'നല്ല മസിലൊക്കെ വന്നാൽ ഗോകുലിനെ വാരിയൻകുന്നനിലേക്ക് പരിഗണിക്കാം': നിർമാതാവ് മെഹ്ഫൂസ്
|''നമ്മൾ നല്ല സിനിമ എടുക്കുക എന്നുള്ളതിലാണ് കാര്യം. നമ്മൾ എന്ത് ചെയാതാലും മോശം പറയാനും നല്ലത് പറയാനും ആളുകളുണ്ടാകും''
മലബാർ കലാപ നായകൻ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്രം ആസ്പദമാക്കിയുള്ള വാരിയൻകുന്നൻ ചിത്രം ചെയ്യാൻ തനിക്ക് താൽപ്പര്യമുണ്ടെന്ന് നിർമ്മാതാവ് മെഹ്ഫൂസ് എം.ഡി. നല്ല മസിലൊക്കെ വന്നാൽ ഗോകുലിനെ വാരിയംകുന്നനിലേക്ക് പരിഗണിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഗോകുൽ സുരേഷ്, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'സായാഹ്ന വാർത്തകൾ' എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.
വാരിയൻകുന്നനിൽ നിന്നും സംവിധായകൻ ആഷിഖ് അബു നേരത്തെ പിന്മാറിയിരുന്നു. ഇതിനു പിന്നാലെ നിർമ്മാതാവ് മെഹ്ഫൂസ് എം.ഡി ചിത്രം നിർമ്മിക്കാനൊരുങ്ങുന്ന എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ നേരത്തെയുണ്ടായിരുന്നു. വാരിയൻകുന്നന്റേത് നല്ല കഥായാണെന്നും സിനിമ ചെയ്യാൻ ആഗ്രഹുമുണ്ടെന്നും മെഹ്ഫൂസ് വ്യക്തമാക്കി.
'' നല്ലൊരു സിനിമയായി പൊതു സമൂഹത്തിന് മുന്നിൽ വാരിയൻകുന്നൻ അവതരിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷയുണ്ട്. അതിന് എപ്പോഴാണ് ഒരു അവസരം ലഭിക്കുന്നത്, ആ സന്ദർഭത്തിൽ സിനിമ തീർച്ചയായും ചെയ്യും. നമ്മൾ നല്ല സിനിമ എടുക്കുക എന്നുള്ളതിലാണ് കാര്യം. നമ്മൾ എന്ത് ചെയാതാലും മോശം പറയാനും നല്ലത് പറയാനും ആളുകളുണ്ടാകും''- മെഹ്ഫൂസ് മാധ്യമങ്ങളോട് പറഞ്ഞു.
ഗോകുൽ സുരേഷ്, ധ്യാൻ ശ്രീനിവാസൻ , അജു വർഗീസ്, ഇന്ദ്രൻസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി D14 എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ അരുൺ ചന്ദു സംവിധാനം ചെയ്ത ചിത്രമാണ് സായാഹ്ന വാർത്തകൾ. സാജൻ ബേക്കറിക്ക് ശേഷം അരുൺ ചന്ദു സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖം ശരണ്യ ശർമ്മയാണ് നായിക. സമീപകാല രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തിൽ ഒരുക്കുന്ന 'സായാഹ്ന വാർത്തകളുടെ' തിരക്കഥ സംഭാഷണം സച്ചിൻ ആർ. ചന്ദ്രൻ, അരുൺ ചന്ദു എന്നിവർ ചേർന്നെഴുതുന്നു. ശരത് ഷാജിയാണ് ഛായാഗ്രഹണം.