ഷാറൂഖിന് വീണ്ടും നല്ലകാലം: ഈ വർഷം രണ്ട് സിനിമകൾ കൂടി, ജവാനും പണം വാരും
|ഈ വർഷം ഇനിയും രണ്ട് സിനിമകള്‍ കൂടി ഷാറൂഖിന്റേതായി തിയേറ്ററുകളിലെത്താനുണ്ട്
മുംബൈ: തുടർ പരാജയങ്ങൾക്ക് ശേഷം ഷാറൂഖ് ഖാനും ബോളിവുഡിനും വീണ്ടും നല്ലകാലം സമ്മാനിച്ച സിനിമയായിരുന്നു പഠാൻ. ഒരോ ദിനവും പഠാൻ കടന്നുപോകുന്നത് കളക്ഷൻ റെക്കോർഡുകൾ സൃഷ്ടിച്ചാണ്. ആറ് ദിവസം കൊണ്ട് 600 കോടിയിലധികം(വേൾഡ് വൈഡ് കളക്ഷൻ)നേടി എന്നാണ് സിനിമാ ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. എന്നാൽ ഷാറൂഖിന്റെ ഈ തേരോട്ടം പഠാനിൽ മാത്രം ഒതുങ്ങില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ.
ഈ വർഷം ഇനിയും രണ്ട് സിനിമകള്‍ കൂടി ഷാറൂഖിന്റേതായി തിയേറ്ററുകളിലെത്താനുണ്ട്. അതിൽ പ്രധാനമാണ് ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാൻ. പഠാൻ പോലെ ആക്ഷന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള സിനിമയാകും ജവാനും. സൂപ്പർഹിറ്റ് സംവിധായകൻ രാജ്കുമാർ ഹിറാനിയൊരുക്കുന്ന ദങ്കിയാണ് മറ്റൊന്ന്. അതേസമയം സൗത്ത് ഇന്ത്യൻ താരങ്ങളാണ് ജവാനിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. നയൻതാര, വിജയ് സേതുപതി, യോഗി ബാബു എന്നിവരാണ് ഈ ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജവാൻ ജൂണിലും ദങ്കി ഡിസംബറിലുമാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. പഠാന്റെ ഹിറ്റ് ആരവം ജവാനിലും പ്രതിഫലിക്കുമെന്ന് സിനിമാ ട്രേഡ് അനലിസ്റ്റ് രമേശ് ബാല ഇന്ത്യടുഡേയോട് പറഞ്ഞു. പഠാൻ അടുത്ത ആഴ്ച തന്നെ ആയിരം കോടി ക്ലബ്ബിൽ ഇടം നേടുമെന്നും അദ്ദേഹം വിലയിരുത്തുന്നു. പഠാനെ പോലെ ജവാനും വൻ സ്വീകരണമാണ് ഒരുക്കുന്നത്. ആയിരം കോടി ക്ലബ്ബിലെത്തിയ ഒരു നടന്റെ ചിത്രത്തിന് സ്വാഭാവികമായും ആകാംക്ഷ കൂടുമെന്നും ഇത് ജവാന്റെ കളക്ഷനെ അനുകൂലമായിട്ട് തന്നെ ബാധിക്കുമെന്നും വിലയിരുത്തുന്നു.
പ്രൊമോഷനും ട്രെയിലറും മറ്റുമെല്ലാം ആശ്രയിച്ചിരിക്കും ജവാന്റെ സ്വീകാര്യത നിർണയിക്കക. അതേസമയം വിദേശ രാജ്യങ്ങളിലെ വരവേല്‍പ്പും നിർണായകമാണ്. പഠാനെ ഇരുകയ്യും നീട്ടിയാണ് വിദേശമലയാളികൾ സ്വീകരിച്ചത്. അമേരിക്ക, ആസ്‌ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലൊക്കെ പഠാന്റെ ടിക്കറ്റ് ഇപ്പോഴും പ്രിയപ്പെട്ടതാണ്. ജവാനും ഇതുപോലെയുള്ള സ്വീകാര്യത ലഭിക്കുമെന്നാണ് വിവരം. അതേസമയം ഹിരാനിയുടെ ദങ്കി ആക്ഷൻ പാക്ക്ഡ് സിനിമയല്ല. ഹിരാനി ബോളിവുഡിൽ തീർത്ത ഹിറ്റുകളെപ്പോലെ ചിരിക്കാനും ചിന്തിപ്പിക്കാനും വകനൽകുന്നതായിരിക്കും എന്നാണ് അറിയുന്നത്.