി നിരസിച്ചിതിനെ തുടർന്നാണ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നത്. പുസ്തകം പ്രസിദ്ധീകരിക്കുന്നത് നിർത്തണമെന്നും സിനിമയും സിനിമയുടെ ട്രെയിലറുകളും നിരോധിക്കണമെന്നുമായിരുന്നു അന്നത്തെയും ആവശ്യം. എന്നാൽ പുസ്തകം 2011ൽ പ്രസിദ്ധീകരിച്ചതാണെന്ന് ചൂണ്ടിക്കാട്ടി കോടതി ഹരജി തള്ളി. ഗംഗുഭായ്‌യുടെ വളർത്തുമകനാണെന്ന് തെളിയിക്കാൻ കഴിയുന്ന രേഖകൾ ഷാ യുടെ കൈവശമില്ലെന്നും അന്നും കോടതി നിരീക്ഷിച്ചിരുന്നു.

'Gangubhai Kathiawadi'; Stay on Defamation suit against Alia Bhatt and Sanjay Leela Bhansali

Similar Posts