അന്ന് വില്ലൻ ഇന്ന് നായകൻ; ഉണ്ണി മുകുന്ദന്‍ -ഹനീഫ് അദേനി ചിത്രം ഒരുങ്ങുന്നത് ബിഗ് ബജറ്റിൽ
|ഹനീഫ് അദേനിയുടെ സംവിധാനത്തിലൊരുങ്ങിയ മിഖായേല്‍ എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ വില്ലനായിരുന്നു
ഉണ്ണിമുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മാർക്കോ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. സ്റ്റൈലിഷ് ലുക്കിലുള്ള ഉണ്ണിമുകുന്ദനെ പോസ്റ്ററിൽ കാണാം. പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെ ഹനീഫ് അദേനിയുടെ തന്നെ മിഖായേലും സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. മിഖായേലിൽ ഉണ്ണി മുകുന്ദൻ വില്ലനായാണ് എത്തിയത്. ചിത്രത്തിലെ കഥാപാത്രം നായകനോളം തന്നെ ആഘോഷിക്കപ്പെടുകയും ചെയ്തിരുന്നു.
നാല് വർഷത്തിന് ശേഷമാണ് ഉണ്ണി മുകുന്ദൻ ഹനീഫ് അദേനി ചിത്രത്തിൽ വീണ്ടും എത്തുന്നത്. മിഖായേലിലെ ഉണ്ണി മുകുന്ദന്‍റെ കഥാപാത്രത്തിന്‍റെ പേര് മാർക്കോ ജൂനിയർ എന്നായിരുന്നു. പുതിയ ചിത്രത്തിന്റെ രചനയും സംവിധായകന്റേത് തന്നെയാണ്. ഏകദേശം 30 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. ക്യൂബ്‌സ് എൻറർടെയ്ൻമെൻറ്‌സിൻറെ ബാനറിൽ ഷെരീഫ് മുഹമ്മദ്, അബ്ദുൾ ഗദാഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ഹനീഫ് അദേനിയുടെ അവസാനം തിയറ്ററിലെത്തിയ ചിത്രം നിവിൻ പോളിയെ നായകനാക്കി എത്തിയ ബോസ് ആന്റ് കോ ആയിരുന്നു. ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. അതേസമയം മാളികപ്പുറമാണ് ഉണ്ണിമുകുന്ദന്റേതായി അവസാനം തിയറ്ററിലെത്തിയ ചിത്രം. വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ഗന്ധർവ്വ ജൂനിയർ, രഞ്ജിത്ത് ശങ്കറിൻറെ ജയ് ഗണേഷ്, ആർ എസ് ദുരൈ സെന്തിൽകുമാറിൻറെ സംവിധാനത്തിൽ ഒരുങ്ങുന്ന തമിഴ് ചിത്രം കരുടൻ തുടങ്ങിയവയാണ്. അണിയറയിൽ ഒരുങ്ങുന്ന ഉണ്ണിയുടെ മറ്റു പ്രൊജക്ടുകൾ.